കൊച്ചി: സോളാർ തട്ടിപ്പ് കേസുകളിലെ മുഖ്യപ്രതി സരിത എസ്. നായരുടെ മൊഴി ഇനി സോളാർ കമ്മീഷൻ രേഖപ്പെടുത്തില്ല. കമ്മീഷൻ സിറ്റിങ് നീട്ടികൊണ്ട് പോകാതിരിക്കാനാണ് ഇത്. അന്തിമ റിപ്പോർട്ട് തയ്യാറാക്കൽ നടപടിയിലേക്ക് ഉടൻ കമ്മീഷൻ കടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഇന്ന് കമ്മീഷൻ വിസ്തരിക്കുന്നുണ്ട്. ദിവസങ്ങൾക്കുള്ളിൽ എല്ലാ നടപടിയും പൂർത്തിയാക്കും.

വ്യാഴാഴ്ച സരിത എസ്. നായർ വിസ്താരത്തിന് ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇനി വിസ്തരിക്കേണ്ട എന്ന തീരുമാനം. കഴിഞ്ഞ തവണ അനുവദിച്ച അവധി അവസാനത്തേതാണെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. ഇനിയും കാത്തുനിൽക്കാൻ കഴിയില്ലെന്നും അതിനാലാണ് മൊഴിയെടുപ്പ് അവസാനിപ്പിക്കുന്നതെന്നും സോളാർ അന്വേഷണ കമ്മിഷൻ ജസ്റ്റിസ് ജി. ശിവരാജൻ വിശദമാക്കി.

മല്ലേലിൽ ശ്രീധരൻ നായരുടെ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗം ചെങ്ങന്നൂർ ഡിവൈ.എസ്‌പി. എൻ. പ്രസന്നൻ നായരെ ബുധനാഴ്ച വിസ്തരിച്ചു. 2012 ജൂലായ് ഒമ്പതിന് മല്ലേലിൽ ശ്രീധരൻ നായർ മുഖ്യമന്ത്രിയെ കണ്ടതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് ഡിവൈ.എസ്‌പി. മൊഴി നൽകി. സോളാർ കേസിൽ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഡി വൈ എസ് പിയുടെ മൊഴി.

ശ്രീധരൻ നായർ മജിസ്ട്രേട്ടിനു മുമ്പാകെ നൽകിയ മൊഴിയിൽ മുഖ്യമന്ത്രിയെ കണ്ട കാര്യം പറഞ്ഞിട്ടുണ്ട്. എന്നാൽ, മറ്റ് സാക്ഷികളുടെ മൊഴിയിലും തെളിവിൽ നിന്നുമായി ഇക്കാര്യം തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് ഡി വൈ എസ് പി വിശദീകരിച്ചത്. ഇതിൽ നിന്ന് തന്നെ വ്യക്തമായ അന്വേഷണം നടന്നില്ലെന്ന വിലയിരുത്തലാണ് ഉയരുന്നത്.

ഡിവൈഎസ്‌പി കാര്യങ്ങൾ വിശദീകരിച്ച്ത ഇങ്ങനെയാണ്- സരിത എസ്. നായർ, സലിം രാജ്, ജിക്കുമോൻ, ടെന്നി ജോപ്പൻ എന്നിവരുടെ ഫോൺ വിളികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. ഇതിൽ സലിംരാജിന്റെയും ജിക്കുമോന്റെയും മൊഴി താൻ രേഖപ്പെടുത്തി. ഇതിൽ എവിടെയും ഇവർ വിളിച്ച ഫോണുകളിൽ ഉമ്മൻ ചാണ്ടി സംസാരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ മൊഴി താനും എ.ഡി.ജി.പി.യും ചേർന്നാണ് എടുത്തത്. അതിൽ 2012 ജൂലായ് ഒമ്പതിന് ഉമ്മൻ ചാണ്ടിയെ മല്ലേലിൽ ശ്രീധരൻ നായർ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.

മജിസ്ട്രേറ്റിനു നൽകിയ മൊഴിക്കു ശേഷം ശ്രീധരൻ നായരിൽ നിന്ന് താൻ വീണ്ടും മൊഴിയെടുത്തു. 2012 ജൂലായ് ഒമ്പതിന് സരിത നായരുമൊത്ത് ഉമ്മൻ ചാണ്ടിയെ കണ്ടു എന്ന് മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ മൊഴിയെപ്പറ്റി രേഖപ്പെടുത്തിയിട്ടില്ല. ക്രിമിനൽ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടവരെയാണ് പ്രതിയായി ചേർത്തത്. അന്വേഷണം നടത്താതെ എങ്ങനെ ഇത് ബോധ്യപ്പെടുമെന്ന കമ്മിഷന്റെ ചോദ്യത്തിന് പരാതിക്കാർ പരാതി പറഞ്ഞില്ല എന്നായിരുന്നു ഡിവൈ.എസ്‌പി.യുടെ മറുപടി.