ന്യൂഡൽഹി: മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കേരളത്തിലെ മറ്റ് മുതിർന്ന നേതാക്കൾക്കും കുരുക്കായി മാറിയ സോളാർ കേസ് ദേശീയ തലത്തിൽ രാഹുൽഗാന്ധിക്കും കനത്ത തിരിച്ചടിയായി മാറുന്നു. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ അഴിമതി ആരോപണം മാത്രമല്ല, ലൈംഗിക ആരോപണവും ഉണ്ടെന്നറിഞ്ഞ് കടുത്ത നിരാശയിലാണ് രാഹുൽ ഗാന്ധി. ദേശീയ തലത്തിൽ ബിജെപിക്ക് ആയുധം കൊടുക്കുന്നതായിപ്പോയി സോളാർ കേസെന്നാണ് രാഹുൽ തന്നെ വിലയിരുത്തുന്നത്. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലക്ക വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത ഉത്കണ്ഠയാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം കേസിൽ ഉൾപ്പെട്ടതാണ് ഹൈക്കമാൻഡിനെ കുഴയ്ക്കുന്നത്. വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനമൊന്നും എടുത്തില്ല. റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ മുതിർന്ന നേതാക്കളെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ചർച്ചയിൽ ഹൈക്കമാൻഡ് പിന്തുണയൊന്നും വാഗ്ദാനം ചെയ്തില്ല. നേതാക്കൾക്ക് രാഹുൽ ഗാന്ധി വ്യക്തമായ മറുപടിയൊന്നും നൽകിയില്ലെന്നാണ് റിപ്പോർട്ട്. കേസിൽ പിന്നീട് നിലപാട് സ്വീകരിക്കാമെന്നാണ് ഹൈക്കമാൻഡ് തീരുമാനം. നേതാക്കളെ ഒരുമിച്ചിരുത്തിയും ഒറ്റയ്ക്കും രാഹുൽ ചർച്ച നടത്തി.

കേസിൽ കൂടുതൽ കൂടിയാലോചനകൾ വേണമെന്ന നിലപാടാണ് രാഹുൽ കൈക്കൊണ്ടത്. മുതിർന്ന നേതാക്കളുമായി ഇക്കാര്യം വിശദമായി ചർച്ച ചെയ്യേണ്ടതുണ്ടെന്ന് രാഹുൽ സംസ്ഥാന നേതാക്കളെ അറിയിച്ചു. അഴിമതി ആരോപണം മാത്രമല്ല, ലൈംഗിക പീഡനവും ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള എല്ലാ നേതാക്കളും നേരിടുന്നുണ്ട്. ഇതാണ് ഹൈക്കമാൻഡിന് വെല്ലുവിളി ആയിരിക്കുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസ്സൻ, വൈസ് പ്രസിഡന്റ് വിഡി സതീശൻ, മുൻ പ്രസിഡന്റ് വി എം സുധീരൻ എന്നിവരാണ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയത്. ദേശീയ തലത്തിൽ ബിജെപിക്കെതിരെ രാഹുൽ ഗാന്ധി ശക്തമായ ആക്രമണവുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് സോളാർ റിപ്പോർട്ടിലൂടെ അപ്രതീക്ഷിതമായി കോൺഗ്രസ് വെട്ടിലായത്. ഇത് വല്ലാത്ത പ്രതിസന്ധിയാണ് പാർട്ടിയിൽ സൃഷ്ടിച്ചിരിക്കുന്നത്. കോൺഗ്രസ് ഏറ്റവും ശക്തമായ സംസ്ഥാനമാണ് കേരളം. അതിനാൽത്തന്നെ വസ്തുതകൾ മനസിലാക്കാതെ സംഭവത്തിൽ ഒരു നടപടി എടുക്കുന്നത് പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യുകയുള്ളൂ.

സോളാർ അഴിമതി യുപിഎ സർക്കാരിന്റെ തുടർച്ചയാണെന്നും ഇതിൽ രാഹുൽ ഗാന്ധിക്കും പങ്കുണ്ടെന്നും ബിജെപി ദേശീയ വക്താവി ജിവിഎൽ നരസംഹി റാവു ആരോപിച്ചു. റിപ്പോർട്ട് ദേശീയതലത്തിൽ കോൺഗ്രസിനെതിരെ പ്രചരണായുധമാക്കാൻ ഒരുങ്ങുകയാണ് ബിജെപി. അമിത് ഷായുടെ മകനെതിരായ ആരോപണങ്ങളിൽ പ്രതിരോധത്തിൽ നിൽക്കവെയാണ് ബിജെപിക്ക് ഈ പടിവള്ളി കിട്ടിയിരിക്കുന്നത്.

കൂടിക്കാഴ്‌ച്ചയിൽ നേതാക്കളുടെ അഭിപ്രായങ്ങൾ രാഹുൽ കേട്ടു. എന്നാൽ, വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ രാഹുൽ തയ്യാറായില്ല.
രാഹുൽഗാന്ധി മുന്നോട്ടുവച്ച വിഷയങ്ങൾ കെപിസിസി യോഗം ചർച്ച ചെയ്യുമെന്നും ഏത് പ്രതിസന്ധിയും കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം എം.എം ഹസൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം കെപിസിസി പുനഃസംഘടനയിൽ അടക്കം കേസ് കോൺഗ്രസ് ആയുധമാക്കുമെന്ന സൂചനയുമുണ്ട്. ഈ ആശങ്ക ഉമ്മൻ ചാണ്ടി വിഭാഗത്തിനാണ് ശക്തമായുള്ളത്.

വിഷയത്തിൽ എ.കെ ആന്റണി അടക്കമുള്ളവരുടെ നിലപാട് രാഹുൽഗാന്ധി ആരായുമെന്നാണ് സൂചന. അദ്ദേഹത്തിന്റെ നിലപട് വിഷയത്തിൽ നിർണായകമാവുമെന്നും വിലയിരുത്തപ്പെടുന്നു. സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾക്ക് നടപടി നേരിടേണ്ടി വന്നാൽ അത് സംസ്ഥാനത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന വിഷയമായിരിക്കില്ലെന്ന് ഹൈക്കമാൻഡ് വിലയിരുത്തിയിരുന്നു. സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സരിത എസ് നായരുടെ കത്തിൽ പരാമർശമുള്ള 14 നേതാക്കൾക്കെതിരെ അഴിമതിക്കും ബലാത്സംഗത്തിനും കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കാനാണ് നീക്കം.