കൊച്ചി: മന്ത്രിമാരായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും ആര്യാടൻ മുഹമ്മദിനുമൊപ്പം സരിത എസ്.നായരും ഉണ്ടായിരുന്നതായി സോളാർ കമ്മീഷന് മുന്നിൽ മൊഴി. കോട്ടയം കോടിമതയിലെ ഓഡിറ്റോറിയത്തിൽ 2012 മെയ്‌ ആറിനു നടന്ന കെഎസ്ഇബി എൻജിനീയേഴ്‌സ് അസോസിയേഷന്റെ വാർഷികാഘോഷച്ചടങ്ങിന്റെ ഉദ്ഘാടന വേദിയിൽ അന്നത്തെ മന്ത്രമാർക്കൊപ്പം സരിത പങ്കെടുത്തുവെന്നാണ് വെളിപ്പെടുത്തൽ. കെഎസ്ഇബി എൻജിനീയേഴ്‌സ് അസോസിയേഷന്റെ മുൻ ജനറൽ സെക്രട്ടറി എൻ.ഡി.ജോബ് ആണ് ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷൻ മുൻപാകെ മൊഴി നൽകിയത്.

മന്ത്രിമാർക്കും മറ്റു വ്യക്തികൾക്കുമൊപ്പം സരിതയും വേദിയിൽ ഉണ്ടായിരുന്നതായി അന്നു പരിപാടിയിൽ പങ്കെടുത്ത നിലവിലെ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാജികുമാറും മൊഴി നൽകി. സെമിനാറിൽ വിഷയാവതരണം നടത്തിയവരെയെല്ലാം വേദിയിൽ ഇരുത്തിയിരുന്നെന്നും മന്ത്രിമാരാരും സരിതയുമായി സംസാരിക്കുന്നത് തന്റെ ശ്രദ്ധയിൽപെട്ടില്ലെന്നും ജോബ് പറഞ്ഞു. ടീം സോളർ കമ്പനി ഒരു വിഷയാവതരണം നടത്തുന്നുണ്ടായിരുന്നതിനാലാണു സരിതയെയും വേദിയിൽ ഇരുത്തിയത്. എങ്ങനെയാണ് സരിത വേദിയിലെത്തിയതെന്നും വിശദീകരിച്ചു.

ടീം സോളർ കമ്പനിക്കു സെമിനാറിൽ സംസാരിക്കാൻ അവസരം നൽകണമെന്ന് അസോസിയേഷനോട് നിർദ്ദേശിച്ചത് വൈദ്യുതി ബോർഡിലെ ഡപ്യൂട്ടി ചീഫ് എൻജിനീയർ ആയി വിരമിച്ച സി.പി.തോമസ് ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവർക്കു സെമിനാറിനു ശേഷം സംസാരിക്കാൻ അവസരം നൽകുകയായിരുന്നു. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞയുടൻ സരിത പുറത്തേക്കു പോയി. കമ്പനിക്കു വേണ്ടി സോളർ പവർ സൊലൂഷൻസ് ഇൻ കേരള എന്ന വിഷയത്തിൽ സംസാരിച്ചതു മറ്റൊരാളാണ്. കെഎസ്ഇബി എൻജിനീയേഴ്‌സ് അസോസിയേഷൻ നേരത്തെ കമ്മിഷനിൽ ഹാജരാക്കിയ സിഡിയിലെ ദൃശ്യങ്ങൾ കമ്മിഷൻ അഭിഭാഷകൻ സി.ഹരികുമാർ മുൻ ജനറൽ സെക്രട്ടറിയെ കാണിച്ചു.

കേരള പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹി സി.ആർ.ബിജുവിനെയും കമ്മിഷൻ വിസ്തരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.ആർ.അജിത്തിന് 20 ലക്ഷം രൂപ കൈമാറിയെന്ന സരിതയുടെ ആരോപണത്തിനു പിന്നിൽ സി.ആർ.ബിജു ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയതായി അജിത് ആരോപിച്ചിരുന്നു. അജിത് പണം വാങ്ങിയിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിയാണു കണ്ടെത്തേണ്ടതെന്നു ബിജു പറഞ്ഞു. സരിതയുടെ ആരോപണത്തിൽ താൻ ഗൂഢാലോചന നടത്തിയിട്ടില്ല. എന്നാൽ, മുൻ ഭാരവാഹിയെന്ന നിലയിൽ സംഘടനയ്ക്ക് അപകീർത്തിയുണ്ടാകുന്നതായി കണ്ട അവസരത്തിൽ ഈ വിഷയത്തിൽ തന്റെ അഭിപ്രായങ്ങൾ വാട്‌സാപ് വഴി പ്രചരിപ്പിച്ചിരുന്നുവെന്നും സമ്മതിച്ചു.

താനുൾപ്പെടെയുള്ളവർക്കെതിരെ അജിത് ഗൂഢാലോചനാ ആരോപണം ഉന്നയിച്ചയുടൻ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിരുന്നതായും ബിജു മൊഴി നൽകി.