ബംഗളൂരു : സോളാർ തട്ടിപ്പ് കേസിൽ 1.61 കോടി പിഴയടയ്ക്കണമെന്ന കോടതിവിധി സ്റ്റേചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ രണ്ടാമത്തെ ഹർജിയും കോടതി തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കടുത്ത തിരിച്ചടിയാകും. ഈ കോടതി നടപടികൾ സോളാർ കമ്മീഷനേയും സ്വാധീനിക്കും. അങ്ങനെ വന്നാൽ സരിതാ എസ് നായരുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ കമ്മീഷൻ നിരീക്ഷണങ്ങൾ ഉമ്മൻ ചാണ്ടിക്ക് രാഷ്ട്രീയ തിരിച്ചടിയുമാകും. ഇത് കോൺഗ്രസിലെ എ ഗ്രൂപ്പിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

സോളാർ തട്ടിപ്പ് കേസിൽ 1.61 കോടി പിഴയടയ്ക്കണമെന്ന ശിക്ഷവിധിച്ച ബംഗളൂരു ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് സ്റ്റേ ആവശ്യവും തള്ളിയത്. തെളിവു നൽകാൻ ഡിസംബർ പതിമൂന്നിന് ഉമ്മൻ ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് നവംബർ നാലിന് ഉമ്മൻ ചാണ്ടി നൽകിയ അപേക്ഷ തള്ളിയിരുന്നു. രണ്ടാമതും അപേക്ഷ തള്ളിയത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. എന്നാൽ ഹൈക്കോടതിയും അപേക്ഷ തള്ളിയാൽ അതുണ്ടാക്കുവുന്ന പ്രശ്‌നങ്ങൾ ഗുരുതരമായിരിക്കുമെന്നും കോൺഗ്രസിലെ എ ഗ്രൂപ്പ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ കരുതലോടെ മാത്രമേ ഉമ്മൻ ചാണ്ടി തീരുമാനം എടുക്കൂ.

മുഖ്യമന്ത്രിയായിരിക്കെ സോളാർ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതിയും സബ്‌സിഡിയും നൽകാമെന്ന് വാഗ്ദാനംചെയ്ത് ബംഗളൂരു വ്യവസായി എം കെ കുരുവിളയിൽനിന്ന് പണംതട്ടിയ കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറു പ്രതികളെ ഒക്ടോബർ 24നാണ് കോടതി ശിക്ഷിച്ചത്. 1.61 കോടി രൂപ 12 ശതമാനം പലിശയും കോടതിച്ചെലവും ചേർത്ത് മൂന്നു മാസത്തിനുള്ളിൽ നൽകണമെന്നായിരുന്നു വിധി. ശിക്ഷ നടപ്പാക്കുന്നതിന് ജനുവരി 24 വരെ സമയമുള്ളപ്പോൾ വിധി സ്റ്റേചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടിക്കായി കർണാടക ഹൈക്കോടതി സീനിയർ അഭിഭാഷകൻ ജി കൃഷ്ണമൂർത്തി ഹാജരായി. എം കെ കുരുവിളയ്ക്കു വേണ്ടി അഡ്വ. ബി എൻ ജയദേവ ഹാജരായി.

തന്റെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് നവംബർ നാലിന് ഉമ്മൻ ചാണ്ടി വസ്തുതാപത്രിക സമർപ്പിച്ചിരുന്നു. കോടതിവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഇതോടൊപ്പം ഉന്നയിച്ചു. സ്റ്റേ ആവശ്യം അന്നുതന്നെ തള്ളിയ കോടതി ഉമ്മൻ ചാണ്ടിയുടെ വാദം കേൾക്കുന്നതു സംബന്ധിച്ച് കുരുവിളയ്ക്ക് തർക്കം ഫയൽചെയ്യുന്നതിന് നവംബർ 14 വരെ സമയം അനുവദിച്ചു. അന്ന് കുരുവിള തന്റെ വാദം കോടതിയെ അറിയിച്ചു. ഈ സമയത്താണ് വിധി സ്റ്റേചെയ്യണമെന്ന ആവശ്യം ഒരിക്കൽകൂടി ഉമ്മൻ ചാണ്ടി ഉന്നയിച്ചത്.

ബംഗളൂരുവിലെ വ്യവസായിയും മലയാളിയുമായ എം.കെ. കുരുവിളയുടെ ഹരജിയിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറു പ്രതികൾ 1.6 കോടി രൂപ നൽകണമെന്ന് ഒക്ടോബർ 24ന് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടി സമർപ്പിച്ച അപ്പീലിലാണ് ഇന്ന് വിധി പുറപ്പെടുവിക്കുക. സോളാർപാനലിന് സാങ്കേതിക വിദ്യയും സബ്‌സിഡിയും വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കിയെന്ന എം.കെ. കുരുവിളയുടെ പരാതി. പ്രതികളായ ആറു പേരും ചേർന്ന് 1.6 കോടി ആറു മാസത്തിനകം പരാതിക്കാരന് നൽകണമെന്നാണ് ബംഗളൂരു കോടതി വിധിച്ചത്.

എറണാകുളം കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോസ എജുക്കേഷൻ കൺസൽട്ടന്റ്‌സ് എന്ന കമ്പനിയാണ് ഒന്നാം പ്രതി. കമ്പനി എം.ഡി ബിനു നായർ രണ്ടും ഡയറക്ടർ ആൻഡ്രൂസ് മൂന്നും യൂത്ത് കോൺഗ്രസ് നേതാവ് ദിൽജിത്ത് നാലും സോസ കൺസൽട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് ആറും പ്രതികളാണ്.