കൊച്ചി: വേണ്ടിവന്നാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വീണ്ടും വിസ്തരിക്കുമെന്ന് സോളാർ കമ്മീഷൻ. തെറ്റായ മൊഴി നൽകിയതിന് വിശദീകരണം തേടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സോളാർ കമ്മിഷൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു.

ഡൽഹി വിജ്ഞാൻ ഭവനിൽ സരിത എസ് നായരുമായി നടത്തിയ കൂടിക്കാഴ്ച, സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് സോളാർ കമ്മിഷന് തെറ്റായ മൊഴി നൽകിയെന്നാണ് ഉമ്മൻ ചാണ്ടിക്കെതിരായ പരാതി.

സോളാർ കമ്മിഷനിൽ കഴിഞ്ഞ ജനുവരി 25ന് 14 മണിക്കൂർ നേരം ഉമ്മൻ ചാണ്ടി മൊഴി നൽകിയിരുന്നു. വാസ്തവവിരുദ്ധമായാണു മുഖ്യമന്ത്രി മൊഴി നൽകിയതെന്നും അതിനാൽ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയനാണു സോളാർ കമ്മീഷനെ സമീപിച്ചത്. സാക്ഷി വിസ്താരം പൂർത്തിയാകുന്ന ഘട്ടത്തിൽ ഇക്കാര്യം തീരുമാനിക്കും.

2012 ഡിസംബർ 29നാണ് താൻ ഡൽഹി വിജ്ഞാൻഭവനിൽ പോയതെന്നാണ് മുഖ്യമന്ത്രി നിയമസഭയിലും മാദ്ധ്യമങ്ങളോടും പറഞ്ഞിരുന്നത്. എന്നാൽ വിസ്താരവേളയിൽ ഡിസംബർ 27 നാണ് ഡൽഹി യാത്ര നടത്തിയതെന്ന് തിരുത്തി. 27ന് തന്നെയാണ് മുഖ്യമന്ത്രിയെ താൻ ഡൽഹിയിൽ കണ്ടതെന്ന് സരിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനുമായി ബന്ധമില്ലെന്നും താൻ ഫെനിയെ കണ്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി മൊഴി നൽകിയിരുന്നു. എന്നാൽ ഫെനിയും മുഖ്യമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിന്റെ കോൾ ഡീറ്റെയിൽസ് പുറത്തുവന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത്സർക്കാരിനെ അപകീർത്തിപ്പെടുത്താൻ സരിത ഗൂഢാലോചന നടത്തുന്നു എന്ന് പറയാൻ താൻ മുഖ്യമന്ത്രിയെ വിളിച്ചിരുന്നുവെന്നാണ് ഫെനി നൽകിയ വിശദീകരണം. ഈ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഉയർന്നത്. സോളാർ സാമ്പത്തിക തട്ടിപ്പ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ അംഗവും പെരുമ്പാവൂർ ഡിവൈഎസ്‌പിയുമായിരുന്ന ഹരികൃഷ്ണനെ ഇന്നു വിസ്തരിച്ചു.