കൊച്ചി: സോളാർ കേസിൽ സരിതാ എസ് നായരുടെ ഫോൺ ലിസ്റ്റിൽ കുടങ്ങിയ നേതാക്കൾ സോളാർ കമ്മീഷനിൽ മൊഴി നൽകൽ തുടരുകയാണ്. ആരോപണങ്ങൾ നിഷേധിക്കാൻ കഴിഞ്ഞ ദിവസം കമ്മീഷന് മുന്നിലെത്തിയത് രണ്ട് യുഡിഎഫ് നേതാക്കളാണ്. മുൻ എംഎൽഎ അബ്ദുള്ളക്കുട്ടിയും എംഎൽഎ മോൻസ് ജോസഫും. സരിതയുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഇരുവരും നിഷേധിച്ചു.

മാനഭംഗക്കുറ്റം ആരോപിച്ച് സരിത എസ്. നായർ തനിക്കെതിരേ തിരുവനന്തപുരം വനിതാ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ തിടുക്കം കാണിച്ചെന്ന് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇതിനുപിന്നിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നും സോളാർ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷനിൽ അബ്ദുള്ളക്കുട്ടി മൊഴി നൽകി. കാരണങ്ങൾ ഇല്ലാത്തതിനാലാണ് ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നത്. തന്റെ പേര് പൊലീസിനോടു പറയരുതെന്നാവശ്യപ്പെട്ട് സരിതയുടെയും അഭിഭാഷകൻ അഡ്വ. ഫെനിയുടെയും നമ്പറിലേക്ക് എസ്.എം.എസ്. അയച്ചുവെന്ന കാര്യം അബ്ദുള്ളക്കുട്ടി നിഷേധിച്ചു. സരിതയെ ഏതാനും തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്, എന്നാൽ, നേരിൽ കണ്ടിട്ടില്ലെന്നും മുൻ എംഎൽഎ വിശദീകരിച്ചു.

2014 മാർച്ച് 10 നാണ് സരിത തിരുവനന്തപുരം വനിതാപൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. ഇതുപ്രകാരം തിരുവനന്തപുരം രണ്ടാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി സരിതയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. 2011-13 കാലയളവിൽ സരിതയേയോ ബിജുവിനെയോ കണ്ടിട്ടില്ല. ചുരുക്കം ചില ഫോൺവിളികൾ സരിതയുമായി നടത്തിയിട്ടുണ്ട്. 9406666666 എന്ന തന്റെ നമ്പറിൽനിന്ന് സരിതയുടെ 8606161700 എന്ന നമ്പറിലേക്കും തിരിച്ചും 2013 മെയ്‌ 12 മുതൽ 19 വരെ എസ്.എം.എസുകളുൾപ്പെടെ 18 വിളികൾ നടത്തിയിട്ടുണ്ട്. തന്റെ നമ്പറിലേക്ക് സരിതയുടെ 9446735555 എന്ന നമ്പറിൽനിന്നും തിരിച്ചും സരിത അറസ്റ്റിലാകുന്ന 2013 ജൂൺ രണ്ടിന് അഞ്ചു വിളികൾ നടന്നിട്ടുണ്ട്. നാല് എസ്.എം.എസുകളുമുണ്ട്. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ കാണണമെന്നാവശ്യപ്പെട്ട് വിളിക്കുന്നവരെ തിരിച്ചുവിളിച്ചതാകാം ഇതെല്ലാം. തന്നെ മൂന്നുതവണ നേരിൽ കണ്ടിട്ടുണ്ടെന്ന് സരിത കമ്മിഷനിൽ നൽകിയ മൊഴി കളവാണ്.

2014 മാർച്ച് 10 നാണ് സരിത പരാതി നൽകിയത്. ഇതനുസരിച്ചു തിരുവനന്തപുരം രണ്ടാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി സരിതയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സ്‌റ്റേഷനിൽ സരിത നൽകിയ പരാതിയെക്കുറിച്ചു മാത്രമേ തനിക്കറിയൂ, കോടതി നടപടികളെക്കുറിച്ച് അറിയില്ല. തമ്പാനൂർ രവിയുടെ നിർദേശ പ്രകാരമാണു പരാതി നൽകിയതെന്ന സരിതയുടെ മൊഴി വിശ്വസിക്കുന്നില്ല. ആരോപണങ്ങളും വാർത്തകളും മാനഹാനി ഉണ്ടാക്കിയപ്പോൾ സരിതയ്‌ക്കോ മാദ്ധ്യമങ്ങൾക്കോ എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിച്ചിട്ടില്ല. സോളർ കേസിൽ പ്രത്യേക അന്വേഷണം നടക്കുന്നതിനാൽ പരാതി നൽകിയിട്ടില്ലെന്നും അബ്ദുള്ളക്കുള്ള വിശദീകരിച്ചു.

അതിനിടെ 'ഇല്ലാത്ത സിഡി തേടിപ്പോയ നാടല്ലേയിതെ' ന്ന അബ്ദുല്ലക്കുട്ടിയുടെ പ്രതികരണത്തെ കമ്മിഷൻ വിമർശിച്ചു. സിഡി പിടിച്ചെടുക്കുകയെന്നതു സർക്കാരിന്റെ ആവശ്യമായിരുന്നുവെന്നു കമ്മിഷൻ വ്യക്തമാക്കി. സർക്കാരിന് ഏതറ്റം വരെയും പോകാം. കമ്മിഷനതു സാധിക്കില്ല. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ ഭാഗമായിരുന്ന വ്യക്തിയെന്ന നിലയിൽ വേണം സംസാരിക്കാനെന്നും കമ്മിഷൻ ജസ്റ്റിസ് ജി.ശിവരാജൻ പറഞ്ഞു. ബിജു രാധാകൃഷ്ണനെ ഒരു തവണയും സരിതാ എസ്.നായരെ രണ്ടു തവണയും കണ്ടിട്ടുള്ളതായി മോൻസ് ജോസഫ് എംഎൽഎ കമ്മിഷനെ അറിയിച്ചു.

ടീം സോളർ കമ്പനി കടുത്തുരുത്തിയിൽ നടത്തിയ പരിപാടിയിലാണു ബിജുവിനെയും സരിതയെയും ആദ്യം കണ്ടത്. പിന്നീടു കടുത്തുരുത്തിയിൽ സൗരോർജ തെരുവുവിളക്കു സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ സരിതയും സംഘവും തന്നെ വന്നു കണ്ടതായും മോൻസ് ജോസഫ് മൊഴി നൽകി.