കൊച്ചി: മുഖ്യമന്ത്രി കസേരയിൽ ഇരിക്കവേതന്നെ ഒരു ദിവസം മുഴുവൻ മൊഴി നൽകിയിട്ടുണ്ട് ഉമ്മൻ ചാണ്ടി. അന്ന് സോളാർ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെയെല്ലാം അദ്ദേഹം തള്ളിപ്പറഞ്ഞു. കമ്മീഷന്റെ അഭിഭാഷകർ അദ്ദേഹത്തോട് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് കമ്മീഷൻ മുമ്പാകെ മൊഴി നൽകിയവർ ഉമ്മൻ ചാണ്ടിയുടെ വാദങ്ങളെ ഖണ്ഡിച്ചു കൊണ്ടാണ് മൊഴി നൽകിയത്. ഇതോടെ മുൻ മുഖ്യമന്ത്രിയെ വീണ്ടും സോളാർ കമ്മീഷൻ വിളിച്ചു വരുത്തി മൊഴിയെടുത്തു.മുൻ ഗൺമാൻ സലിംരാജിന്റെ ഫോണിൽനിന്ന് സരിത എസ്. നായരെ വിളിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് സലിം രാജ് നല്കിയ മൊഴി തെറ്റാണെന്ന് ഉമ്മൻ ചാണ്ടി കമ്മീഷനു മൊഴി നല്കി. അ്മ്പതു വർഷത്തെ പൊതു ജീവിതത്തിനിടെ ഒരാളിൽനിന്നും കൈക്കൂലി വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 11ന് വീണ്ടും വിചാരണയ്ക്ക് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

രാവിലെ കോൺഗ്രസ് നേതാവും സോളാർ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ നേതാവുമായ ബെന്നി ബെഹനാന് ഒപ്പമാണ് ഉമ്മൻ ചാണ്ടി സോളാർ കമ്മീഷൻ മുമ്പാകെ ഹാജരായത്. മുഖ്യമന്ത്രിയായിരിക്കേ പൈലറ്റ് വാഹനങ്ങളും എസ്‌കോർട്ടും പരിവാരങ്ങളുമായി സോളാർ കമ്മീഷിന്റെ മുന്നിലെത്തിയ ഉമ്മൻ ചാണ്ടിയ്‌ക്കൊപ്പം ബെന്നി ബെഹനാൻ അല്ലാതെ മറ്റൊരുമില്ലായിരുന്നു. ആദ്യത്തെ തവണ ഉമ്മൻ ചാണ്ടിക്കായി കൊച്ചിയിൽ പ്രവർത്തിക്കുന്ന കമ്മീഷൻ തിരുവനന്തപുരത്തെത്തുകയായിരുന്നു. തൈക്കാട്ട് ഗസ്റ്റ് ഹൗസിൽ 14 മണിക്കൂറാണ് അന്ന് ഉമ്മൻ ചാണ്ടിയിൽനിന്ന് മൊഴിയെടുത്തത്.

കൊച്ചിയിലെ ആസൂത്രണബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സോളാർ കമ്മീഷൻ ഓഫീസിൽ രാവിലെ 11നാണ് വിസ്താരം ആരംഭിക്കുന്നതെങ്കിലും മുക്കാൽ മണിക്കൂർ മുമ്പേ ഉമ്മൻ ചാണ്ടി എത്തി. മാദ്ധ്യമപ്രവർത്തകർ ചുറ്റും കൂടിയെങ്കിലും അദ്ദേഹം കൃത്യമായ മറുപടി നൽകാൻ കൂട്ടാക്കിയില്ല. പാർട്ടി നേതൃത്വവുമായി നിസ്സഹകരണം തുടരുകയാണോ എന്ന ചോദ്യത്തിന് അങ്ങനെയല്ലെന്ന് മറുപടി നൽകി. ഇതിന് ശേഷമാണ്, സോളാർ കമ്മീഷൻ മുമ്പാകെ മൊഴി നൽകാൻ എത്തിയത്.

11 മണിയോടെ വിസ്താരം ആരംഭിച്ചു. സോളാർ കേസിൽ കക്ഷി ചേർന്ന ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന് വേണ്ടി ബി. രാജേന്ദ്രനാണ് ഉമ്മൻ ചാണ്ടിയെ വിസ്തരിച്ചു തുടങ്ങിയത്. 399 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും 887 രേഖകൾ അടയാളപ്പെടുത്തുകയും ചെയ്ത കമ്മീഷനിലെ നടപടികളെക്കുറിച്ചും ഉയർന്ന ആരോപണങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ടോയെന്ന ആദ്യ ചോദ്യത്തിന് പരമാവധി കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നായിരുന്നു മുൻ മുഖ്യമന്ത്രിയുടെ മറുപടി. പുറത്തുവന്ന ഭൂരിഭാഗം കാര്യങ്ങളും ആരോപണങ്ങളും തെറ്റാണെന്ന് നിയമപരമായും പൊതുജനമധ്യത്തിലും ബോധ്യമായിട്ടുണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിശദീകരണം.

