മലപ്പുറം: അയൽവാസികൾ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കോളജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ഡോ. പി ഗീതയും മകൾ അപർണയും കുറച്ചു നാൾ മുമ്പാണ് രംഗത്തുവന്നത്. ഭക്ഷണം നൽകിയിരുന്ന പട്ടിയെ അയൽവാസികൾ കൊന്നു കഷ്ണങ്ങളാക്കിയെന്നും കഞ്ചാവ് മാഫിയയ്ക്ക് റെസിഡൻസ് അസോസിയേഷൻ കുട പിടിക്കുകയുമാണെന്നായിരുന്നു ആരോപണങ്ങൾ. വീടിനു സമീപത്ത് തീയിട്ട് തങ്ങളുടെ സുരക്ഷയ്ക്കുതന്നെ ഭീഷണിയാവുകയാണെന്നു പൊലീസിൽ നൽകിയ പരാതിയിലും ഇവർ പറഞ്ഞിരുന്നു. ഏറെ വിവാദമായ ചർച്ചകൾക്കാണ് ഗീതയുടെയും മകളുടെയും ആരോപണങ്ങൾ സോഷ്യൽമീഡിയയിൽ വഴിയൊരുക്കിയത്.

എതിർവാദവുമായും ഒരു പക്ഷം രംഗത്തെത്തിയിരുന്നു. എതിർവാദമുന്നയിച്ചവർക്കെതിരേ പി ഗീത പൊലീസ് സൈബർ സെല്ലിലും പരാതി നൽകിയിരുന്നു. ഇക്കാര്യങ്ങളിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോളജ് അദ്ധ്യാപകൻ കൂടിയായ എം എസ് അജിത്ത്. പ്രശ്‌നത്തെക്കുറിച്ച് താൻ അന്വേഷിച്ചെന്നും ഡോ. ഗീതയും അപർണയും ഒരു വർഷത്തിനുള്ളിൽ ഫേസ്‌ബുക്കിൽ ഇട്ട വിവിധങ്ങളായ കുറിപ്പുകൾ, ഫോട്ടോകൾ, വീഡിയോകൾ, കമന്റഉകൾ എന്നിവ സൂക്ഷ്മമായി പരിശോധിച്ചെന്നും കാട്ടിയാണ് അജിത് വിശദീകരണം നൽകിയിരിക്കുന്നത്. താൻ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ കൂടി പരിഗണിച്ച് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കണമെന്ന അഭ്യർഥനയോടെയാണ് അജിത് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

അജിത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം


ഡോ.പി.ഗീതയ്ക്ക് ഖേദപൂർവ്വം.

അങ്ങാടിപ്പുറത്ത് ഡോ.പി.ഗീത ടീച്ചറും കുടുംബവും വിവേചനം അനുഭവിക്കുന്നു എന്ന് സൂചിപ്പിച്ചു കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റുകളിൽ ചില സംശയങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. അതിനെ തുടർന്നുണ്ടായ ചർച്ചകളിൽ ടീച്ചറുടെ മകൻ അതുൽ പവിത്രനടക്കമുള്ളവർ കാര്യങ്ങൾ അന്വേഷിച്ചറിയാൻ അഭ്യർത്ഥിച്ചിരുന്നു. ചില എതിരഭിപ്രായങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ ഞാനടക്കം ഏഴ് പേർക്കെതിരെ പൊലീസ് സ്റ്റേഷനിൽ സൈബർ നിയമപ്രകാരം പരാതി നൽകി എന്ന് അറിയുന്ന ഈ സന്ദർഭത്തിൽ ,ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന ആലോചനയിൽ ഇരിക്കുമ്പോഴാണ് ഗീത ടീച്ചറുടെ അയൽവാസിയായ അമ്മു അമ്മ മരിച്ചതായ വിവരം അറിഞ്ഞത്. അതിനെ തുടർന്ന് ആ വീട്ടിൽ ഞാനും പ്രേമൻ മാഷും ഹസ്‌ക്കറലിയും പോവുകയും കുടുംബാംഗങ്ങളോടും ബന്ധുക്കളോടും അയൽക്കാരോടും റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളോടും നേരിൽ സംസാരിക്കുകയുമുണ്ടായി. അവിടെ നിന്ന് തിരിച്ചെത്തിയ ശേഷം ഗീത ടീച്ചറും മകൾ അപർണ പ്രശാന്തിയും ഒരു വർഷത്തിനുള്ളിൽ ഫേസ്‌ബുക്കിൽ ഇട്ട വിവിധങ്ങളായ കുറിപ്പുകൾ, ഫോട്ടോകൾ, വീഡിയോകൾ, കമന്റുകൾ എന്നിവ സൂക്ഷ്മമായി പരിശോധിക്കുകയുണ്ടായി.ഗീത ടീച്ചർക്കും കുടുംബത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തുന്ന സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ള എല്ലാവരും ഞാൻ തുടർന്ന് എഴുതാൻ പോകുന്ന കാര്യങ്ങൾ കൂടി പരിശോധിച്ചതിന്റെ വെളിച്ചത്തിൽ അവിടെയുള്ള പ്രശ്‌നങ്ങൾക്ക് രമ്യമായ ഒരു പരിഹാരമുണ്ടാക്കാൻ പരിശ്രമിക്കണമെന്ന് അഭ്യർഥിക്കുന്നു.

