മോഗാദിഷു: തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് സൊമാലിയൻ മന്ത്രി അബ്ദുള്ളാഹി ഷെയ്ഖ് അബ്ബാസിനെ (31) സുരക്ഷാ ജീവനക്കാർ വെടിവെച്ചുകൊന്നു. തലസ്ഥാനമായ മോഗാദിഷുവിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്തു വച്ചാണ് വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മന്ത്രിക്ക് വെടിയേറ്റത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു യുവാവായ അബ്ദുള്ളാഹി ഷെയ്ഖ് അബ്ബാസ്.

സോമാലിയൻ ഓഡിറ്റർ ജനറലിന്റെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരാണ് തീവ്രവാദികളുടെ വാഹനമെന്ന് തെറ്റിദ്ധരിച്ച് മന്ത്രിയുടെ വാഹനത്തിനു നേരെ വെടിയുതിർത്തത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ കാറിനു നേരെ സുരക്ഷാ ജീവനക്കാർ വെടിയുതിർത്തതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ അംഗരക്ഷകർ തിരികെ വെടിയുതിർത്തു. ഇതിനിടയിലാണ് അബ്ദുള്ളാഹിക്ക് വെടിയേറ്റത്. അംഗരക്ഷകരിൽ പലർക്കും ഗുരതരമായി പരിക്കേൽക്കുകയും ചെയ്തു.

ഒരു അഭയാർഥി ക്യാമ്പിൽ വളർന്ന അബ്ദുള്ളാഹി കഴിഞ്ഞ നവംബറിലാണ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സൊമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ് അദ്ദേഹം. ഫെബ്രുവരിയിലാണ് മന്ത്രിയാകുന്നത്. ഭീകരവാദികളുടെ ആക്രമണം തുടർച്ചയായി നടക്കുന്ന സോമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണുള്ളത്. അൽ ഷബാബ് എന്ന തീവ്രവാദി വിഭാഗങ്ങൾ പലപ്പോഴും കൊട്ടാരങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവയ്ക്കു നേരെ നിരന്തരം ആക്രമണങ്ങൾ നടത്താറുണ്ട്.