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ തെളിവുനശിപ്പിക്കാൻ ബോധപൂർവ്വം നശിപ്പിച്ചുവെന്ന ആരോപണവും വിദഗ്ധപരിശോധനയിൽ തെറ്റാണെന്ന് തെളിഞ്ഞുവെന്നും ഉമ്മൻ ചാണ്ടി കമ്മീഷന് മുമ്പാകെ പറഞ്ഞു. ഔദ്യോഗിക വസതിയിലും സെക്രട്ടറിയേറ്റിലും സോളാർ പാനൽ സ്ഥാപിച്ചത് സർക്കാർ സ്ഥാപനങ്ങളായ അനേർട്ടും സിഡിറ്റുമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

സോളാർ കേസ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടി ക്രമങ്ങളിലൊന്നും ഇടപെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥർക്ക് തന്റെ സർക്കാർ പൂർണ സ്വാതന്ത്ര്യം കൊടുത്തുവെന്നും ഉമ്മൻ ചാണ്ടി ആവർത്തിച്ചു. പേഴ്സണൽ സ്റ്റാഫുകളെ പൂർണമായും തള്ളാതെയും സ്വന്തം നില സംരക്ഷിച്ചുമായിരുന്നു ഫോൺസംഭാഷണത്തെ കുറിച്ചുള്ള ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. സരിതയുടെ അഭിഭാഷകൻ ഫെന്നി ബാലകൃഷ്ണന്റെ നമ്പറിൽ നിന്നും ഉമ്മൻ ചാണ്ടി ഉപയോഗിച്ച ഫോണിലേക്ക് നാലു തവണ കോളുകൾ വന്നിരുന്നല്ലോ എന്ന ചോദ്യത്തിന് കോൺഫറൻസിലും ഓഫീസിലും മറ്റ് ജോലികളിലുമാകുമ്പോൾ ഫോൺ കൈവശമുണ്ടാകാറില്ലെന്നും താനിന്നുവരെ അത്തരത്തിൽ ഫെന്നി ബാലകൃഷ്ണന്റെ ഫോൺകോളുകൾ എടുത്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി മറുപടി നല്കി.

ബെന്നി ബെഹനാൻ, തമ്പാനൂർ രവി തുടങ്ങിയ മുൻ എംഎൽഎമാരും പൊളിറ്റിക്കൽ സെക്രട്ടറി വാസുദേവ ശർമ്മയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പനും, ജിക്കുമോൻ ജേക്കബും സലീംരാജും തട്ടിപ്പുകാരിയെന്ന് ആരോപിക്കപ്പെടുന്ന സരിതയെ ഫോൺ വിളിച്ചിരുന്നത് ശരിയായിരുന്നോ എന്ന ചോദ്യത്തിന് 'ഫോൺ വിളിച്ചതുകൊണ്ട് കുറ്റക്കാരാവണമെന്നില്ല' എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. ഇവരുടെ ഫോൺ സംഭാഷണങ്ങളുടെ രേഖ കമ്മീഷന്റെ പക്കലുണ്ടെന്നും ജയിലിലായിരുന്ന സരിത ജാമ്യം കിട്ടി പുറത്തുവന്നപ്പോഴും ഇവർ മിനിട്ടുകളോളം ഫോൺ സംഭാഷണം നടത്തിയിരുന്നെന്നും ചൂണ്ടിക്കാട്ടിയപ്പോൾ സാഹചര്യത്തിനനുസരിച്ച് മിതത്വം പാലിക്കേണ്ടിയിരുന്നുവെന്നു പറഞ്ഞ് ഉമ്മൻ ചാണ്ടി മറുപടി അവസാനിപ്പിച്ചു.

ഓഡിയോ സംഭാഷണം അടക്കം വിവരം പുറത്തുവന്നപ്പോൾ ഇവരോട് സരിതയെ വിളിച്ചിരുന്നോ എന്ന് അന്വേഷിച്ചിരുന്നോ എന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജി. ശിവരാജൻ ചോദിച്ചപ്പോൾ ഇല്ല, അന്വേഷിച്ചില്ലെന്നായിരുന്നു മുന്മുഖ്യമന്ത്രിയുടെ മറുപടി.

മാറിയ സാഹചര്യത്തിലും താൻ നിയോഗിച്ച അന്വേഷണസംഘത്തെ കുറിച്ച് ഉമ്മൻ ചാണ്ടിക്ക് മതിപ്പാണ്. പുതിയ സർക്കാർ അധികാരത്തിൽ വന്ന് 7 മാസം പിന്നിട്ടിട്ടും അന്വേഷണസംഘത്തെ കുറിച്ച് മോശം അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെന്നും കമ്മീഷന് മുമ്പാകെ ഉമ്മൻ ചാണ്ടി ചൂണ്ടികാണിച്ചു. എന്നാൽ അത് ഇപ്പോൾ പറയുന്നത് ശരിയല്ലെന്നും കുറച്ച് നാൾ മുമ്പ് സരിത മുൻ പ്രതിപക്ഷ നേതാവിനും മറ്റും നൽകിയ ഒരു പരാതിയിൽ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചുണ്ടെന്നാണ് വാർത്തകളിലൂടെ വ്യക്തമാകുന്നതെന്നും സോളാർ കമ്മീഷൻ അധ്യക്ഷൻ ചൂണ്ടികാണിച്ചു.

