കൊച്ചി: സോളാർ തട്ടിപ്പ് കേസിൽ സരിത എസ്. നായർ അറസ്റ്റിലാകുന്നതിന് രണ്ടുദിവസം മുമ്പ് ഐ.ജി പത്മകുമാറിന്റെ നമ്പറിൽനിന്ന് സരിതയുടെ ഫോണിലേക്ക് എസ്.എം.എസ് അയച്ചിരുന്നോ എന്ന വിഷയത്തിൽ സോളാർ കമീഷനിൽ ആശയക്കുഴപ്പം. കമീഷന്റെ കൈവശമുള്ള ഫോൺ കോൾ ഡീറ്റെയിൽസിൽ പത്മകുമാറിന്റെ നമ്പറിൽനിന്ന് സരിതയുടെ നമ്പറിലേക്ക് എസ്.എം.എസ് അയച്ചതായി വ്യക്തമായിരുന്നു.

എന്നാൽ, പത്മകുമാറിനെ വിസ്തരിക്കുന്നതിനിടെ കമീഷൻ അഭിഭാഷകൻ കാണിച്ച സി.ഡി.ആർ ലിസ്റ്റിൽ തീയതി രേഖപ്പെടുത്തിയതിൽ ചില അവ്യക്തതകൾ ഉള്ളതായി പത്മകുമാർ ചൂണ്ടിക്കാട്ടി. 2013 ജൂൺ ഒന്നിന് രാത്രി 11.03നാണ് എസ്.എം.എസ് അയച്ചതെന്നാണ് കമീഷന്റെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ, 2013 ജനുവരി ആറിന് അയച്ചതായാണ് കാണുന്നതെന്ന് പത്മകുമാറും വാദിച്ചു. യഥാർഥ തീയതി ഉറപ്പിക്കുന്നതിന് മൊബൈൽ ഫോൺ സർവിസ് ദാതാക്കളുടെ സഹായം തേടിയിരിക്കുകയാണ്. ഇത് ലഭിക്കുമോ എന്നതിലും വ്യക്തതയില്ല. ഇനിയും രേഖകൾ തരാനാകില്ലെന്ന് കമ്പനി വ്്യക്തമാക്കിയിട്ടുണ്ട്.

ഐ.ജി പത്മകുമാറിന്റെ നിർദേശപ്രകാരമാണ് പെരുമ്പാവൂർ ഡിവൈ.എസ്‌പി ഹരികൃഷ്ണന്റെ നേതൃത്വത്തിൽ സരിതയെ 2013 ജൂൺ നാലിന് പുലർച്ചെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച ഐഡിയയുടെ കേരള സർക്ക്ൾ ഓഫിസർ അഗസ്റ്റിനാണ് കമീഷനിൽ മൊഴിനൽകാനത്തെിയത്. 9497998992 എന്ന നമ്പറിൽനിന്ന് 2013 ജൂൺ ഒന്നിന് രാത്രി 11.03നാണ് 8606161700 എന്ന നമ്പറിലേക്ക് ഒരു എസ്.എം.എസ് പോയതെന്ന് ലോയേഴ്‌സ് യൂനിയൻ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി അഗസ്റ്റിൻ മൊഴിനൽകി.

സോളാർ തട്ടിപ്പുകേസിൽ സരിത അറസ്റ്റിലാവുന്നതിന് മുൻപ് ഐജി പത്മകുമാർ സരിതയുടെ നമ്പറിലേക്ക് രാത്രി 11.03 ന് ഒരു എസ്എംഎസ് അയച്ചുവെന്നത് വളരെ പ്രധാനമാണ്. സരിതയുടെ അറസ്റ്റ് തീയതി സംബന്ധിച്ചും കൃത്യമായ മറുപടി ബന്ധപ്പെട്ട അധികൃതർ നൽകിയിട്ടില്ല. 2013 ജൂൺ രണ്ടിന് രാത്രി ഇടപ്പഴഞ്ഞിയിലെ വീടിനടുത്ത് റോഡിൽ വച്ച് പെരുമ്പാവൂർ പൊലീസ് അവരെ അറസ്റ്റ് ചെയ്തുവെന്നാണ് തലശേരി എസ്‌ഐ ബിജു ജോൺ ലൂക്കോസിന്റെ മൊഴി. എന്നാൽ സരിതയെ മൂന്നിന് പുലർച്ചെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്‌തെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നതും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതും. എന്നാൽ മൂന്നിന് വീടിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്‌തെന്നാണ് പെരുമ്പാവൂർ ഡിവൈഎസ്‌പി കെ. ഹരികൃഷ്ണന്റെ മൊഴി.

പത്മകുമാർ 2012 ജൂൺ അഞ്ചു മുതൽ 2013 ജൂൺ ഒന്നുവരെ 281 തവണ ഫോൺ വഴി സന്ദേശങ്ങൾ അയയ്ക്കുകയും രണ്ടുതവണ ദീർഘസംഭാഷണം നടത്തുകയും ചെയ്തതായി രേഖകളുണ്ട്. ഇതിൽ 137 തവണ പത്മകുമാർ സരിതയുടെ ഫോണിലേക്കും സരിത 144 തവണ പത്മകുമാറിന്റെ ഫോണിലേക്കും എസ്എംഎസ് അയച്ചതായി ആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. ബി. രാജേന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി പത്മകുമാർ സമ്മതിച്ചിട്ടുണ്ട്. സന്ദേശങ്ങളെല്ലാം ടീം സോളാർ കമ്പനിയുടെ സ്റ്റാഫ് എന്ന് പരിചയപ്പെടുത്തിയ ലക്ഷ്മിനായർ എന്ന സ്ത്രീ കമ്പനിയുടെ പദ്ധതികളെക്കുറിച്ച് അയച്ച സന്ദേശങ്ങളാണെന്നാണ് പത്മകുമാറിന്റെ മൊഴി. 2012 ജൂൺ അഞ്ചിന് ഇരുവരും തമ്മിൽ അയച്ചത് 96 എസ്എംഎസുകളാണ്. അതേവർഷം ജൂൺ ആറിന് 65 എസ്എംഎസുകളും ജൂലൈ ആറിന് 36 എസ്എംഎസുകളും അയച്ചിട്ടുണ്ട്. 2012 ഡിസംബർ 21നാണ് തുടർച്ചയായ എസ്എംഎസുകൾ കൈമാറൽ നിലച്ചത്. എന്നാൽ പിന്നീടുള്ള എസ്എംഎസ് 2013 ജൂൺ ഒന്നിന് രാത്രി 11നാണ്. അത് പത്മകുമാർ സരിതയുടെ ഫോണിലേക്കയച്ചതാണ്.