തിരുവനന്തപുരം:ആരാധകരെ ആവേശത്തിലാക്കി ദുൽഖർ-ബിജോയ് നമ്പ്യാർ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം 'സോലോ'യുടെ ആദ്യ ടീസർ വീഡിയോ പുറത്തുവന്നു. ഇന്ന് നേരത്തേ പുറത്തുവിട്ട ഫസ്റ്റ്ലുക്കിന് പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 33 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ പല ഗെറ്റപ്പുകളിലാണ് ദുൽഖർ എത്തുന്നത്.

വ്യത്യസ്ത ആംഗിളുകളിൽ എടുത്ത, വിവിധ ഗെറ്റപ്പുകളിലുള്ള ദുൽഖറിന്റെ പത്തോളം ചിത്രങ്ങൾ കൗതുകം പകരുന്ന തരത്തിൽ ഒരു ജിഗ്‌സോ പസിൽ പോലെ ഡിസൈൻ ചെയ്തിരിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്. മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലുള്ള ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈനുകൾ ഇന്നലെ രാത്രി അണിയറക്കാർ പുറത്തുവിട്ടിരുന്നു.

ബോളിവുഡിൽ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ബിജോയ് നമ്പ്യാർ ആദ്യമായി മലയാളത്തിലെത്തുന്ന 'സോളോ'യിൽ ആർതി വെങ്കിടേഷാണ് ദുൽഖറിന്റെ നായിക. വിവിധ ഭാഷാസിനിമകളിൽ നിന്നുള്ള ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രം അഞ്ച് ഭാഗങ്ങളുള്ള ചലച്ചിത്ര സമുച്ചയമാണെന്നാണ് സൂചന.

ദീപ്തി സതി, സുഹാസിനി, നാസർ, നേഹ ശർമ്മ, ശ്രുതി ഹരിഹരൻ, സായ് ധൻസിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖർജി, മനോജ് കെ.ജയൻ, ആൻ അഗസ്റ്റിൻ, സായ് തംഹങ്കർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദുൽഖർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരായാണ് നാസറും സുഹാസിനിയും എത്തുക. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കുന്ന ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത് കരിയറിൽ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആയിരിക്കുമെന്ന് ബിജോയ് നമ്പ്യാർ നേരത്തേ പറഞ്ഞിരുന്നു.