- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിയും കെ സിയും ഉൾപ്പെടെ ആറ് നേതാക്കൾക്ക് എതിരെ സിബിഐ കേസ്; അനിൽ കുമാറിനും ഹൈബി ഈഡനും ഒപ്പം ബിജെപിയുടെ അബ്ദുള്ളകുട്ടിയും പ്രതി; കോൺഗ്രസിനെ പൂട്ടാൻ പിണറായിയുടെ മോഹത്തിന് കൈകൊടുത്ത് അമിത് ഷാ
തിരുവനന്തപുരം യൂണിറ്റാണ് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. ഉമ്മൻ ചാണ്ടിക്ക് പുറമേ, ഇപ്പോൾ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ ഇപ്പോൾ ബിജെപി നേതാവായായ മുൻ കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി എന്നിങ്ങനെ ആറ് പേർക്കെതിരെയാണ് എഫ്ഐആർ സമർപ്പിച്ചത്.
പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകൾ നേരത്തെ സിബിഐയ്ക്ക് സംസ്ഥാന സർക്കാർ കൈമാറിയിരുന്നു. കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തെ ഒന്നാകെ പ്രതിരോധത്തിൽ നിർത്താൻ ലക്ഷ്യമിട്ടായിരുന്നു തീരുമാനം. ക്രൈംബ്രാഞ്ച് അന്വേഷണവും തൃപ്തികരമല്ലെന്ന ആക്ഷേപം ഉയർന്നതോടെ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.
സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രആഭ്യന്തര മന്ത്രാലയം മുഖവിലയ്ക്ക് എടുത്തതോടെയാണ് സിബിഐ അന്വേഷണത്തിന് വഴിതുറന്നത്. രാഷ്ട്രീയ താൽപര്യം കൂടി മുൻനിർത്തിയുള്ള കേസ് കൂടി ആയതിനാൽ സിബിഐ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ്, എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.
നാല് വർഷത്തോളമാണ് കേരളാ പൊലീസ് സ്ത്രീപീഡനക്കേസ് അന്വേഷിച്ചത്. ഇതിൽ ആർക്കെതിരെയും തെളിവ് കണ്ടെത്താൻ പൊലീസിനായില്ല. ഇതേത്തുടർന്നാണ് പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസ് സിബിഐയ്ക്ക് വിട്ടത്.
മുന്മുഖ്യമന്ത്രി, മുന്മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർക്കെതിരേയാണു സിബിഐ. അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഇര സമീപിച്ചത്. ഇതുസംബന്ധിച്ച ആറ് പരാതികൾ സിബിഐക്കു സംസ്ഥാന സർക്കാർ കൈമാറി. ഇവയിൽനിന്നു കഴമ്പുള്ള നാല് പരാതികൾ തെരഞ്ഞെടുത്ത സിബിഐ. പ്രഥമവിവര റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം സി.ജെ.എം. കോടതി മുമ്പാകെ മൂന്നു കേസിലും എറണാകുളത്തെ സ്ത്രീപീഡന കേസുകൾ അന്വേഷിക്കുന്ന സി.ജെ.എം. കോടതി മുമ്പാകെ ഒരു കേസിലുമാണ് എഫ്.ഐ.ആർ. സമർപ്പിക്കപ്പെട്ടത്. ഡൽഹി പൊലീസ് നിയമപ്രകാരം കേസ് സിബിഐ. ഏറ്റെടുക്കണമെന്നു സംസ്ഥാനസർക്കാർ ശുപാർശ ചെയ്തിരുന്നു.
നിയമസഭാതെരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കേയായിരുന്നു ഇത്. 2006-ൽ സമാനമായ രീതിയിൽ ലാവ്ലിൻ കേസ് അന്നത്തെ യു.ഡി.എഫ്. സർക്കാർ സിബിഐക്കു വിട്ടിരുന്നു. സോളാർ കേസിൽ അന്വേഷണം സിബിഐ. ഏറ്റെടുക്കുന്നത് യു.ഡി.എഫിനു കനത്ത തിരിച്ചടിയായേക്കും.
നിയമപരമായി കേസ് നിലനിൽക്കില്ലെന്ന നിയമോപദേശം കിട്ടിയെങ്കിലും അതെല്ലാം മറികടന്നാണ് അന്വേഷണം സിബിഐക്കു വിട്ടത്. കേസിന്റെ വിശദാംശങ്ങൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി അടക്കം നൽകണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ വിശദാംശങ്ങൾ പരാതിക്കാരി സിബിഐയുടെ ഡൽഹി ആസ്ഥാനത്തെത്തിയും കൈമാറി.
ഇതിനെല്ലാം ഇടയിൽ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഒരു തെളിവുമില്ലെന്ന് സംസ്ഥാനസർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകിയിരുന്നു. പരാതിക്കാരി ക്ലിഫ് ഹൗസിൽ പോയതിനുള്ള ഒരു തെളിവും കണ്ടെത്താനായില്ലെന്നും പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സോളാർ പീഡനക്കേസ് സിബിഐയ്ക്ക് വിട്ട സർക്കാരിനെ വെട്ടിലാക്കുന്നതായിരുന്നു ഈ റിപ്പോർട്ട്.
2012 ഓഗസ്റ്റ് 19-ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്ലിഫ് ഹൗസിൽ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പൊലീസുകാർ, പേഴ്സണൽ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം.
പരാതിക്കാരി അന്നേ ദിവസം ക്ലിഫ് ഹൗസിൽ വന്നായി ആരും മൊഴി നൽകിയിട്ടില്ല. വർഷങ്ങൾ കഴിഞ്ഞതിനാൽ ടൂർ ഡയറിയും മറ്റ് രേഖകളും ശേഖരിക്കാനും കഴിഞ്ഞില്ല. സംഭവം നടന്ന് ഏഴു വർഷം കഴിഞ്ഞതിനാൽ ഫോൺ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് മൊബൈൽ കമ്പനികളും രേഖാ മൂലം അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകളൊന്നും ഇതേ വരെ കൈമാറിയില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