1. ചുരുങ്ങിയത് ശ്വാസകോശമോ ഹൃദയമോ?

ശ്വാസകോശം ചുരുങ്ങുന്ന അസുഖമുണ്ടോ എന്ന് 2017 മാർച്ച് 18 ലെ പോസ്റ്റിൽ ഗീത ടീച്ചർ പരിഹസിച്ചിരുന്നല്ലോ. അങ്ങനെ ഒരു അസുഖമുണ്ട്.അതിന്റെ പേര് ' EMPHYSEMA ' എന്നാണ്. അലർജിക് ആണ്. അയൽക്കാരിയായ അമ്മു അമ്മ ആ അസുഖം ബാധിച്ച് പെരിന്തൽമണ്ണ എം ഇ എസ് ഹോസ്പിറ്റലിൽ ദീർഘകാലം ചികിത്സയിലായിരുന്നു. ആ അസുഖം മൂർച്ഛിച്ചാണ് അവർ മരിച്ചത്. ഫേസ്‌ബുക്കിൽ പരിഹാസ പോസ്റ്റിടുന്നതിന് മുമ്പ് തൊട്ട് അയൽവീട്ടിലോ, പരിചയത്തിലുള്ള ഡോക്ടർമാരോടോ, ഗൂഗിളിലോ ഒന്ന് ചോദിച്ചാൽ സംശയം മാറുമായിരുന്നു. ഗുരുതരാവസ്ഥയിലായ അവർ അവസാന ദിവസങ്ങളിൽ കിടന്ന കിടപ്പിൽ തന്നെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കേണ്ട അവസ്ഥയിലായിരുന്നു. പൊലീസ് വരുമെന്ന ഭയം കൊണ്ട് ,വീട്ടുകാർ ആ അഴുക്കു തുണികൾ കത്തിക്കാതെ ചെറിയ വീട്ടിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് ' ഗീതയെ ഒന്ന് ഫോൺ വിളിച്ചു തന്നാൽ ഇതും കൂടെ ഒന്ന് കത്തിച്ചോട്ടേ, പ്രശ്‌നമുണ്ടാക്കരുത് എന്ന് ഗീതയോട് ഞാൻ പറയാം' എന്ന് കിടപ്പിലായ രോഗി പറഞ്ഞതായി അവരുടെ മകൾ ഞങ്ങളോട് പറയുകയുണ്ടായി. തുടർന്ന് മരണത്തിന്റെ ചടങ്ങുകൾക്ക് ശേഷം ആ മലിനമായ തുണികൾ അവർ അവരുടെ വീട്ടുപറമ്പിൽ ഇട്ട് കത്തിക്കുകയുണ്ടായി. അതിന്റെ വീഡിയോ അപർണ പ്രശാന്തി എടുക്കുന്നത് കണ്ട് പരിഭ്രാന്തരായ അവർ പൊലീസ് വരുമോ എന്ന ഭയത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ആ വീട്ടിൽ കഴിഞ്ഞു വന്നിരുന്നത്. എത്ര ഭീതിദമായ അവസ്ഥയാണിത്.മൃഗങ്ങളോടുള്ള സ്‌നേഹം ഒറ്റപ്പെട്ട മനുഷ്യരോടും വേണ്ടേ?

