ബംഗളുരു: സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബംഗളുരു കോടതി. ഡിസംബർ ആറിന് ഹാജരാകണം എന്നാണ് നിർദ്ദേശം. ഉമ്മൻ ചാണ്ടിക്കെതിരായ ശിക്ഷാ വിധി നടപ്പാക്കുന്നത് ജനുവരി 26 വരെ തടഞ്ഞു. തന്റെ വാദം കൂടെ കേൾക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ വാദം കോടതി അംഗീകരിച്ചു. അതേസമയം കേസിൽ വിശദീകരണം നല്കാൻ ഉമ്മൻ ചാണ്ടി നേരിട്ട് കോടതിയിൽ ഹാജരാകേണ്ടി വരുമെന്നത് ക്ഷീണമായി.

തെളിവുനൽകാൻ ഉമ്മൻ ചാണ്ടി ഡിസംബർ ആറിന് ഹാജരാകണമെന്നും നിർദ്ദേശിച്ചു. അഡീഷനൽ സിറ്റി ആൻഡ് സെഷൻസ് ജഡ്ജി എം.ആർ.ചെന്നകേശവയാണ് വിധി പ്രസ്താവിച്ചത്. സോളർ കേസിലെ ശിക്ഷാവിധി തടയണമെന്നും തന്നെക്കൂടി ഉൾപ്പെടുത്തി വീണ്ടും വാദം കേട്ട് തീരുമാനമെടുക്കണമെന്നുമാണ് ഹർജിയിൽ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നത്.

ബെംഗളുരുവിലെ മലയാളി വ്യവസായി എം.കെ.കുരുവിളയുടെ പരാതിയിലാണ് അഡീഷനൽ സിറ്റി ആൻഡ് സെഷൻസ് കോടതി ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറുപേരെ ശിക്ഷിച്ചത്. സൗരോർജ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്തുനൽകാമെന്നു വാഗ്ദാനം ചെയ്തുകൊച്ചിയിലെ സ്വകാര്യസ്ഥാപനം മുഖേന ഒരു കോടി മുപ്പത്തഞ്ചുലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി.

കമ്പനിയെ ശുപാർശ ചെയ്തു എന്നാണ് ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണം. കുരുവിള നൽകിയ പണവും പന്ത്രണ്ടു ശതമാനം പലിശയും ചേർത്ത് ഒരു കോടി അറുപത്തൊന്നുലക്ഷം രൂപ മൂന്നുമാസത്തിനകം തിരിച്ചുനൽകണം എന്നായിരുന്നു കോടതി വിധി. ഉമ്മൻ ചാണ്ടിയുടെ ബന്ധു ആൻഡ്രൂസ്, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ബെൽജിത്ത്, ബിനു നായർ എന്നീവരെ അടക്കമാണ് കോടതി ശിക്ഷിച്ചത്. ബംഗളുരു ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. രണ്ടു മാസത്തിനുള്ളിൽ തുക കെട്ടിവയ്ക്കണം. പ്രതിഭാഗം ഹാജരാകാഞ്ഞതിനാൽ എക്‌സ്പാർട്ടിയായാണ് വിധി.

ഉമ്മൻ ചാണ്ടിയും അടുപ്പക്കാരും ചേർന്ന് ദക്ഷിണ കൊറിയയിൽനിന്ന് സോളാർ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ലിയറൻസ് സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി 1.35 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി. 4000 കോടി രൂപയുടെ പദ്ധതിയിൽ കേന്ദ്ര സർക്കാർ സബ്‌സിഡിയായി നാൽപ്പത് ശതമാനം ഇളവുചെയ്യിച്ചു നൽകാമെന്നും പ്രത്യുപകാരമായി അതിന്റെ 25%, അതായത് 1000 കോടി രൂപ, നൽകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടുവെന്നുമാണ് കുരുവിള പറയുന്നത്. പദ്ധതി നടപ്പിലായില്ലെന്നും നഷ്ടപരിഹാരം വേണമെന്നും കാട്ടി 2015 മാർച്ച് 23ന് കുരുവിള പരാതി നൽകുകയായിരുന്നു.