- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലൻസ് കോടതിയുടേത് ആരും പ്രതീക്ഷിക്കാത്ത തീരുമാനം; അഴിമതി ആരോപണത്തിന്റെ പിറ്റേന്ന് കേസ് എടുക്കുന്ന ആദ്യ സംഭവം; മാണിയും ബാബുവും രാജി വച്ചതിന് സമാനമായ അവസ്ഥ; മുഖ്യമന്ത്രിയുടെ ഭാവി ഹൈക്കമാണ്ട് തീരുമാനിക്കും
തൃശൂർ: സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരെ എഫ്.ഐ.ആർ രജസ്റ്റർ ചെയ്ത അന്വേഷിക്കാനുള്ള തൃശൂർ വിജിലൻസ് കോടതി ഉത്തരവ് അസാധാരണം തന്നെയാണ്. അതുകൊണ്ട് തന്നെ വാക്കാൽ പരാമർശങ്ങളിൽ കോടതി അക്കാര്യം വ്യക്തമാക്കുന്നതും. ഇതോടെ വിജിലൻസിന് എഫ്‌ഐആർ ഇടേണ്ട സാഹചര്യം അടിയന്തരമായി ഉണ്ടാവുകയാണ്. അങ്

തൃശൂർ: സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരെ എഫ്.ഐ.ആർ രജസ്റ്റർ ചെയ്ത അന്വേഷിക്കാനുള്ള തൃശൂർ വിജിലൻസ് കോടതി ഉത്തരവ് അസാധാരണം തന്നെയാണ്. അതുകൊണ്ട് തന്നെ വാക്കാൽ പരാമർശങ്ങളിൽ കോടതി അക്കാര്യം വ്യക്തമാക്കുന്നതും. ഇതോടെ വിജിലൻസിന് എഫ്‌ഐആർ ഇടേണ്ട സാഹചര്യം അടിയന്തരമായി ഉണ്ടാവുകയാണ്. അങ്ങനെ ഒരു അഴിമതിക്കേസിൽ വെളിപ്പെടുത്തൽ വന്ന് അടുത്തു ദിവസം എഫ്‌ഐആർ വരികെയാണ്. ബാർകോഴയിൽ മാണിക്കെതിരേയും ബാബുവിനേതിരേയും എഫ്‌ഐആർ ഇടാനുണ്ടായ കാലതാമസം ഇവിടെ ഒഴിവാക്കപ്പെടുന്നു. തൃശൂർ വിജിലൻസ് കോടതിയുടെ ഇടപെടലാണ് ഇതിന് കാരണം.
കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. കെ ബാബുവിന് ബാർ വിഷയത്തിൽ കൈക്കൂലി നൽകിയെന്ന് പറഞ്ഞത് ബിജു രമേശാണ്. ചാനൽ അഭിമുഖത്തിൽ ഒരാൾ കൈക്കൂലി കൊടുത്തുവെന്ന് കുറ്റസമ്മതം നടത്തുമ്പോൾ സ്വാഭാവികമായും കുറ്റകൃത്യം നടന്നതിന് പ്രാഥമികമായി തെളിവുണ്ടാകുന്നു. അതുകൊണ്ട് തന്നെയാണ് എഫ്‌ഐആർ ഇടാൻ കോടതി അന്ന് നിർദ്ദേശിച്ചത്. ത്വരിത പരിശോധനായ്ക്ക് ശേഷം വിജിലൻസ് തുടർ നടപടി നീട്ടികൊണ്ട് പോകാൻ ശ്രമിച്ചതിനാലായിരുന്നു അത്. എന്നാൽ സോളാറിൽ ത്വരിത പരിശോധന പോലും കോടതി ഒഴിവാക്കി. സരിതയുടെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയും വൈദ്യുതമന്ത്രിയും കേസിൽ പ്രതിയാകേണ്ട സാഹചര്യം ഉണ്ടായത് അങ്ങനെയാണ്. വിജിലൻസ് കോടതിയുടെ ഉത്തരവിൽ പല തരം വ്യാഖ്യാനങ്ങളെത്തും. എന്നാൽ അതൊന്നും മുഖ്യമന്ത്രിയെ ഊരാക്കുടുക്കിൽ നിന്ന് രക്ഷിക്കാൻ പോന്നതല്ലെന്നാണ് വിലയിരുത്തൽ.
പൊതുപ്രവർത്തകനായ ടി.ഡി. ജോസഫ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. അസാധാരണ സാഹചര്യത്തിൽ അസാധാരണ ഉത്തരവുണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഉപ്പുതിന്നവൻ വെള്ളം കുടിക്കും. മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയായാലും പൊതുപ്രവർത്തകരാണെന്നും കോടതി പറയുന്നു. ഈ നിരീക്ഷണങ്ങളും സർക്കാരിന് തിരിച്ചടിയാണ്. കെഎം മാണിയുടെ കേസിൽ സീസറിന്റെ ഭാര്യ സംശയത്തിന് അതീതമാകണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതോടെ രാജി. സീസറിന്റെ ഭാര്യയുടെ പരാമർശത്തിലൂടെ കോടതി ഉയർത്തിക്കാട്ടിയത് അധികാര സ്ഥാനങ്ങളിലുള്ളവരെല്ലാം സംശയത്തിന് അതീതരാകണമെന്നാണ്. ഇവിടെ മുഖ്യമന്ത്രിയുെ എഫ് ഐ ആറിലൂടെ സംശയത്തിലാകുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ എങ്ങനെ ഉമ്മൻ ചാണ്ടിക്ക് എതിരെ കൃത്യമായ അന്വേഷണം എങ്ങനെ നടക്കുമെന്നാണ് ഉയരുന്ന ചോദ്യം.
ഇതിനപ്പുറമാണ് കെ ബാബുവിന്റെ രാജിയുണ്ടാക്കുന്ന പ്രതിസന്ധി. ബാബുവിനെതിരെ ഒരു പരാമർശവും കോടതി നടത്തിയില്ല. ബാർ കോഴയിലെ ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് കേസിന് ആധാരമായത്. എഫ്‌ഐആർ ഇടാൻ മാത്രമാണ് കോടതി ആവശ്യപ്പെട്ടത്. ബാർ കോഴയിൽ എഫ് ഐ ആർ ഇട്ടപ്പോൾ മാണി ധനമന്ത്രി സ്ഥാനത്ത് തുടർന്നു. കുറ്റപത്രം വന്നശേഷം രാജിയെന്നായിരുന്നു നിലപാട്. മാണിക്ക് എതിരെ തെളിവുണ്ടെന്ന് എസ്‌പി സുകേശൻ കോടതിയെ അറിയിച്ചിട്ടും ഇതായിരുന്നു നിലപാട്. ഇതിനിടെയാണ് മാണി തെറ്റു ചെയ്തില്ലെന്ന സുകേശന്റെ മലക്കം മറിച്ചിലെത്തിയത്. ഇതോടെ കേസ് നൽകിയവർ കോടതിയിൽ ഇതിനെ ചോദ്യം ചെയ്തു. തുടരന്വേഷണത്തിനായിരുന്നു വിജിലൻസ് കോടതി ഉത്തരവ്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ എത്തി. അങ്ങനെ സീസറിന്റെ ഭാര്യയെത്തി.
ആരോപണം ഉയർന്നപ്പോൾ തന്നെ മാണി രാജിവയ്ക്കണമായിരുന്നുവെന്ന് അടക്കം പറഞ്ഞവരാണ് കോൺഗ്രസുകാർ. അതുകൊണ്ട് കൂടിയാണ് ബാർ കോഴയിൽ എഫ്‌ഐആർ ഇട്ടയുടൻ ബാബു രാജിവച്ചത്. കേസിൽ എഫ് ഐ ആർ വന്നാൽ സാങ്കേതികത്വം പറഞ്ഞ് അധികാര സ്ഥാനത്ത് തുടരില്ലെന്ന് ബാബു നേരത്തെ പറഞ്ഞിരുന്നു. ഇതിനെ കോൺഗ്രസും എ ഗ്രൂപ്പും പിന്തുണച്ചിരിക്കുകയും ചാനൽ ചർച്ചകളിൽ ഉയർത്തിക്കാട്ടുകയും ചെയ്തു. തൃശൂർ വിജിലൻസ് കോടതി ഉത്തരവിൽ ബാബു രാജിവച്ചപ്പോഴും അദ്ദേഹത്തെ ഹീറോയാക്കി. മുഖ്യമന്ത്രിയും ബാബുവിനെ താരമാക്കാനാണ് ശ്രമിച്ചത്. രാജിയാണ് നല്ലതെന്ന് ഉമ്മൻ ചാണ്ടി തന്നെയാണ് ഉപദേശിച്ചതും. എന്നാൽ രാജി കിട്ടിയ ശേഷം അത് ഗവർണ്ണർക്ക് നൽകിയതുമില്ല. ഹൈക്കോടതിയിലൂടെ ബാബുവിനെ രക്ഷിക്കാനുള്ള കളികൾ തുടരുകയുമാണ്. അതിനിടെയാണ് ഉമ്മൻ ചാണ്ടിക്കും ്ആര്യാടനും എതിരായ കോടതി പരാമർശവും വിധിയും.
പൊതുപ്രവർത്തകനായ പി.ഡി.ജോസഫ് നൽകിയ ഹർജി പരിഗണിച്ച കോടതി പ്രാഥമിക നടപടികളിലേക്ക് പോലും കടക്കാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണമായ വിധി ഉണ്ടാവുമെന്നായിരുന്നു ഇത് സംബന്ധിച്ച് കോടതി പറഞ്ഞത്. പ്രധാനമന്ത്രി ആയാലും മുഖ്യമന്ത്രി ആയാലും നിയമം ബാധകമാണ്. നീതിയും തുല്യമായിരിക്കണം. ഉപ്പു തിന്നവർ ആരായാലും വെള്ളം കുടിക്കണമെന്നും കോടതി പറഞ്ഞു. സോളാർ പദ്ധതിക്കു വേണ്ടി മുഖ്യമന്ത്രിക്ക് 1.90 കോടി രൂപയും ആര്യാടന് 40 ലക്ഷം രൂപയും കൈക്കൂലി നൽകിയെന്ന സരിതയുടെ വെളിപ്പെടുത്തലാണ് പരാതിക്ക് ആധാരം. ഇത്തരമൊരു നടപടി സർക്കാരും ഇന്ന് പ്രതീക്ഷിച്ചില്ല. ഈ വിഷയം തൃശൂർ കോടതിയുടെ പരിഗണനാ സ്ഥലത്ത് വരുന്നതല്ലെന്ന് കോടതിയിൽ വിജിലൻസ് വാദിച്ചു. ധാരളം അന്വേഷണം നടക്കുന്നതായും പറഞ്ഞു. പക്ഷേ ഇതൊന്നും കോടതി കേട്ട ഭാവം നടിച്ചില്ല.
ഇതാണ് സർക്കാരിനെ വെട്ടിലാക്കിയത്. കോടതി ഉത്തരവോടെ മുഖ്യമന്ത്രിക്ക് രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടാകുന്നു. ബാർ കോഴയിൽ മാണിക്ക് എതിരെ പരാമർശം വന്നപ്പോൾ ഗുരുതരമാണെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്. മാണിയോട് രാജി ചോദിക്കുകയും ചെയ്തിരുന്നു. ഇതിന് സമാനമാണ് കെബി ഗണേശ് കുമാറിന്റെ രാജിയും. മുൻ ഭാര്യയുടെ പരാതിയിൽ കെബി ഗണേശ് കുമാറിനെതിരെ പൊലീസ് എഫ് ഐ ആർ ഇട്ടു. ഇതോടെയായിരുന്നു ഗണേശിന്റെ രാജി. അതും മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു. അതുകൊണ്ട് തന്നെ തൊടുന്യായങ്ങൾ പറഞ്ഞ് മുഖ്യമന്ത്രിയക്ക് തുടരാൻ അർഹതയില്ലെന്ന വാദമാണ് ശക്തമാകുന്നത്. കോൺഗ്രസിനുള്ളിലും ഈ അഭിപ്രായമാണുള്ളത്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയുടെ രാജി അനിവാര്യതയായി മാറുന്നു.
എന്നാൽ ധാർമികതയ്ക്ക് അപ്പുറം മനസാക്ഷിയാണ് വലുതെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. അതായത് തന്റെ മനസാക്ഷിക്ക് മുന്നിൽ തെറ്റുകാരനല്ല. അതിനാൽ രാജിയുമില്ലെന്ന് പറയുമ്പോൾ അതും ശ്രദ്ധേയം തന്നെ. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള കരുത്ത് തനിക്കുണ്ടെന്ന് പറയാതെ പറയുകയാണ് ഉമ്മൻ ചാണ്ടി. ബാബുവിനെതിരായ എഫ്‌ഐആർ റദ്ദാക്കിയതിലാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ രാജി നീട്ടികൊണ്ടു പോവുക. അതിന് ശേഷം ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാക്കുയെന്നതാണ് ലക്ഷ്യം. അവിടെ പിഴച്ചാൽ കളി കൈവിടും. എല്ലാം കോൺഗ്രസ് ഹൈക്കമാണ്ടിന്റെ നിരീക്ഷണത്തിലുമാണ്. എ കെ ആന്റണിയും മുകൾ വാസ്‌നികും നിരന്തരം ചർച്ചയും നടത്തുന്നു. മുഖ്യമന്ത്രിയിൽ നിന്ന് രാജി ചോദിച്ചു വാങ്ങാൻ ഹൈക്കമാണ്ട് ആഗ്രഹിക്കുന്നില്ല.
പക്ഷേ ഇപ്പോൾ രാജിവയ്ക്കാതെ ഹൈക്കോടതി വിധി എതിരായാൽ അത് ഉമ്മൻ ചാണ്ടിക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്യും. ഇതിനൊപ്പം ഡൽഹി പൊലീസിന്റെ ഇടപെടൽ ഭീഷണിയും ഉണ്ട്. അങ്ങനെ ഊരാക്കുടുക്ക് അഴിക്കാൻ ഉമ്മൻ ചാണ്ടിക്ക് പെടാപാടു തന്നെ പെടേണ്ടിയും വരും.