2. വെജിറ്റേറിയൻ നായ്ക്കളും നോൺ വെജിറ്റേറിയൻ അയൽക്കാരും .

നായ്ക്കളെ വളർത്താൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് വേണമെന്നാണ് നിയമം. പേവിഷബാധക്കെതിരെയുള്ള വാക്‌സിനേഷൻ നടത്തിയ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ
നൽകിയാലേ ലൈസൻസ് നൽകു എന്നാണെന്റെ അറിവ്. അങ്ങനെയൊരു ലൈസൻസ് പരിസരവാസികളാൽ കൊല ചെയ്യപ്പെട്ടു എന്ന് ആരോപിക്കുന്ന 'ഒറ്റ 'എന്ന
നായ്ക്കുട്ടിയടക്കം ഗീത ടീച്ചർ ഭക്ഷണം കൊടുക്കുന്ന നിരവധി നായകൾക്കില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. ജന്തുക്കളോട് സ്‌നേഹമാവാം. കാരുണ്യമാവാം. അത് സാമൂഹികമായ ഉത്തരവാദിത്വത്തോട് കൂടി ചെയ്യാനാണ് ലൈസൻസും നിയമങ്ങളും ഉള്ളത്. ഇത്തരത്തിലുള്ള നിയമങ്ങളെ അനുസരിച്ചോ, പാലിച്ചോ സമീപവാസികൾക്ക് ഉപദ്രവമില്ലാതെയോ അല്ല ഗീത ടീച്ചർ നായ്ക്കളെ സംരക്ഷിക്കുന്നത്.( നാട്ടുകാരെ പട്ടി കടിക്കുക,വീടുകളിൽ നിന്നുള്ള ചെരുപ്പുകൾ പട്ടികൾ എടുത്തു കൊണ്ടു പോവുക, ഗീത ടീച്ചറുടെ പട്ടിയും പട്ടിക്കുട്ടികളും കൂടി അയൽവാസിയുടെ കിണറ്റിൽ വീഴുക തുടങ്ങി നിരവധി കാര്യങ്ങൾ സമീപ വാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ അവിടെ ഉണ്ടായിട്ടുണ്ട് ) ഗീത ടീച്ചർ ഷെയർ ചെയ്ത (f b post 2016 ഒക്ടോബർ ) ഫോട്ടോയിലെ ഒറ്റ എന്ന നായ ആരുടെ ഉടമസ്ഥതയിലുള്ളതാണ്? ടീച്ചറുടെയാണോ? ആണെങ്കിൽ അത് സൂചിപ്പിക്കാത്തത് എന്താണ്.? അതിന്റെ കഴുത്തിൽ ഒരു ബെൽറ്റ് കാണുന്നു.ആരിട്ടതാണത്? പിന്നീട് മാസങ്ങൾക്ക് ശേഷമുള്ള അഴിമുഖം അഭിമുഖത്തിലും അപർണ പ്രശാന്തിയുടെ മാർച്ച് 21 ലെ പോസ്റ്റിലും നായ്ക്കുട്ടിയെ കഷണങ്ങളായി മുറിച്ച് വീടിന് മുന്നിലായി ഇട്ടതായി പറയുന്ന രീതിയിലല്ലല്ലോ ഫോട്ടോ യിൽ കാണുന്നത് ,അതെന്തുകൊണ്ടാണ്? പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വാഹനമിടിച്ചാണ് നായ്ക്കുട്ടി മരിച്ചതെന്നാണ് ഡോക്ടർ രേഖപ്പെടുത്തിയതെന്നാണ് സമീപവാസികൾ പറയുന്നത്. ആറ് മാസങ്ങൾ കഴിