കൊച്ചി: മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു ദിവസം 60 ഒപ്പിട്ടിരുന്നുവെന്ന ഉമ്മൻ ചാണ്ടിയുടെ വാദത്തെ പരിഹസിച്ചു സോളാർ കമ്മീഷൻ. സോളാർ വിസ്താരത്തിനിടെയാണ് മുൻ മുഖ്യമന്ത്രിയുടെ വാദത്തെ കമ്മീഷൻ പരിഹസിച്ചത്.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 1000ത്തോളം പേരെ വരെ കാണാറുണ്ടായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വരുന്നവരുടെ നിവേദനങ്ങൾ വാങ്ങി ആവശ്യങ്ങൾ കേട്ട് അപ്പോൾ തന്നെ നിർദ്ദേശങ്ങൾ നൽകുന്ന ശൈലിയായിരുന്നു തന്റേതെന്നും സോളാർ കമ്മീഷന്റെ സിറ്റിങ്ങിൽ ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ അഭിഭാഷകനായ അഡ്വ. ബി രാജേന്ദ്രന്റെ ചോദ്യത്തിനാണ് ഉമ്മൻ ചാണ്ടി മറുപടി നൽകിയത്.

ആ വരുന്നവർ ആരാണെന്നോ എന്താണെന്നോ നോക്കുന്നതിന് സമയമോ സാഹചര്യമോ ഉണ്ടായിരുന്നില്ല. ഒരു ദിവസം 500 ഒപ്പുകൾ വരെ ഇടേണ്ടതായി വന്നിരുന്നു. ജനസമ്പർക്ക പരിപാടികളിൽ 2000 മുതൽ 5000 വരെ പരാതികളിൽ ഒപ്പിട്ടു കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ഒരു മിനിറ്റിൽ 60 ഒപ്പുകൾ വരെ ഇടാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമർശം വന്നപ്പോഴാണ് അപ്പോൾ പരാതികളൊന്നും വായിച്ചുനോക്കാതെയാണോ ഒപ്പിട്ടതെന്ന കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശിവരാജന്റെ പരിഹാസം വന്നത്.

സരിത എസ് നായരും ബിജു രാധാകൃഷ്ണനും രണ്ട് തവണ വന്ന് കണ്ടിരുന്നു എന്നതും ശരിയാണ്. 2011ൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് ടീം സോളാർ നൽകിയിരുന്നു എന്നതും ശരിയാണ്. ക്രഷർ യൂണിറ്റിന്റെ ആവശ്യത്തിനായി മല്ലേലിൽ ശ്രീധരൻ നായർ തന്നെ ഒരു തവണ മാത്രമെ തന്നെ വന്നു കണ്ടിട്ടുള്ളൂ. ഇക്കാര്യങ്ങൾ എല്ലാം നിയമസഭയിൽ ഒമ്പതു പ്രാവശ്യവും മാദ്ധ്യമങ്ങൾക്ക് മുമ്പിൽ പല തവണയും താൻ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ കടപ്ലാമറ്റത്തെ ചടങ്ങിൽവച്ച് സ്റ്റേജിലെത്തി സോളാർ കേസിലെ പ്രതി സരിത എസ് നായർ തനിക്ക് നിവേദനം തരുന്ന ഫോട്ടോ ശരിയായിട്ടുള്ളതാണെന്നും ഉമ്മൻ ചാണ്ടി സിറ്റിങ്ങിൽ സമ്മതിച്ചു.