- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്യുമറേറ്റർമാരെ തടസ്സപ്പെടുത്താനും കയ്യേറ്റം ചെയ്യാനും ശ്രമം; 'സംസ്ഥാന സർക്കാരിനെ നോക്കുകുത്തിയാക്കി പൗരന്മാരുടെ വിവരശേഖരണം; ഏഴാം സാമ്പത്തിക സെൻസസ് പുരോഗമിക്കുന്നതിനിടെ ശക്തമായ എതിർപ്പുമായി പോപ്പുലർ ഫ്രണ്ട് അടക്കമുള്ള സംഘടനകൾ; ദൃശ്യങ്ങളും പുറത്ത്
കോഴിക്കോട്: രാജ്യത്തുടനീളം ഏഴാം സാമ്പത്തിക സെൻസസ് പുരോഗമിക്കുന്നതിനിടെ കേരളത്തിലെ ചില പ്രദേശങ്ങളിൽ എതിർപ്പുമായി പോപുലർ ഫ്രണ്ട് അടക്കമുള്ള സംഘടനകൾ രംഗത്ത്. സംസ്ഥാന സർക്കാരിനെ നോക്കുകുത്തിയാക്കിയാണ് പൗരന്മാരുടെ വിവരശേഖരണം നടത്തുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം.
കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ വീടുകളിൽ വിവരങ്ങൾ ശേഖരിക്കാനെത്തിയ എന്യൂമറേറ്റർമാരെ ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും ആക്ഷേപം ഉയർന്നിരുന്നു. സർവേയ്ക്ക് എത്തുന്നവരെ വിവരങ്ങൾ ശേഖരിക്കുന്നത് തടസ്സപ്പെടുത്താൻ ബോധപൂർവം ശ്രമം നടത്തുന്നതിന്റെ മൊബൈൽ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കണക്കെടുപ്പ് കേരളത്തിൽ നടത്താൻ അനുവദിക്കില്ലെന്നും എസ്ഡിപിഐ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഡിജിറ്റൽ സേവന കേന്ദ്രമായ കമ്മ്യൂണിറ്റി സർവീസ് സെന്ററുകൾ വഴിയാണ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത്. സാമ്പത്തിക സെൻസസ് വിവരങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും എത്തി ഗവൺമെന്റ് അംഗീകൃത ഏജൻസിയുടെ എന്യൂമറേറ്റർമാർ, മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.മുഴുവൻ വാർഡുകളും സന്ദർശിച്ചാണ് വിവര ശേഖരണം.
ഡിസംബർ 31ന് മുൻപേ സെൻസസ് പൂർത്തിയാക്കേണ്ടതുള്ളതിനാൽ ദ്രുതഗതിയിലാണ് പ്രവർത്തനം തുടരുന്നത്. അതാത് ജില്ലാ കളക്ടർമാർ അധ്യക്ഷനായ സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഏഴാം സാമ്പത്തിക സെൻസസിന് ജനങ്ങൾ കൃത്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഡപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്‌കർ നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ സാമ്പത്തിക സർവേയുടെ മറവിൽ വിവരശേഖരണം കേന്ദ്ര സർക്കാരിന്റെ ദുരൂഹനീക്കമെന്നാണ് പോപുലർ ഫ്രണ്ടിന്റെ ആക്ഷേപം. പൗരത്വ നിഷേധത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ഏജൻസികളെ ഒഴിവാക്കുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്. സർവേയിൽ പൗരത്വ നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടുന്നതായി ഇവർ ആരോപിക്കുന്നു.
ഡിജിറ്റൽ സർവീസ് മാത്രം നടത്തുന്ന ഇത്തരം സെന്ററുകളെ സാമ്പത്തിക സർവേ പോലെയുള്ള സുപ്രധാന ഉത്തരവാദിത്വം ഏൽപ്പിച്ചതും സംശയാസ്പദമാണ്. രഹസ്യമായി സൂക്ഷിക്കേണ്ട പൗരന്മാരുടെ വിവരങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുമെന്നിരിക്കെ ആരുടെ അറിവോടെയാണ് കേരളത്തിൽ ഇത്തരമൊരു സർവേയ്ക്ക് അനുമതി നൽകിയതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് വാക്സിനേഷൻ നടപടികൾ തീരുന്ന മുറയ്ക്ക് പൗരത്വ നിയമവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് നീങ്ങുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ദുരൂഹത ഉയർത്തുന്ന വിവരശേഖരണമെന്നാണ് എസ്ഡിപിഐ ആരോപിക്കുന്നത്..
മറുനാടന് മലയാളി ബ്യൂറോ