സൂര്യനിൽ നിന്നുത്ഭവിച്ച ശ്ക്തിയേറിയ സൗരത്തീക്കാറ്റ് വരും ദിവസങ്ങളിൽ ഭൂമിയിലെ വൈദ്യുതി സംവിധാനങ്ങളേയും ആശയവിനിമയോപാധികളേയും നിശ്ചലമാക്കിയേക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. സൂര്യനിലുണ്ടായ ശക്തിയേറിയ സ്‌ഫോടന ഫലമായുണ്ടാകുന്ന ഈ വൻ ആഗ്നിജ്വാല ഭൗമോപരിതലത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത് വൈദ്യുതി ഗ്രിഡുകളേയും സാറ്റലൈറ്റുകളേയും റേഡിയോ പ്രക്ഷേപണത്തേയും ബാധിച്ചേക്കുമെന്നുമാണ് ആശങ്ക. ഇടത്തരം വേഗതയിലാണ് ഇതു പതിച്ചു കൊണ്ടിരിക്കുന്നത്. ദശലക്ഷക്കണക്കിന് ഹൈഡ്രജൻ ബോംബുകൾ ഒന്നിച്ചുപൊട്ടുന്നതിന് സമാനമായ ശക്തിയിലാണ് സൗരജ്വാലയ്ക്ക് കാരണമായ സൂര്യനിലെ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

മണിക്കൂറിൽ 25 ലക്ഷത്തോളം മൈൽ ദൂരം വേഗതയുള്ള ഈ സൗര ജ്വാല ഇന്ന് ഭൂമിയിലെത്തിയേക്കാനിടയുണ്ട്. സൂര്യന്റെ മധ്യത്തിലുണ്ടാകുന്ന സ്‌ഫോടനഫലമായി ഇത്ര വലിപ്പത്തിലുള്ള സൗരജ്വല ഭൂമിയിലേക്ക് പതിക്കുന്നത് പതിറ്റാണ്ടുകൾക്കു ശേഷമാണെന്ന് കൊളൊറാഡോയിലെ സ്‌പേസ് വെദർ പ്രഡിക്ഷൻ സെന്ററിലെ ടോം ബർഗർ പറയുന്നു. ഭൂമിയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ ഇതിന്റെ ശക്തി ക്ഷയിച്ചിട്ടുണ്ടാകുമെന്നുമാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഭൂമിക്കു നേർദിശയിൽ സൂര്യനിൽ വമ്പൻ കാന്തിക സ്‌ഫോടനം നടന്നതിനാലാണ് ഇത്. ശക്തിക്ഷയിച്ച് ഇതൊരു മേഘമായെങ്കിലും ഭൂമിയിലെത്തുമെന്നും ടോം വിശദീകരിക്കുന്നു.

ഭൂമിയുടെ കാന്തിക മണ്ഡലത്തെ ഭംഗപ്പെടുത്താനുള്ള ശേഷിയുണ്ടാകും ഈ കൊടുംമേഘത്തിന്. ഇത് താൽകാലിക വൈദ്യുതി ഗ്രിഡ് പ്രശ്‌നങ്ങൾക്കും കാരണമാകും. സാറ്റലൈറ്റിൽ നിന്നും ലഭിച്ച പുതിയ വിവരമനുസരിച്ച് സൗര ജ്വാലയുടെ ശക്തിയേറിയ ഭാഗങ്ങൾ ഭൂമിക്കു മുകളിൽ വടക്കോട്ട് ചിതറിപ്പോയിട്ടുണ്ടെന്നും ടോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാറ്റലൈറ്റുകളുടെ പ്രവർത്തനത്തതെയും ചെറിയ രീതിയിൽ ഇതു ബാധിക്കും. അതേസമയം വലിയ ആശങ്കയ്ക്കിടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗരത്തീക്കാറ്റ് ഇടക്കിടെ സംഭവിക്കുന്നതാണ്. പ്രത്യേകിച്ച് സൂര്യ ഭ്രമണം അതിന്റെ ഉച്ചിയിലെത്തുന്ന കാലയളവിൽ. ഇത് മനുഷ്യർക്ക് നേരിട്ട് പ്രശ്‌നമുണ്ടാക്കുന്നതല്ല.