തിരുവനന്തപുരം: കേരളത്തിലെ ആദിവാസി കുട്ടികളുടെ പട്ടിണി മരണങ്ങൾ സോമാലിയയേക്കാൾ ഭീതിപ്പെടുത്തുന്നതാണ് എന്ന പ്രസംഗിച്ച് പോയ ശേഷം ഒരു ദിവസം വൈകിയാണ് വിവാദം സോഷ്യൽ മീഡിയയിൽ കത്തിയത്. തെരഞ്ഞെടുപ്പ് കാലമായതിനാൽ സൈബർ ലോകത്തിനൊപ്പം മാദ്ധ്യമങ്ങലും രാഷ്ട്രീയക്കാരും വിഷയം ഏറ്റുപിടിച്ചു. പ്രധാനമന്ത്രി മോദിയെ എതിർക്കാൻ വേണ്ടി മാത്രമായി കണ്ട് ട്രോളുകളുടെ പെരുമഴയുമുണ്ടായി. എന്നാൽ, സോഷ്യൽ മീഡിയയിൽ ട്രോളുകൾ പെരുകുന്നതിനൊപ്പം മലയാളിയുടെ മനസിലെ വർണ്ണവെറിയും വംശീയ വെറുപ്പും പുറത്തുവന്നോ? സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഇപ്പോഴത്തെ പോസ്റ്റുകൾ കാണുമ്പോൾ അങ്ങനെ തന്നെയുള്ള വിലയിരുത്തലാണ് പുറത്തുവരുന്നത്.

സോമാലിയ എന്ന പട്ടിണി രാഷ്ട്രത്തെ അപമാനിക്കുന്ന വിധത്തിലാണ് കേരളത്തിലെ ചർച്ചകൾ ഇപ്പോൾ നടക്കുന്നത്. ചില ട്രോൾ പോസ്റ്റുകൾ അതിരുകടക്കുകയും ചെയ്തു. ആഫ്രിക്കൻ രാജ്യത്തെ പട്ടിണി ചിത്രങ്ങൾക്കൊപ്പം നേതാക്കളുടെ തല ചേർത്തുവച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് വർണ്ണവെറിയുടെ കൂടി പ്രതിധ്വനി നിഴലിക്കുന്നതായി മാറിയത്. സിപിഐ(എം) സൈബർ ഭടന്മാൻ തന്നെയാണ് ഇത്തരത്തിലുള്ള പോസ്റ്ററുമായി രംഗത്തെത്തിയത്. മെലിഞ്ഞുണങ്ങിയ ആഫ്രിക്കൻ കുഞ്ഞിന്റെ ഉടലിനോട് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ചിത്രം ചേർത്തുവച്ചാണ് ഒരു പോസ്റ്റർ. ഈ പോസ്റ്ററിന് എതിരെ നിരവധി പേർ പ്രതികരിക്കുകയും ചെയ്തു.

മോദി പറഞ്ഞതിലെ തെറ്റ് ചൂണ്ടിക്കാട്ടി പൊളിച്ചടക്കുന്ന കണക്കുകൾക്കൊപ്പം തന്നെയാണ് ഇത്തരത്തിൽ അവഹേറളിക്കുന്ന പോസ്റ്ററുകളും പുറത്തുവന്നത്. നരേന്ദ്ര മോദിയെ കളിയാക്കാനും ട്രോൾ ചെയ്യാനും ആളുകൾ ഉത്സാഹിക്കപ്പെട്ടപ്പോൾ ശരിക്കും അപമാനിക്കപ്പെട്ടത് സൊമാലിയയിലെ പട്ടിണിപ്പാവങ്ങളായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. വ്യവസ്ഥിതിയുടെ കുഴപ്പം കൊണ്ട് മാത്രം പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന ഒരു ജനവിഭാഗത്തെ ട്രോളിന് വേണ്ടിയാണെങ്കിൽ പോലും അപമാനിക്കുകയായിരുന്നു സാക്ഷര കേരളം എന്നാണ് പലരും ചൂണ്ടിക്കാട്ടിയത്.

മുതിർന്ന സിപിഐ(എം) പ്രവർത്തകർ പോലും കുമ്മനത്തിന്റെ ഫോട്ടോഷോപ്പ് ചിത്രം ഷെയർ ചെയ്തിരുന്നു. ഇതിന് മറുപടിയുമായി കുമ്മനം ഫേസ്‌ബുക്കിലൂടെ രംഗത്തെത്തുകയും ചെയ്തു. കടുത്ത ദാരിദ്ര്യം മൂലം മെലിഞ്ഞുണങ്ങിയ ഒരു വ്യക്തിയുടെ ഉടലിനോട് എന്റെ തല ഒട്ടിച്ചു ചേർത്ത് ഉണ്ടാക്കിയ പോസ്റ്റർ കമ്മ്യൂണിസ്റ്റു പാർട്ടിയിലെ തല മൂത്ത ചിന്തകർ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിൽ വ്യക്തമാകുന്നത് അടിസ്ഥാനജനവിഭാഗങ്ങളോടുള്ള പുച്ഛമാണെന്ന് കുമ്മനം ആരോപിച്ചു.

എന്നെ പരിഹസിക്കുന്നതിനായി ഒരു സഹജീവിയോടുള്ള പരിഗണന പോലും നല്കാതെയല്ലേ ഈ നാട്ടിലെ ഏറ്റവും നികൃഷ്ടരായവർ എന്ന സൂചനയോടെ ആ വ്യക്തിയുടെ ഉടൽ എന്റെ തലയോട് ചേർത്ത് വച്ച് അപഹസിച്ചത് ? ദരിദ്രർ നികൃഷ്ടരായി കാണപ്പെടേണ്ടവർ ആണെന്ന ഈ മനോഭാവം എങ്ങനെ കമ്മ്യൂണിസ്റ്റുകാർക്ക് ഭൂഷണമാകുമെന്നും കുമ്മനം ചോദിച്ചു.

അതേസമയം സിപിഐ(എം) പ്രവർത്തകരുടെ ട്രോളുകൾക്ക് മറുപടിയുമായി എത്തിയ സൈബർ ലോകത്തെ സംഘപരിവാറുകാർ ശ്രീലങ്കൻ യുദ്ധക്കെടുതി അനുഭവിക്കുന്നസ്ഥലത്തെ ആദിവാസി കുഞ്ഞുങ്ങളുടെ ചിത്രവുമായാണ് രംഗത്തെത്തിയത്. ഔട്ട്‌ലുക്ക് വാരിക കേരളത്തിലെ ആദിവാസി മേഖലയിലെ പട്ടിണി മരണം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച് എഡിഷന്റെ കവർ ഇമേജാണ് സംഘപരിവാരുകാർ ആഘോഷിച്ചത്. എന്നാൽ, അന്ന് ഔട്ട്‌ലുക്ക് വരികയ്ക്ക് തന്നെ ഈ വിഷത്തിൽ പിശകു പറ്റിയിരുന്നു.

മോദിയുടെ പ്രസംഗം കഴിഞ്ഞ് മൂന്നാം ദിവസവും ഈ വിഷയം തന്നെയാണ് ഫേസ്‌ബുക്കിലെ ട്രോളുകൾക്ക് കുറവില്ല. ട്രോളുകൾ പെരുകുമ്പോൾ തന്നെ അത് പട്ടിണിയെയും സോമാലിയ പോലൊരു ദരിദ്ര്യ രാഷ്ട്രത്തെയും അപമാനിക്കലാണെന്ന വികാരവും കൂടുതൽ പേർ പങ്കുവെക്കുന്നു.