പാലക്കാട്: മുത്ത് നബി മോഹിപ്പിക്കുന്ന ജീവിതം എന്ന പ്രമേയത്തിൽ സോളിഡാരിറ്റി സംസ്ഥാന തലത്തിൽ നടത്തപ്പെടുന്നറബീഉൽ അവ്വൽ കാമ്പയിന് ജില്ലയിൽ തുടക്കമായി.മുണ്ടൂർ വഴുക്കപ്പാറയിൽ ജില്ലാതല ഉദ്ഘാടനം ആലത്തൂർ ഇശാഅത്തുൽ ഇസ്ലാം മസ്ജിദ് ഖത്തീബ് എ.പി.നാസർ നിർവ്വഹിച്ചു.

'പ്രവാചക ജീവിതവും ആധുനിക മുസ്ലിം സമൂഹവും എന്ന വിഷയത്തിൽ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എ.കെ നൗഫൽ മുഖ്യ പ്രഭാഷണം നടത്തി.പ്രവാചക ജീവിതത്തെ സ്വന്തം കർമ വഴികളിൽ പ്രകാശിപ്പിക്കുമ്പോൾ മാത്രമാണ് ശരിയായ പ്രവാചക സ്‌നേഹം രൂപപ്പെടുന്നതെന്നും പ്രവാചകന്റെ സ്‌നേഹ സന്ദേശ പ്രചാരണത്തിലൂടെ പുതിയ കാലത്തെ പ്രതിസന്ധികൾ മറികടക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

സോളിഡാരിറ്റി ഒലവക്കോട് ഏരിയാ പ്രസിഡന്റ് ഹസനുൽ ബന്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റിയാസ് മേലേടത്ത് സംസാരിച്ചു. സലീം മുണ്ടൂർ സ്വാഗതവും, ഷരീഫ് നന്ദിയും പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായി മതപ്രഭാഷണങ്ങൾ: യൂത്ത് മീറ്റുകൾ . സൗഹൃദസംഗമങ്ങൾ എന്നിവ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും