കണ്ണൂർ: തലശ്ശേരിയിൽ നിന്നാണ് സോളാർ കേസിന്റെ തുടക്കം. സോളാറിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയേയും എ ഗ്രൂപ്പിനേയും കുടുക്കാനുള്ള വകുപ്പുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് കോൺഗ്രസിലെ ഐ ഗ്രൂപ്പ് നേതാവും. താക്കോൽ സ്ഥാനത്തേക്കുള്ള യാത്രയിൽ സരിതയുടെ മൊഴിയെ കൂടെകൂട്ടാൻ ഈ നേതാവ് തീരുമാനിച്ചു. അതിവിശ്വസ്തനായ ഡിവൈഎസ്‌പിയെ ഉപയോഗിച്ച് കരുക്കൾ നീക്കി. അങ്ങനെയാണ് തലശ്ശേരിയിലെ കേസ് പെരുമ്പാവൂരിലെത്തിയത്. പിന്നെ സോളാർ ബോംബിൽ കേരളം ഞെട്ടി. സരിതാ എസ് നായർക്കും ബിജു രാധാകൃഷ്ണനും പിന്നാലെ ഓടി. എല്ലാം അന്വേഷിക്കാൻ ജസ്റ്റീസ് ശിവരാജൻ കമ്മീഷനുമെത്തി. ഒടുവിൽ ഉമ്മൻ ചാണ്ടി പ്രതിക്കൂട്ടിലുമായി. ഈ വിഷയം തുടക്കത്തിൽ സജീവ ചർച്ചയാക്കിയ് കൈരളിയും മറുനാടനും മാത്രമായിരുന്നു. പതിയെ എല്ലാവരും ഏറ്റെടുത്തു.

സോളാർ തട്ടിപ്പുകേസിൽ സരിത എസ്.നായർക്കെതിരെ അന്വേഷണത്തിനു തുടക്കമിട്ടത് തലശ്ശേരി പൊലീസ് ആയിരുന്നു. തലശ്ശേരിയിലെ അഞ്ചു ഡോക്ടർമാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. തട്ടിപ്പുനടത്തിയത് ലക്ഷ്മി നായർ എന്ന സ്ത്രീയാണെന്നായിരുന്നു പരാതിക്കാർ നൽകിയ വിവരം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുനടത്തിയത് സരിത എസ്.നായരാണെന്നു കണ്ടെത്തിയത്. അന്നത്തെ തലശ്ശേരി എസ്.ഐ. ബിജു ജോൺ ലൂക്കോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തട്ടിപ്പുകേസിൽ സരിതയെ പിടികൂടാൻ തലശ്ശേരിയിൽനിന്ന് എസ്.ഐ.യുടെ നേതൃത്വത്തിൽ വനിതാ പൊലീസ് ഉൾപ്പെട്ട സംഘം തിരുവനന്തപുരത്തേക്കു തിരിച്ചു.

അന്വേഷണസംഘം എത്തുന്നതിനു മുൻപ് സരിത രക്ഷപ്പെട്ടു. തലശ്ശേരിയിൽനിന്നുള്ള സംഘം തിരുവനന്തപുരത്തെത്തിയ ദിവസം വൈകീട്ട് സരിതയെ പെരുമ്പാവൂർ പൊലീസ് പിടികൂടി. ഇതോടെ തലശ്ശേരി പൊലീസിനോട് തലശ്ശേരിയിലേക്കു മടങ്ങാൻ നിർദ്ദേശം ലഭിച്ചു. തലശ്ശേരി പൊലീസ് സരിതയെ പിടികൂടുന്നത് ഉന്നതർ ഇടപെട്ട് ഒഴിവാക്കിയതാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിന് പിന്നിൽ ഐ ഗ്രൂപ്പിന്റെ കരങ്ങളായിരുന്നു. തലശ്ശേരിയിൽ നിന്ന് സംഘം തിരിച്ചത് ഐ ഗ്രപ്പും അറിഞ്ഞിരുന്നു. ഈ ഘട്ടത്തിൽ വരാൻ പോകുന്നത് എന്താണെന്ന് കോൺഗ്രസിലെ മറുവിഭാഗം തിരിച്ചറിഞ്ഞില്ല. പെരുമ്പാവൂരിൽ സരിതയെ കിട്ടിയതോടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയടക്കമുള്ളവരുടെ കഥകൾ പുറത്തറിഞ്ഞു. ഉമ്മൻ ചാണ്ടി വിദേശത്തായിരുന്നപ്പോൾ ടെനി ജോപ്പനെ പിടിച്ച് കഥ മാറ്റി. ഇത് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പോലും അറിയാതെ ആയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയിരുന്നു. പെരുമ്പാവൂർ ഡിവൈഎസ്‌പി ഹരികൃഷ്ണനായിരുന്നു എല്ലാ ചരടും വലിച്ചത്.

