ചെന്നൈ: ദുൽഖർ സൽമാന്റെ 'സോളോ' ഒക്ടോബർ അഞ്ചിനു തിയറ്ററുകളിലെത്തും. ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായകൻ ബിജോയ് നമ്പ്യരാണ് സംവിധായകൻ.

മലയാളത്തിലും തമിഴിലുമായി ഒരേസമയം ഒരുങ്ങിയ ചിത്രം മലയാളം പതിപ്പിന് 2.34 മണിക്കൂറും തമിഴ് പതിപ്പിന് 2.32 മണിക്കൂറുമാണു ദൈർഘ്യം. തമിഴ് പതിപ്പിന് യു/എ സർട്ടിഫിക്കറ്റാണു സെൻസർ ബോർഡ് നൽകിയതെങ്കിൽ മലയാളം പതിപ്പിന് ക്ലീൻ-യു സർട്ടിഫിക്കറ്റാണ് ലഭിച്ചത്. എസ്‌പിഐ സിനിമാസ് വഴിയാണു തമിഴ്‌നാട്ടിൽ വിതരണം. പ്രഖ്യാപിച്ചതു മുതൽ പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്ട് നാലു ഭാഗങ്ങളുള്ള ചലച്ചിത്രമാണ്. ശിവ, രുദ്ര, ശേഖർ, ത്രിലോക് എന്നിങ്ങനെ ശിവന്റെ പര്യായങ്ങൾ പേരുകളാക്കിയ നാലു കഥാപാത്രങ്ങളെയാണ് ദുൽഖർ 'സോളോ'യിൽ അവതരിപ്പിക്കുന്നത്.

ബിജോയ്യുടെ തന്നെ നിർമ്മാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേർന്നാണ് നിർമ്മാണം. ഇതുവരെ മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായൊരു അവതരണശൈലിയായിരിക്കും ഈ സിനിമയുടേതെന്ന് ബിജോയ് ഉറപ്പിച്ചു പറയുന്നു. മണിരത്നത്തിന്റെ സംവിധാന സഹായിയായിരുന്ന ബിജോയ് നമ്പ്യാർ മോഹൻലാൽ അഭിനയിച്ച നിശബ്ദ ഹ്രസ്വചിത്രമായ റിഫ്‌ളക്ഷനിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മലയാളത്തിൽ ചെയ്ത രാഹു എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശൈതാനായിരുന്നു ആദ്യ ബോളിവുഡ് ചിത്രം.

വിക്രം, നീൽ നിഥിൻ മുകേഷ്, ജീവ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി തമിഴിലും ഹിന്ദിയിലുമായി ഡേവിഡ് എന്ന ചിത്രമൊരുക്കി. അമിതാഭ് ബച്ചൻ, ഫർഹാൻ അക്തർ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ വാസിർ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.