കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി ബിജോയ് നമ്പ്യാർ ഒരുക്കിയ സോളോ മലയാളത്തിലും തമിഴിലും ഒരേസമയം റിലീസ് ചെയ്തിരുന്നു. മലയാളത്തിൽ 225 കേന്ദ്രങ്ങളിൽ റിലീസിനെത്തി. കേരളത്തിൽ വലിയ ചലനം ചിത്രം ഉണ്ടാക്കിയില്ല. ഇതിനൊപ്പം തമിഴ്‌നാട്ടിലെ തിയറ്റർ സമരം കാരണം സോളോയുടെ പ്രദർശനം അനിശ്ചിതത്വത്തിലാണ്. ഇന്നുമുതൽ തിയറ്റർ അടച്ചിട്ടുള്ള സമരത്തിലാണ് ഉടമകൾ. ഇതോടെ ദുൽഖർ ചിത്രം പ്രതിസന്ധിയിലുമായി.

ദുൽഖറിനെ സുപ്പർ സ്റ്റാറാക്കുമെന്ന പ്രചരണവുമായാണ് സിനിമയെത്തിയത്. പുതിയ വേഷ പകർച്ചയിൽ ദുൽഖർ നല്ല പ്രകടനം കാഴ്ച വച്ചു. എന്നാൽ സിനിമയ്ക്ക് മൊത്തത്തിൽ അടിതെറ്റി. ഇതിനൊപ്പം തമിഴ്‌നാട്ടിലെ പ്രതിസന്ധിയും. സിനിമാ ടിക്കറ്റുകൾക്ക് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പത്ത് ശതമാനം നികുതിയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതൽ പുതിയ തമിഴ് റിലീസുകൾ വേണ്ടെന്നാണ് തമിഴ് ഫിലിം പ്രോഡ്യൂസേഴ്‌സ് കൗൺസിലിന്റെ തീരുമാനം. സംസ്ഥാന സർക്കാർ വിനോദത്തിനുള്ള നികുതി ഒഴിവാക്കുന്നതുവരെ ഇത് തുടരുമെന്നാണ് തീരുമാനം.

സമരത്തോടനുബന്ധിച്ച് മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ 1100 തിയേറ്ററുകൾ അടച്ചു. സമരം ഒത്തു തീർപ്പാകാത്ത സാഹചര്യത്തിൽ ചിത്രത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തിൽ സോളോ തമിഴ്‌നാട്ടിലെ തിയറ്ററിൽ നിന്ന് നീക്കം ചെയ്യും. ഇത് സിനിമയെ സാരമായി ബാധിക്കും. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നും ദുൽഖർ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. സംവിധായകൻ ബിജോയ് നമ്പ്യാർ നിരാശനാണ്.

'ഹൃദയം തകർന്നാണ് ഞാൻ ഇത് പറയുന്നത്. ഒരുപാട് കഠിനാധ്വാനത്തിന് ശേഷം സോളോ തിയേറ്റിൽ എത്തിച്ചിട്ടും തിയറ്ററുകളിൽ നിന്ന് ചിത്രം നീക്കം ചെയ്യപ്പെടുന്നത് ഞങ്ങൾക്ക് തടയാനാകുന്നില്ല. എനിക്കും എന്റെ സഹനിർമ്മാതാവിനും ഇത് അംഗീകരിക്കാനാകുന്നതല്ല. സിനിമയിൽ ഞങ്ങൾക്ക് ആഴത്തിലുള്ള വിശ്വാസവും ബോധ്യവുമുണ്ട്. ഞങ്ങൾക്കൊപ്പം നിൽക്കുന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. എല്ലാ പ്രശ്നങ്ങളും പെട്ടന്ന് അവസാനിക്കുമെന്ന് നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം'- ബിജോയ് നമ്പ്യാർ ട്വിറ്ററിൽ കുറിച്ചു.

ഒരു ചലച്ചിത്രത്തിൽ തന്നെ നാലുകഥകൾ. ഈ കഥകളാവട്ടെ പരമശിവ സങ്കൽപ്പത്തിന്റെയും പഞ്ചഭൂതങ്ങളടെയും പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയത്. തീർന്നില്ല ബിജോയ്നമ്പ്യാർ എന്ന ബോളിവുഡ്ഡിൽനിന്ന് മല്ലുവുഡ്ഡിലേക്ക് വന്ന സംവിധായകന്റെ പരീക്ഷണം. ഓരോകഥകളും നാലുവർഷം മുന്നിലേക്കോ പിന്നിലേക്കോ പോയാണ് പൂർത്തീകരിക്കപ്പെടുന്നത്. പറയുമ്പോൾ വലിയ സംഭവും പരീക്ഷണവുമൊക്കെയായി തോന്നാമെങ്കിലും, ദുൽഖറിനെപ്പോലെ ഒരു കരിസ്മാറ്റിക്ക് നായകനെ കിട്ടിയിട്ടും സോളായിലെ നാലുകഥകളും അൽപ്പംപോലും മികവ് പുലർത്തുന്നില്ലെന്നാണ് ഈ സിനിമയെ കുറിച്ചുള്ള വിലയിരുത്തൽ.

ശിവനും പഞ്ചഭൂതവുമൊന്നൊക്കെ പറഞ്ഞ് തുടങ്ങുന്ന തിരക്കഥകളെല്ലാം പഴഞ്ചനും തനിയാവർത്തനങ്ങളുമാണ്.ദൂർബലമായ തിരക്കഥയിൽ കെട്ടി ഉയർത്തിയ ഇവ ഓരോന്നും പ്രേക്ഷകന്റെ ക്ഷമയെ വല്ലാതെ പരീക്ഷിക്കുന്നു.പിന്നെയുള്ളത് അതിബുദ്ധിജീവി ജാഡയാണ്.എന്റെമ്മോ താങ്ങാനാവില്ല. ( അടുത്തകാലത്ത് ഇറങ്ങിയ പ്രഥ്വീരാജ് ചിത്രം ടിയാനിലാണ് ഇതുപോലെ ജാഡ കണ്ടത്) എന്തെല്ലാമേ, കാട്ടിക്കൂട്ടുന്നുണ്ട്. പക്ഷേ ഒന്നും ഏശുന്നില്ല.

ബോളിവുഡിൽ സെയ്ത്താൻ, ഡേവിഡ് , വാസിർ എന്നീ ചിത്രങ്ങളൊരുക്കിയ മലയാളി സംവിധായകന്റെ മാതൃഭാഷയിലേക്കുള്ള കടന്നുവരവ് അദ്ദേഹത്തിന്റെ പരീക്ഷണ ത്വരയിൽപ്പെട്ട് തകർന്നടിയുന്ന കാഴ്ചയാണ് സോളാ.ഇതിന് തലവെച്ചുകൊടുത്ത ദൂൽഖർ ആവട്ടെ തന്റെ കരിയറിലെ ഏറ്റവും മോശമായ ചിത്രങ്ങളിലൊന്നിന്റെ ഭാഗമാവുകയും ചെയ്തുവെന്നാണ് വിലയിരുത്തൽ.