തിരുവനന്തപുരം: തമിഴിലും മലയാളിത്തിലുമായി പുറത്തിറങ്ങുന്ന ദുൽഖർ ചിത്രം സോളോ യുടെ ആദ്യ ടീസർ പുറത്തിറങ്ങി. ലെഫ്.കേണൽ രുദ്ര രാമചന്ദ്രൻ എന്ന കഥാപാത്രമാണ് 1.21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ദുൽഖർ അവതരിപ്പിക്കുന്നത്. പുറത്തുവന്ന ടീസറിൽ വ്യക്തമാകുന്നത് നായകന്റെ പ്രണയവും പ്രണയ നഷ്ടവുമൊക്കെയാണ്.

ബോളിവുഡിൽ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ബിജോയ് നമ്പ്യാർ ആദ്യമായി മലയാളത്തിലെത്തുന്ന 'സോളോ'യിൽ ആർതി വെങ്കിടേഷാണ് ദുൽഖറിന്റെ നായിക. വിവിധ ഭാഷാസിനിമകളിൽ നിന്നുള്ള ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രം അഞ്ച് ഭാഗങ്ങളുള്ള ചലച്ചിത്ര സമുച്ചയമാണെന്നാണ് സൂചന.

ബിജോയ്യുടെ തന്നെ നിർമ്മാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേർന്നാണ് നിർമ്മാണം. ഇതുവരെ മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായൊരു അവതരണശൈലിയായിരിക്കും ഈ സിനിമയുടേതെന്ന് ബിജോയ് ഉറപ്പിച്ചു പറഞ്ഞിരുന്നു. മണിരത്നത്തിന്റെ സംവിധാന സഹായിയായിരുന്ന ബിജോയ് നമ്പ്യാർ മോഹൻലാൽ അഭിനയിച്ച നിശബ്ദ ഹ്രസ്വചിത്രമായ റിഫ്‌ളക്ഷനിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മലയാളത്തിൽ ചെയ്ത രാഹു എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശൈതാനായിരുന്നു ആദ്യ ബോളിവുഡ് ചിത്രം.

വിക്രം, നീൽ നിഥിൻ മുകേഷ്, ജീവ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി തമിഴിലും ഹിന്ദിയിലുമായി ഡേവിഡ് എന്ന ചിത്രമൊരുക്കി. അമിതാഭ് ബച്ചൻ, ഫർഹാൻ അക്തർ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ വാസിർ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ബോളിവുഡ് താരവും മോഡലുമായ ഡിനൊ മോറിയയും ചിത്രത്തിൽ സൈനികന്റെ വേഷത്തിൽ എത്തുന്നുണ്ട്.

ദീപ്തി സതി, സുഹാസിനി, നാസർ, നേഹ ശർമ്മ, ശ്രുതി ഹരിഹരൻ, സായ് ധൻസിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖർജി, മനോജ് കെ.ജയൻ, ആൻ അഗസ്റ്റിൻ, സായ് തംഹങ്കർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദുൽഖർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരായാണ് നാസറും സുഹാസിനിയും എത്തുക. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കുന്ന ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത് കരിയറിൽ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആയിരിക്കുമെന്ന് ബിജോയ് നന്യാർ നേരത്തേ പറഞ്ഞിരുന്നു.