ർക്കേഴ്‌സ് പാർട്ടി ഓഫ് അയർലണ്ടിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അയര്‌ലണ്ടിലെയും നേതാക്കൾ സംഘടിപ്പിച്ച ഹോണ്ടുറാസ് ഐക്യദാർഢ്യ യോഗത്തിൽ ക്രാന്തിയുടെ അംഗങ്ങളും പങ്കെടുത്തു. അമേരിക്കൻ സഹയാത്രികനായ നിലവിലെ ഹോണ്ടുറാസ് പ്രസിഡന്റ് ജുവാൻ ഒർലാണ്ടോ ഹെർണാണ്ടസിന്റെ ജനാധിപത്യവിരുദ്ധ സർക്കാരിനെ പൊരുതുന്ന ഹോണ്ടുറാസിലെ ജനതയ്ക്ക് യോഗം ഐക്യദാർഢ്യം അർപ്പിച്ചു.

ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ഡബ്ലിൻ സിറ്റി സെന്ററിലെ ജനറൽ പോസ്റ്റ് ഓഫിസിനു മുന്നിലാണ് യോഗം സംഘടിപ്പിച്ചത്. ജുവാൻ ഹെർണാണ്ടസ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു ഭരണത്തിലെത്തുകയും അതിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷപാർട്ടി അംഗങ്ങളെയും ജനങ്ങളെയും പട്ടാളത്തെ ഉപയോഗിച്ചു അടിച്ചമർത്തുകയും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തു എന്ന് യോഗത്തിൽ സംസാരിച്ച ഹോണ്ടുറാസിന്റെ പ്രതിനിധികളായ സഖാക്കൾ വിശദീകരിച്ചു.

ഡബ്ലിൻ സിറ്റി കൗൺസിലറായ ഐലീഷ് റയാൻ, ലാറ്റിൻ അമേരിക്കൻ സോളിഡാരിറ്റി സെന്റർ അയർലണ്ടിന്റെ പ്രതിനിധി, കമ്മ്യൂണിസ്റ്റ് പാർട്ടി അയർലണ്ടിന്റെ പ്രതിനിധിയായ ഷോൺ, ക്രാന്തിയുടെ പ്രസിഡന്റ് വർഗീസ് ജോയി എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെയും ബംഗാളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും അട്ടിമറിക്കാൻ അമേരിക്ക നടത്തിയ ശ്രമങ്ങളെ വർഗീസ് തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.

ക്രാന്തിയുടെ കമ്മറ്റി അംഗങ്ങളായ മനോജ് മാന്നാത്തു, ബെന്നി സെബാസ്റ്റ്യൻ, ബിനു വർഗീസ് എന്നിവർ യോഗത്തിൽ ക്രാന്തിയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ പോരാടുന്ന ഹോണ്ടുറാസ് ജനതയ്ക്ക് ഐക്യദാർഢ്യമർപ്പിച്ചു യോഗം പിരിഞ്ഞു.