തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫംഗവും സോളാർ കേസിലെ പ്രധാന പ്രതികളിലൊരാളുമായിരുന്ന ജോപ്പനെ അറസ്റ്റ് ചെയ്തത് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പോലും അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ സംഘം. സോളാർ കമ്മീഷനെതിരെ ഡിജിപിക്ക് നൽകിയ പരാതിയിലാണ് ഈ പരാമർശമുള്ളത്. അന്വേഷണത്തിൽ ഒരു തരത്തിലുമുള്ള ഇടപെടലും ഇല്ലെന്ന് വരുത്താനാണ് ഇത്. സോളാർ കേസ് അട്ടിമറിക്കാൻ പൊലീസുകാർ ശ്രമിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം പലരും പ്രതിക്കൂട്ടിലാണ്. ഇതിനിടെയാണ് ആറ് ഡി വൈ എസ് പിമാർ പരാതിയുമായി എത്തിയതെന്ന് മംഗളത്തിൽ ചീഫ് റിപ്പോർട്ടർ എസ് നാരായണൻ റിപ്പോർട്ട് ചെയ്യുന്നു.

സോളാർ കേസിനുവേണ്ട പല വിവരങ്ങളും ലഭിക്കണമെങ്കിൽ ജോപ്പനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമായിരുന്നു. പക്ഷേ രാഷ്ട്രീയ സമ്മർദ്ദം കാരണം അതു നടക്കില്ലെന്ന് അറിയാമായിരുന്നു. അങ്ങനെയാണെങ്കിൽ ആരോടും ചോദിക്കാതെ അറസ്റ്റ് ചെയ്യാനായിരുന്നു ഡി.ജി.പി: എ.ഹേമചന്ദ്രൻ നൽകിയ നിർദ്ദേശം. അങ്ങനെ ജോപ്പനെ ചെങ്ങന്നുർ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഡിവൈ.എസ്‌പി: പ്രസന്നകുമാർ അറസ്റ്റ് ചെയ്യുകയായിരുന്നു.അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി മസ്‌കറ്റിൽ പോയിരിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രിയോട് ചോദിച്ചാൽ അറസ്റ്റ് ആ സമയത്തു വേണ്ടെന്നായിരിക്കും പറയുക. അപ്പോൾതന്നെ ജോപ്പനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സോളാർ കേസ് മറ്റൊരു വഴിക്ക് നീങ്ങുമായിരുന്നുവെന്ന് തങ്ങൾക്കറിയാമായിരുന്നു. വേറെ പോംവഴിയൊന്നും കാണാതിരുന്നതുകൊണ്ട് മുഖ്യമന്ത്രി വിദേശത്താണെങ്കിൽപോലും അറസ്റ്റ് ചെയ്യേണ്ടിവന്നു.

മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന്റെ പകിട്ട് നഷ്ടപ്പെടുത്താൻവേണ്ടി ജോപ്പനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അന്ന് പല കോണുകളിൽനിന്നും വിമർശനമുയർന്നിരുന്നു. അത്തരം പ്രതിബന്ധങ്ങൾ അതിജീവിച്ചാണ് കേസന്വേഷണവുമായി തങ്ങൾ മുന്നോട്ടുപോയത്. എന്നിട്ടും ജ.ശിവരാജൻ കമ്മീഷൻ തങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിൽ വേദനയുണ്ടെന്നാണ് അന്വേഷണ സംഘാംഗങ്ങൾ പറയുന്നത്. ജോപ്പന്റെ അറസ്റ്റ് കോൺഗ്രസ് രാഷ്ട്രീയത്തിൽ പോലും ചർച്ചയായിരുന്നു. ഉമ്മൻ ചാണ്ടിയെ താറടിച്ച് കാണിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രമിച്ചുവെന്ന് എ ഗ്രൂപ്പ് പോലും ആരോപണം ഉന്നയിച്ചു.

ഇത് മൂലം തിരുവഞ്ചൂരും ഉമ്മൻ ചാണ്ടിയും അകലുകയും ചെയ്തു. തൊട്ട് പിന്നാലെ തിരുവഞ്ചൂരും വിവാദത്തിൽ കുടുങ്ങി. ബിജു രാധാകൃഷ്ണനുമായി അടുപ്പമുണ്ടെന്ന് ആരോപിക്കപ്പെട്ട ശാലു മേനോന്റെ വീട് പാലുകാച്ചിലെ കരിക്ക് കുടി ഫോട്ടോയാണ് തിരുവഞ്ചൂരിനെ വെട്ടിലാക്കിയത്. അങ്ങനെ മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയുമാക്കി. തിരുവഞ്ചൂരിന് താരതമ്യേന പകിട്ട് കുറഞ്ഞ വകുപ്പുകളാണ് പിന്നീട് കിട്ടിയത്. ഇതെല്ലാം ജോപ്പന്റെ അറസ്റ്റിനെ തുടർന്നുള്ള സംഭവവികാസങ്ങളായിരുന്നു. എ ഗ്രൂപ്പ് നേതൃത്വത്തിൽ നിന്ന് പോലും തിരുവഞ്ചൂരിന് വിട്ടു നിൽക്കേണ്ടി വരുന്നു. അങ്ങനെ കേരളം ഏറെ ചർച്ച ചെയ്ത അറസ്റ്റിലാണ് പൊലീസുകാർ തന്നെ വെളിപ്പെടുത്തൽ നടത്തുന്നത്.

സോളർ കമ്മിഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫിസിനു വീഴ്ച പറ്റിയെന്നു വിമർശനമുണ്ടെന്നാണ് സൂചന. തട്ടിപ്പുകാരായ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് ദുരുപയോഗപ്പെടുത്തി. കേസ് അന്വേഷിച്ച പ്രത്യേക സംഘത്തെയും വിമർശിച്ചിട്ടുണ്ട്. എന്നാൽ, സോളർ ഇടപാടുകൾ ഖജനാവിനു നഷ്ടമുണ്ടാക്കിയിട്ടില്ലെന്നു കമ്മിഷൻ കണ്ടെത്തിയതായാണു സൂചന. ഡിജിപി റാങ്കിലുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാമർശമുണ്ടെന്ന് അറിയുന്നു. നാലു ഭാഗങ്ങളുള്ള റിപ്പോർട്ട് ജസ്റ്റിസ് ജി.ശിവരാജൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. വിശദാംശങ്ങൾ കമ്മിഷനോ മുഖ്യമന്ത്രിയുടെ ഓഫിസോ പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് പൊലീസുകാർ പരാതിയുമായി ഡിജിപിയെ സമീപിക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തെ ഏറെ പിടിച്ചുകുലുക്കിയതാണ് സോളാർ കേസ്. സൗരോർജ പാനലുകൾ സ്ഥാപിക്കാമെന്നു പറഞ്ഞ് പണം വാങ്ങി മുഖ്യപ്രതി സരിത എസ്. നായർ പലരെയും വഞ്ചിച്ചെന്നായിരുന്നു കേസ്. പ്രമുഖരുടെ പേരുകൾ ഉയർന്നതോടെ സോളാർ മാധ്യമവാർത്തകളിൽ നിറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രക്ഷോഭം അലടിച്ചു. ക്രിമിനൽ കേസുകളിൽ പൊലീസ് അന്വേഷണം നടക്കുമ്പോൾത്തന്നെ ഉന്നതതല ഇടപെടലുകളെക്കുറിച്ചു പരിശോധിക്കാനായാണ് മുൻ െഹെക്കോടതി ജഡ്ജിയെ അന്വേഷണക്കമ്മിഷനായി നിയോഗിച്ചത്.