കൊച്ചി: സോളാർ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സരിത എസ് നായർ രംഗത്ത്. ബെന്നി ബഹനാന് അഞ്ചുലക്ഷം രൂപ നൽകിയെന്നും പി സി വിഷ്ണുനാഥ് എംഎൽഎയ്ക്ക് 2 ലക്ഷം രൂപ നൽകിയെന്നും സരിത മൊഴി നൽകി.

പാർട്ടി ഫണ്ടിലേക്ക് എന്ന പേരിലാണ് ഇരുവർക്കും പണം നൽകിയത്. 2011 നവംബറിലാണ് പണം നൽകിയത്. ഇതിന് റസീപ്റ്റ് നൽകാമെന്ന പറഞ്ഞെങ്കിലും റസീപ്റ്റ് ലഭിച്ചില്ല. ബെന്നി ബഹന്നാനെ നേരത്തെ അറിയാമെന്നും സരിത പറഞ്ഞു.

രഹസ്യമായി സിറ്റിങ് നടത്തിയാൽ രഹസ്യവിവരങ്ങൾ മൊഴി നൽകാമെന്നും സരിത പറഞ്ഞു. മാനവികയാത്രക്കിടെ ഒറ്റപ്പാലത്ത് വച്ചാണ് പി.സി വിഷ്ണുനാഥിന് പണം നൽകിയത്. ഒറ്റപ്പാലത്ത് വച്ച് ഒരു ലക്ഷം രൂപ നൽകി. പിന്നീട് യാത്ര എറണാകുളത്ത് എത്തിയപ്പോൾ ഒരു ലക്ഷം രൂപ കൂടി നൽകി എന്നും സരിത പറഞ്ഞു. ഇതിനും രസീത് നൽകിയില്ല. എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ചാണ് പണം കൈമാറിയത്. നിരവധി കോൺഗ്രസ് നേതാക്കൾക്ക് ടീം സോളാർ പണം നൽകിയിട്ടുണ്ടെന്നും സരിത എസ് നായർ പറഞ്ഞു.

എന്നാൽ ഇതിന്റെയൊന്നും തെളിവുകൾ കയ്യിൽ ഇല്ല. കിട്ടുന്ന മുറയ്ക്ക് സോളർ കമ്മിഷനിൽ ഹാജരാക്കാമെന്നും സരിത പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾ രഹസ്യ സിറ്റിങ് നടത്തിയാൽ പറയാമെന്നും സരിത കമ്മിഷനിൽ അറിയിച്ചു. എന്നാൽ, ജയിലിൽ വച്ച് എഴുതിയ കത്ത് പരസ്യപ്പെടുത്തുന്നതിൽ എതിർ!പ്പുണ്ട്. മുദ്രവച്ച കവറിൽ കത്ത് കൈമാറുമോ എന്ന് സോളർ കമ്മിഷൻ ചോദിച്ചു. ഇക്കാര്യത്തിൽ അഭിഭാഷകനുമായി ആലോചിക്കണമെന്നും എന്നിട്ട് മറുപടി നൽകാമെന്നും സരിത കമ്മിഷനെ അറിയിച്ചു.

കഴിഞ്ഞ ദിവസം സരിത സോളാർ കമ്മീഷനു മുന്നിൽ വീഡിയോ-ഓഡിയോ തെളിവുകൾ അടങ്ങിയ സിഡി സമർപ്പിച്ചിരുന്നു. ബെന്നി ബെഹനാനും തമ്പാനൂർ രവിയും സലീം രാജുമായുള്ള ടെലിഫോൺ സംഭാഷണത്തിന്റെ സിഡിയും മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് തെളിവ് നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എബ്രഹാം കലമൺ സരിതയുടെ സഹായിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളുമാണ് കമ്മീഷന് കൈമാറിയത്. മുഖ്യമന്ത്രി കമ്മീഷനിൽ നൽകിയ മൊഴി കള്ളമാണെന്ന് തെളിയിക്കുന്ന മറ്റ് രേഖകളും സരിത കമ്മീഷന് നൽകിയിട്ടുണ്ട്.