കൊച്ചി: സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുമായി പുലർച്ചെ രണ്ടുവരെ സമയങ്ങളിൽ ഫോൺ സംഭാഷണം നടത്തിയിട്ടുണ്ടെന്ന് മുൻ മന്ത്രിയും കടുത്തുരുത്തി എംഎ‍ൽഎയുമായ മോൻസ് ജോസഫ്. സോളാർ കമീഷൻ മുമ്പാകെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം സമ്മതിച്ചത്. സരിതയെ കണ്ടിട്ടുണ്ടെന്നും എന്നാൽ, സോളർ കേസിലെ മുഖ്യ പ്രതികളിലൊരാളായ ബിജു രാധാകൃഷ്ണനെ കണ്ടിട്ടില്ലെന്നും മുൻ മന്ത്രിയും എംഎ‍ൽഎയുമായ എ.പി. അനിൽകുമാറും സോളാർ കമ്മീഷന് മുമ്പാകെ വ്യക്തമാക്കി.

മോൻസ് ജോസഫിന്റെ മൊബൈൽ നമ്പറിലേക്ക് സരിതയുടെ നമ്പറായ 8606161700ൽനിന്ന് 2012 ജൂൺ 14 മുതൽ 2013 ഫെബ്രുവരി 19വരെ 57 തവണ വിളിച്ചതായും സരിതയുടെ മറ്റൊരു നമ്പറായ 9446735555ലേക്ക് 2012 നവംബർ 14മുതൽ 2013മെയ്‌ മൂന്നുവരെ അങ്ങോട്ടുമിങ്ങോട്ടും 107 ഫോൺ വിളികൾ നടന്നതായുമുള്ള രേഖകൾ കമീഷൻ ശേഖരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന് മുമ്പാകെ ഇക്കാര്യങ്ങൾ മോൻസ് സമ്മതിച്ചത്. കമ്മീഷനിൽ അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂനിയനുവേണ്ടി ഹാജരായ ബി. രാജേന്ദ്രൻ ഇവയിൽ 57 കോളുകളിൽ 39 എണ്ണവും 107 കോളുകളിൽ 76 എണ്ണവും രാത്രി ഏഴുമുതൽ പുലർച്ചെ രണ്ടുവരെ സമയങ്ങളിലാണെന്ന് ചൂണ്ടിക്കാട്ടി.

107 കോളുകളിൽ 69 എണ്ണം തന്റെ ഫോണിൽനിന്ന് സരിതയുടെ ഫോണിലേക്ക് വളിച്ചതാണെന്നും 2013 ഫെബ്രുവരി 13ന് രാത്രി എട്ടുമുതൽ പുലർച്ചെ 1.15വരെ സമയങ്ങളിൽ 13 തവണ വിളിച്ചതായും അദ്ദേഹം സമ്മതിച്ചു. തന്റെ മണ്ഡലത്തിൽ ടീം സോളാർ നടപ്പാക്കാമെന്ന് ഏറ്റതുവഴി വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു ഫോൺ വിളികൾ. തിരക്കുമൂലം പല ഫോൺ വിളികളും നേരിട്ടെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ചിലപ്പോൾ രാത്രി വൈകി മാത്രമേ തിരികെവിളിക്കാൻ സാധിച്ചിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തെ ടീം സേളാർ ഓഫിസ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ സരിത ഔദ്യോഗിക വസതിയിലെ ഓഫിസിൽ എത്തിയിട്ടുണ്ടെന്ന് അനിൽകുമാറും സമ്മതിച്ചു. കോഴിക്കോട്ടും മലപ്പുറത്തും പരിപാടികൾക്ക് ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ല. മലപ്പുറം കോട്ടക്കുന്ന് ഇക്കോ ടൂറിസം, കോവളം സോളാർ എനേബിൾഡ് ബ്യൂട്ടിഫിക്കേഷൻ, കെ.ടി.ഡി.സി മോട്ടൽ ആരാം സോളാർ വാട്ടർ ഹീറ്റർ എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ സമർപ്പിച്ചിരുന്നെന്ന സരിതയുടെ മൊഴി ശരിയല്ല. സരിതയുടെ രണ്ട് നമ്പറുകളിൽനിന്നായി 2012 ജൂൺ എട്ടുമുതൽ 2013 ഏപ്രിൽ ഏഴുവരെ 22 കോളുകളും 2013 ജനുവരി 31മുതൽ ഫെബ്രുവരി രണ്ടുവരെ നാല് സംഭാഷണങ്ങളും നടന്നതായ രേഖകൾ ശരിയാണ്-അനിൽ കുമാർ പറഞ്ഞു.

തന്റെ ഔദ്യോഗിക വസതിയായിരുന്ന റോസ് ഹൗസ്, കേരള ഹൗസ്, ലെ മെറിഡിയൻ ഹോട്ടൽ എന്നിവിടങ്ങളിൽവച്ച് സരിത പീഡിപ്പിക്കപ്പെട്ടെന്ന വാർത്ത കണ്ടിട്ടില്ല. മുന്മന്ത്രി ആര്യാടൻ മുഹമ്മദിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കേശവൻ എന്ന വ്യാജേന തന്നെ ചാനൽ പ്രവർത്തകൻ ഫോണിൽ വിളിച്ച സംഭവത്തിൽ സുഹൃത്തുക്കളുടെ അഭിപ്രായം മാനിച്ചാണ് നിയമനടപടികളുമായി മുന്നോട്ടുപോകാതിരുന്നതെന്നും അനിൽകുമാർ അറിയിച്ചു.