സരിത അറസ്റ്റിലായി. എല്ലാം പുറംലോകത്ത് എത്തി. ഇതോടെ ഉമ്മൻ ചാണ്ടി സർക്കാർ അങ്കലാപ്പിലുമായി. എല്ലാത്തിനും കാരണം തലശ്ശേരിയിലെ പൊലീസുകാരാണെന്ന് വിലയിരുത്തലും വന്നു. ഇതോടെ തലശ്ശേരിയിൽനിന്ന് സരിതയെ പിടികൂടാൻ പുറപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതലനടപടിയുണ്ടായി. വിവരം ചോർത്തിയെന്നാരോപിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്നു നീക്കിയപ്പോൾ മറ്റൊരു ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. എസ്.ഐ.ക്കെതിരെ നടപടിക്ക് നീക്കമുണ്ടാകുമ്പോഴേക്കും എസ്.ഐ. എൻ.ഐ.എ.യിലേക്ക് മാറി. നടപടിക്കു വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ സർക്കാർ മാറിയപ്പോൾ വീണ്ടും സർവീസിലെത്തി. എസ്.ഐ. ഇപ്പോൾ ക്രൈംബ്രാഞ്ചിലാണ്.

തലശ്ശേരിയിലെ ഡോക്ടർമാർ നൽകിയ പരാതിയിൽ തലശ്ശേരി കോടതിയിൽ നടപടി തുടരുകയാണ്. ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ കേസിന്റെ വിചാരണ നവംബർ മൂന്നിന് തുടങ്ങും. അഞ്ച് ചെക്ക് തട്ടിപ്പുകേസും മൂന്ന് പൊലീസ് കേസുമാണ് സരിതയ്ക്കും ബിജു രാധാകൃഷ്ണനുമെതിരേ തലശ്ശേരി കോടതിയിലുള്ളത്. അഞ്ച് ഡോക്ടർമാരിൽനിന്നായി രണ്ടുലക്ഷം രൂപവീതം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. പിന്നീട് ചെക്ക് നൽകിയെങ്കിലും പണമില്ലാതെ മടങ്ങി. അതിൽ ഒരുലക്ഷം രൂപവീതം തിരിച്ചുനൽകുകയുണ്ടായി. ഡോക്ടർമാരായ ശ്യാം മോഹൻ, അനൂപ് കോശി, മനോജ്കുമാർ, അഭിലാഷ് ആന്റണി, സുനിൽകുമാർ എന്നിവരെ സോളാർപാനൽ സ്ഥാപിക്കാമെന്നുപറഞ്ഞ് പണംവാങ്ങി വഞ്ചിച്ചെന്നാണ് കേസ്.

പിന്നീട് പലരും പരാതിയുമായി വന്നു. 100 ഓളം പേർക്ക് 50,000 മുതൽ 50 ലക്ഷം വരെ നഷ്ടമായെന്നാണ് പരാതി. തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ആരോപണവിധേയമായതോടെ,തട്ടിപ്പിന് രാഷ്ട്രീയ മാനങ്ങൾ ഏറി.പൊതുചടങ്ങിൽ ഉമ്മൻ ചാണ്ടിയോട് സരിത സംസാരിക്കുന്ന ചിത്രം പുറത്ത് വന്നതോടെ ആരോപണങ്ങളുടെ വീര്യമേറി.ഉമ്മൻ ചാണ്ടി പിതൃതുല്യനാണെന്ന് ആദ്യം നിലപാടെടുത്ത സരിത പിന്നീട് മലക്കം മറിഞ്ഞു. 1.9 കോടി രൂപ ഉമ്മൻ ചാണ്ടിക്ക് കോഴ നൽകിയെന്ന് സോളാർ കമ്മീഷനിൽ സരിത മൊഴി നൽകിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.അന്നത്തെ മുഖ്യമന്ത്രി മാത്രമല്ല, എംഎൽഎമാരും, ഉദ്യോഗസ്ഥരും വരെ സംശയത്തിന്റെ നിഴലിലായി. 2013 ജൂൺ 10 നാണ് സോളാർ തട്ടിപ്പ് പുറത്ത് വന്നത്. സാമ്പത്തികതട്ടിപ്പ് ലക്ഷ്യമിട്ട്, സൗരോർജ പ്ലാന്റുകളും വിൻഡ്ഫാമുകളും നൽകാമെന്നുപറഞ്ഞ് സരിതയും സംഘവും ചേർന്ന് നിരവധി വ്യക്തികളിൽനിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് അതിന്റെ കേന്ദ്രമാക്കിയതെന്നും വെളിപ്പെടുത്തൽ.

ഡൽഹിയിലെ, ഉമ്മൻ ചാണ്ടിയുടെ വലംകൈയും 'അനൗദ്യോഗിക' സെക്രട്ടറിയുമായ 'പാവം പയ്യൻ' എന്നറിയപ്പെടുന്ന തോമസ് കുരുവിളയ്ക്കും സരിതയ്ക്കും തമ്മിൽ അടുത്ത ബന്ധമെന്നും, സരിത അറസ്റ്റിലാവുംമുമ്പ് നിരവധി തവണ കുരുവിളയുമായും ഫോണിൽ സംസാരിച്ചിരുന്നുവെന്നും വാർത്തകൾ വന്നു.മുഖ്യമന്ത്രി ഡൽഹിയിലെ വിജ്ഞാനഭവനിൽവെച്ച് സരിതയെ കണ്ടു എന്ന് തോമസ് കുരുവിള വെളിപ്പെടുത്തി. ബിജു രാധാകൃഷ്ണൻ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ ഉമ്മൻ ചാണ്ടിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വിവരങ്ങളും പിന്നീട് പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളാർ കൈമാറിയ ചെക്ക് വണ്ടിച്ചെക്ക് ആയിരുന്നുവെന്നും അതിന്റെ പേരിൽ കേസെടുക്കുന്നത് ഉമ്മൻ ചാണ്ടി തന്നെയാണ് തടഞ്ഞതെന്നും ആരോപണം ഉയർന്നു.ജൂൺ 21ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും സോളാർ പദ്ധതിക്ക് സഹായം ലഭിച്ചതായി ബിജുവും സരിതയും വെളിപ്പെടുത്തി.

ജൂൺ 26ന് ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ജിക്കുമോൻ ജേക്കബ് രാജിവെച്ചു. സരിതയുമായി നൂറിലേറെ തവണ ജിക്കുമോൻ ഫോണിൽ സംസാരിച്ചിരുന്നു. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ടെന്നിജോപ്പൻ, സലിംരാജ്, ജിക്കുമോൻ ജേക്കബ്, പിആർഡി ഡയറക്ടർ എന്നിവർ പുറത്തായി.പാലക്കാട് കിൻഫ്രാ പാർക്കിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചുനൽകാനായി പത്തനംതിട്ട സ്വദേശി ശ്രീധരൻനായരുമായി സരിതയും ടെന്നിജോപ്പനും 5 കോടി രൂപയുടെ കരാറുണ്ടാക്കിയതായും അതിനായി 40 ലക്ഷം രൂപയുടെ ചെക്കുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽവെച്ച് കൈമാറിയതായും ശ്രീധരൻനായർ ജൂൺ 29 ന് വെളിപ്പെടുത്തി.സരിതയ്ക്കൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയതെന്നും ശ്രീധരൻനായർ പറഞ്ഞു.1.04 കോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് പ്രവാസി വ്യവസായി ടി.സി മാത്യൂവാണ് പരാതി ഉന്നയിച്ച മറ്റൊരു പ്രമുഖൻ. ആരോപണങ്ങൾ പുരോഗമിക്കുന്നതിനിടെ ജൂലായ് 17ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തർ രാജിവച്ചു.

2013 ജൂൺ ആദ്യവാരം സരിത എസ്. നായർ അറസ്റ്റിലായി. അട്ടക്കുളങ്ങര ജയിലിൽ വച്ച് അവർ എഴുതി കത്തിനെ കുറിച്ച് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഡി.ഐ.ജി അടക്കമുള്ളവരുടെ രഹസ്യ സന്ദർശനവും വാർത്തയായി. തന്നെ പീഡിപ്പിച്ചവരുടെ പട്ടിക ഉൾപ്പെടുന്ന കത്തായിരുന്നു അത്. 22 പേജുള്ള കത്താണിതെന്ന് ആദ്യം റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പുറത്തുവന്നത് നാലു പേജുള്ള കത്തായിരുന്നു. അട്ടക്കുളങ്ങര ജയിലിൽ വച്ച് സരിതയുടെ മൊഴിമാറ്റാനും അധികൃതർ ശ്രമം നടത്തിയെന്നും പരാതി ഉയർന്നു. അങ്ങനെ സോളാർ ആളിക്കത്തി.