തിരുവനന്തപുരം: സോളാർ കേസ് അന്വേഷിച്ച ജസ്റ്റീസ് ജി.ശിവരാമൻ കമ്മീഷന്റെ റിപ്പോർട്ടിൽ കേരളം ഞെട്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ തുടങ്ങി പ്രമുഖ കോൺഗ്രസ് നേതാക്കൾക്കെതിരേ എല്ലാം റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്. മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, മുൻ എംഎൽഎ പി.സി.വിഷ്ണുനാഥ്, ഹൈബി ഈഡൻ എംഎൽഎ, ജോസ് കെ.മാണി എംപി, കോൺഗ്രസ് നേതാക്കളായ, എൻ.സുബ്രഹ്മണ്യം, തമ്പാനൂർ രവി, ബെന്നി ബെഹനാൻ തുടങ്ങിയവരാണ് കമ്മീഷൻ അന്വേഷണത്തിലെ കുറ്റാരോപിതർ. 1078 പേജുള്ള ശിവരാജൻ കമ്മീഷന്റെ കണ്ടെത്തലുകളാണ് സർക്കാർ ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വച്ചത്.

വോളിയം 1- വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വോളിയം 2- വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വോളിയം 3- വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലൈംഗിക പീഡനം ഉൾപ്പടെ നിരവധി കുറ്റങ്ങളാണ് നേതാക്കൾക്കെതിരേ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. ക്ലിഫ് ഹൗസിൽ വച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലൈംഗികമായി സരിതയെ ഉപയോഗിച്ചുവെന്നാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തൽ. സരിതയുടെ കന്പനിയായ ടീം സോളാറിൽ നിന്നും ഉമ്മൻ ചാണ്ടി രണ്ടു കോടിയിലധികം രൂപ കൈക്കൂലി വാങ്ങിയെന്നും കമ്മീഷൻ പറയുന്നു. സരിതയുമായി ഉമ്മൻ ചാണ്ടിക്ക് 2011 മുതൽ പരിചയമുണ്ടെന്നും അവരുടെ ക്രിമിനൽ പശ്ചാത്തലം അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നുമാണ് കമ്മീഷൻ കണ്ടെത്തൽ. അതുകൊണ്ട് തന്നെ കേരളം ഈ റിപ്പോർട്ട് ചർച്ചയാക്കുകയാണ്.

കേസിൽ ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രമിച്ചുവെന്നാണ് കമ്മീഷന്റെ മറ്റൊരു കണ്ടെത്തൽ. തിരുവഞ്ചൂരിനെതിരേ ഉയർന്ന മറ്റ് ആരോപണങ്ങൾക്ക് തെളിവില്ലെന്നും കമ്മീഷൻ വ്യക്തമാക്കുന്നു. ഉമ്മൻ ചാണ്ടിക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. ക്ലിഫ് ഹൗസിലെ ഫോണിലേക്ക് സരിത വിളിച്ചതിന്റെ തെളിവുകൾ കമ്മീഷൻ റിപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്. ഫോൺവിളി രേഖകൾ സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടന്നിട്ടില്ലെന്നും യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ വീഴ്ച പ്രത്യേകം പരിശോധിക്കണമെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

മുൻ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ എന്നിവർ സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്നും കമ്മീഷൻ പറയുന്നു. അനിൽകുമാർ കൊച്ചിയിലെ ഹോട്ടലുകളിൽ വച്ച് പല തവണ പീഡിപ്പിക്കുകയും ഏഴ് ലക്ഷം രൂപ തന്റെ പേഴ്‌സണൽ സ്റ്റാഫ് വഴി വാങ്ങിയെടുക്കുകയും ചെയ്തു. ആര്യാടൻ മുഹമ്മദും ഒന്നിലധികം തവണ സരിതയെ പീഡിപ്പിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി ലഭിച്ചിട്ടുണ്ട്. സരിതയിൽ നിന്നും 25 ലക്ഷം രൂപ ആര്യാടൻ വാങ്ങിയെന്നും റിപ്പോർട്ട് പറയുന്നു. അടൂർ പ്രകാശ് ബംഗളൂരുവിലെ ഹോട്ടലിൽ വച്ചാണ് സരിതയെ പീഡിപ്പിച്ചത്.