തിരുവനന്തപുരം: ലക്ഷ്മി നായരെന്നും ആർ.ബി. നായരെന്നും ആൾ മാറാട്ടം നടത്തി വ്യവസായിയെ ചതിച്ച് 1.05 കോടി രൂപ വഞ്ചിച്ചെടുത്ത സോളാർ തട്ടിപ്പ് കേസിൽ സരിതാ നായരും ബിജു രാധാകൃഷ്ണനും ചോദ്യം ചെയ്യലിന് ഹാജരാകാൻ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ഇരുവരും ഡിസംബർ 12 ന് കോടതി നേരിട്ട് നടത്തുന്ന ചേദ്യം ചെയ്യലിന് ഹാജരാകാനാണ് മജിസ്‌ട്രേട്ട് ടി. കെ.സുരേഷ് ഉത്തരവിട്ടത്. ഇതിലേക്കായി ബിജു രാധാകൃഷ്ണനെ 12 ന് ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി.

2013 ലാണ് കേസിനാസ്പമായ സംഭവം നടന്നത്. ടീം സോളാർ റെന്യൂവബിൾ എനർജി സൊല്യൂഷൻസ് കമ്പനിയുടെ കൊച്ചി സോണൽ ഓഫീസിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ലക്ഷ്മി നായരാണെന്നും ഡയറക്ടർ ആർ. ബി .നായരാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വ്യവസായിയായ റ്റി.സി.മാത്യുവിനെ സോളാർ പാനൽ സ്ഥാപിച്ചു നൽകാമെന്നും കാറ്റാടി യന്ത്ര വൈദ്യുതിക്കായി വിൻഡ് മിൽ സ്ഥാപിച്ചു നൽകാമെന്നും തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിലൂടെ ഒരു കോടി അഞ്ചു ലക്ഷം രൂപ വഞ്ചിച്ചെടുത്തുവെന്നാണ് കേസ്.

റ്റി.സി.മാത്യു സമർപ്പിച്ച സ്വകാര്യ അന്യായത്തിന്മേൽ കോടതി നേരിട്ടും പൊലീസ് മുഖേന നടത്തിയ അന്വേഷത്തിലൂടെയും പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തി ഇരുവർക്കുമെതിരെ കേസെടുക്കുകയായിരുന്നു. 2013 ജൂലൈ 5നാണ് കോടതി നേരിട്ട് കേസെടുത്ത് വിചാരണ നേരിടാൻ പ്രതികളോടാവശ്യപ്പെട്ടത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 406 ( ട്രസ്റ്റ് ലംഘനം), 419 (ആൾ മാറാട്ടത്തിലൂടെ ചതിക്കൽ,420 ( വഞ്ചന),468 ( വ്യാജ നിർമ്മാണം), 471 (വ്യാജ നിർമ്മിത രേഖ അസ്സൽ പോലെ ഉപയോഗിക്കൽ),34 ( കൂട്ടായ്മ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കോടതി സ്വമേധയാ കുറ്റപത്രം തയ്യാറാക്കി പ്രതികൾക്ക് മേൽ കുറ്റം ചുമത്തി വിചാരണ ചെയ്തത്. മാത്യുവിനെ പ്രതികൾ നാഗർകോവിൽ, നാദാപുരം,പാലക്കാട് എന്നിവിടങ്ങളിലെ സ്വിസ് ലോൺ തുടങ്ങിയ കമ്പനികളുടെ വിൻഡ് മിൽ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും കൊണ്ടു പോയി തെറ്റിദ്ധരിപ്പിച്ചാണ് തുക തട്ടിയെടുത്തത്.

വാദി ഭാഗത്ത് നിന്നും ഹാജരാക്കിയ വായ് മൊഴി തെളിവുകളുടെയും പ്രാമാണിക തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 പ്രകാരം വിസ്താര മധ്യേ കോടതി മുമ്പാകെ വന്ന പ്രതികളെ കേസുമായി ബന്ധിപ്പിക്കുന്ന കുറ്റപ്പെടുത്തുന്ന തെളിവുകൾ വച്ചു കൊണ്ടാണ് കോടതി ചോദ്യാവലി തയ്യാറാക്കുന്നത്.