തിരുവനന്തപുരം: ചാരം മൂടിക്കിടന്ന സോളാർ കേസ് കുടത്തിൽ നിന്ന് ചാടിയ ഭൂതത്തെ പോലെ കോൺഗ്രസിലെ ഗ്രൂപ്പ് പോരിന് ഇന്ധനമായിരിക്കുകയാണ്. നാല് വർഷം മുമ്പ് യുഡിഎഫ് ഭരണത്തെ കീഴ്‌മേൽ മറിച്ച സരിത-സോളാർ ആരോപണങ്ങൾ എ-ഐ ഗ്രൂപ്പുകൾ പരസ്പരമുള്ള പോരിന് മൂർച്ചയേറിയ ആയുധമാക്കിയിരുന്നു.അടുത്ത് വരുന്ന പാർട്ടി സംഘടനാ തെരഞ്ഞെടുപ്പിലായിരിക്കും ഇത് കാര്യമായി പ്രതിഫലിക്കുക. സോളാറിന്റെ പേരിൽ വേങ്ങരയിൽ മുസ്ലിം ലീഗിന് വോട്ട് കുറഞ്ഞാൽ അതിന്റെ പേരിൽ കേൾക്കേണ്ട പഴി പാർട്ടിയെയാകെ പ്രതിസന്ധിയിലാക്കും. ഒരർഥത്തിൽ കോൺഗ്രസിനെ മാത്രമല്ല യുഡിഎഫിനെയാകെ ലക്ഷ്യമിട്ടാണ് സി.പി.എം സോളാർ കമ്മീഷൻ റിപ്പോർട്ട് വേങ്ങര തെരഞ്ഞെടുപ്പ് നാളിൽ തന്നെ പുറത്താക്കിയത്.

നിയമസഭാതെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് സ്ഥാനമാനങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് നിൽക്കുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ബലാൽസംഗക്കുറ്റം തന്നെ ഉയർന്നതോടെ എ ഗ്രൂപ്പ് ആകെ കുരുക്കിലായി.ഉമ്മൻ ചാണ്ടി മാത്രമല്ല, ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നി ബഹനാൻ, തമ്പാനൂർ രവി തുടങ്ങി എ ഗ്രൂപ്പിന്റെ നേതാക്കളെല്ലാം നിലയില്ലാകയത്തിലായി. സംഘടനാതെരഞ്ഞെടുപ്പിൽ എന്നും മുൻകൈയുണ്ടായിരുന്ന എ ഗ്രൂപ്പിന്റെ വിലപേശൽ ശേഷിയെയാണ് സോളാർ കാര്യമായി ബാധിച്ചത്. ഉമ്മൻ ചാണ്ടിയയെും അദ്ദേഹത്തിന്റെ മന:സാക്ഷിസൂക്ഷിപ്പുകാരെയും ഗ്രഹണം ബാധിച്ചതോടെ, ഉള്ളിൽ ഏറെ സന്തോഷിക്കുക രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പുമായിരിക്കും.

അടുത്ത കെ.പി.പി.സി. പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനാണു കിട്ടേണ്ടത്. ഉമ്മൻ ചാണ്ടിയുമായി ആത്മബന്ധമുള്ള ബെന്നി ബഹനാനെയാണ് എ ഗ്രൂപ്പ് ശുപാർശ ചെയ്തിരുന്നത്. സോളാർ റിപ്പോർട്ടോടെ അതിനുള്ള സാധ്യത അടഞ്ഞു. അന്വേഷണത്തിൽ അപ്രതീക്ഷിതമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂടി പെട്ടതോടെ മറ്റൊരു പ്രസിഡന്റ് സ്ഥാനാർത്ഥി കൂടി ഇല്ലാതായി.

ആഭ്യന്തര മന്ത്രിയായിരിക്കെ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് സിപിഎമ്മിനെതിരെ ഉപയോഗിച്ചതിലുള്ള പ്രതികാരമാണ് സി.പി.എം വീട്ടിയതെന്ന വിലയിരുത്തലിലാണ് തിരുവഞ്ചൂർ. ഈ അവസരത്തിൽ മൃദുപ്രതികരണങ്ങളിലൂടെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തെത്താനുള്ള ശ്രമങ്ങളിലാണ് കെ.മുരളീധരൻ. ഐ ഗ്രൂപ്പിലാണെങ്കിലും ഇരു ഗ്രൂപ്പുകളോടും മമത സൂക്ഷിക്കുന്ന മുരളിയുടെ പേര് സമവായ സ്ഥാനാർത്ഥിയായി ഉയർന്ന് വന്നാൽ അത്്ഭുതപ്പെടേണ്ടതില്ല.

സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെ കേരള നേതാക്കൾക്കുള്ള വിലപേശൽ ശേഷി കുറയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. കെപിസിസി പ്രസിഡന്റടക്കമുള്ള കാര്യങ്ങളിൽ രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനാകും ഇനി പ്രാധാന്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി ഇന്നു ഡൽഹിക്കു പോകുന്നുണ്ട്. എൽഡിഎഫിലേക്ക് കണ്ണുനട്ടിരിക്കുന്ന കെഎംമാണിക്ക് ജോസ്.കെ.മാണി ആരോപണവിധേയരുടെ പട്ടികയിൽ ഇടംപിടിച്ചത് തിരിച്ചടിയാവുകയും ചെയ്തു.

സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പാർട്ടിയെ പ്രതിരോധിക്കാൻ രമേശ് ചെന്നിത്തല മുൻപന്തിയിലുണ്ടെങ്കിലും, വേങ്ങരയിൽ മുന്നണിക്ക് തിരിച്ചടിയുണ്ടായാൽ കളം മാറും. രമേശിനെ സംരക്ഷിക്കാൻ ഐ ഗ്രൂപ്പാകെ ഒന്നിക്കുകയും ഇപ്പോഴത്തെ സമവായാന്തരീക്ഷം അട്ടിമറിക്കപ്പെടുകയും ചെയ്യും.

സരിതയുടെ കത്തിലെ ആക്ഷേപങ്ങളുടെ പേരിൽ 14 പേർക്കെതിരായുള്ള മാനഭംഗക്കേസാണ് കോൺഗ്രസിന്റെ ഉറക്കം കെടുത്തുന്നത്.. ഉമ്മൻ ചാണ്ടിയെ കൂടി ഈ ആരോപണപട്ടികയിൽ പെടുത്തിയതോടെ പിണറായിയും സിപിഎമ്മും മികച്ച രാഷ്ട്രീയ ആയുധമാണ് പുറത്തെടുത്തിരിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.ഏതായാലും സംഘടനാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെയുള്ള ഈ തിരിച്ചടി എങ്ങനെ മറികടക്കുമെന്ന് ആലോചനയിലാണ് ഗ്രൂപ്പ് ഭേദമെന്യേ കോൺഗ്രസ് നേതാക്കൾ.