മുൻഗൺമാൻ സലിംരാജിന്റെ ഫോണിൽനിന്ന് താൻ സരിത എസ്. നായരെ വിളിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി മൊഴി നല്കി. സലിം രാജിന്റെ ഡ്യൂട്ടി സമയവും ഫോൺ രേഖകളും പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സലിംരാജിന്റെ ആരോപണങ്ങളെല്ലാം സോളാർ കമ്മീഷൻ അഭിഭാഷകരുടെ ചോദ്യങ്ങൾ തള്ളിക്കൊണ്ട് അദ്ദേഹം നിഷേധിച്ചു. അടുത്ത വിചാരണയ്ക്കായി ഫെബ്രുവരി 11ന് ഹാജരാകണമെന്നാണ് ഉമ്മൻ ചാണ്ടിക്ക് കമ്മീഷൻ നിർദ്ദേശം നല്കിയിരിക്കുന്നത്.

തനിക്ക് സരിതയെ പരിചയമില്ലെന്നും ഒരു ഘട്ടത്തിൽപ്പോലും അവരുമായി സംസാരിച്ചിട്ടില്ലെന്നുമാണ് തിരുവനന്തപുരത്തു നടന്ന ആദ്യ വിചാരണയിൽ ഉമ്മൻ ചാണ്ടി ആദ്യം കമ്മീഷനെ അറിയിച്ചത്. എന്നാൽ എന്നാൽ അദ്ദേഹത്തിന്റെ ഗൺമാനായിരുന്ന സലിം രാജ് ഉമ്മൻ ചാണ്ടി തന്റെ ഫോണിൽനിന്ന് സരിതയെ വിളിച്ചിട്ടുണ്ടെന്നു ഡിസംബർ 14നു കമ്മീഷനിൽ മൊഴി നൽകി.

സരിത തന്നെ വിളിച്ചതിൽ ഭൂരിപക്ഷവും ഉമ്മൻ ചാണ്ടിയെ ചോദിച്ചുകൊണ്ടുള്ള ഫോൺകോളുകളായിരുന്നെന്നും യോഗങ്ങളിലോ, ചർച്ചകളിലോ ആയിരുന്നതിനാൽ എല്ലാ കോളും ഉമ്മൻ ചാണ്ടിക്കു കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും സലിം രാജ് കമ്മീഷനു മുന്നിൽ പറഞ്ഞു. ഉമ്മൻ ചാണ്ടി തന്റെ ഫോണിൽനിന്നു സരിതയെയും വിളിച്ചു സംസാരിച്ചിട്ടുണ്ടെന്നും സലിം രാജ് അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു സരിത വിളിച്ച കോളുകളൊന്നും താൻ മുഖ്യമന്ത്രിക്കു കൈമാറിയിട്ടില്ല. ക്ലിഫ് ഹൗസിലെ ഫോണിൽ സരിത തന്നെയും താൻ സരിതയെയും വിളിച്ചിട്ടുണ്ട്.

ഇതുവരെ ആരും ചോദിക്കാത്തതിനാലാണ് ഇതു പറയാതിരുന്നതെന്നും ഔദ്യോഗികമായി ഡിജിപി സെൻകുമാർ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും സലിംരാജ് കമ്മീഷനു മുന്നിൽ വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന എഡിജിപി എ.ഹേമചന്ദ്രനോടും മുൻ ഡിജിപി ടി.പി സെൻകുമാറിനോടും പറഞ്ഞിരുന്നു.എന്നാൽ അവർ ഇതൊന്നും ഗൗനിച്ചില്ലെന്നും സലിംരാജ് പറഞ്ഞിരുന്നു. തന്റെ മൊഴിയായി താൻ പറഞ്ഞ കാര്യങ്ങളൊന്നും അല്ല അവർ ഉൾപ്പെടുത്തിയതെന്നും ഫോൺ വിളിയെക്കുറിച്ച് അവരൊന്നും തന്നോട് ചോദിച്ചില്ലെന്നും സലിംരാജ് കമ്മീഷനിൽ വ്യക്തമാക്കിയിരുന്നു.

സോളാർ ആരോപണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ ആറുമാസക്കാലാവധി നല്കിയാണ് ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് സർക്കാർ ജസ്റ്റിസ് ജി. ശിവരാജൻ അധ്യക്ഷനായി സോളാർ കമ്മീഷൻ രൂപീകരിച്ചത്. കമ്മീഷൻ മൂന്നുവർഷമായി പ്രവർത്തനം തുടരുകയുമാണ്.