ദോഹ: ഖത്തറിൽ ഡ്രൈവിങ് പഠനം ഇനി ചിലവേറും. ഡ്രൈവിങ് സ്‌കൂളുകൾ ഈടാക്കുന്ന ഫീസ് തുക കുത്തനെ വർദ്ധിപ്പിച്ചതാണ് ഇനി ഡ്രൈവിങ് പരിശീലിക്കാൻ തയ്യാറെടുക്കുന്നവർക്ക് ഇരുട്ടടിയാകുന്നത്. വൻ വർദ്ധധനവ് ആണ് സ്‌കൂളുകൾ നടത്തിയത്. ഇന്ധന വിലയും താമസ വാടകയും കൂടിയ സാഹചര്യത്തിലാണ് അമിത ഫീസ് ഈടാക്കുന്നതെന്നാണ് ഡ്രൈവിങ് സ്‌കൂൾ അധികൃതരുടെ വിശദീകരണം.

വീട്ടു വാടകയിലും ഇന്ധന വിലയിലുമുണ്ടായ കുതിപ്പ് സാധാരണക്കാരായ പ്രവാസികളെ പ്രതികൂലമായി ബാധിച്ച പ്രവാസികൾക്ക് ഡ്രൈവിങ് സ്‌കൂളുകളിലെ ഫീസ് വർധനവ് കനത്ത പ്രഹരമാകും. മെച്ചപ്പെട്ട ജോലി ലഭിക്കാൻ ഡ്രെവിങ് ലൈസൻസ് അത്യാവശ്യമാണെന്നിരിക്കെ ഈ രംഗത്തുണ്ടാവുന്ന നിരക്ക് വർധനവ് തൊഴിലന്വേഷകരെയും പ്രതികൂലമായി ബാധിക്കും.

നിലവിൽ ഏതെങ്കിലും ജിസിസി രാജ്യങ്ങളിൽ ലൈസൻസുള്ളവർക്ക് ചെറിയ നടപടിക്രമങ്ങൾക്കു ശേഷം ലൈസൻസ് അനുവദിക്കുന്ന രീതിയും ഈയിടെ റദ്ദാക്കിയിരുന്നു. ഇന്ത്യ ഉൾപ്പടെ മറ്റു രാജ്യങ്ങളിൽ ലൈസൻസ് ഉണ്ടായിരുന്നവർക്ക് നേരത്തെ അനുവദിച്ചിരുന്ന ഇളവുകളും ഇപ്പോൾ നിലവില്ല. അതുകൊണ്ടു തന്നെ അംഗീകൃത സ്‌കൂളുകളിൽ മുഴുവൻ ക്ലാസുകളും പൂർത്തിയാക്കുന്നവർക്ക് മാത്രമേ ഡ്രൈവിങ് ലൈസൻസ് നേടാൻ അർഹത ഉണ്ടാവൂ.

ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് നേരത്തെ ഈടാക്കിയിരുന്ന 2400 റിയാലിന് പകരം 3400 മുതൽ 4000 റിയാൽ വരെയാണ് പല സ്‌കൂളുകളും വാങ്ങുന്നത്. ചില ഡ്രൈവിങ് സ്‌കൂളുകൾ അതി വേഗ പഠന കോഴ്‌സുകൾക്കായി 5000 റിയാൽ വരെ ഫീസ് ഈടാക്കുന്നുണ്ട്.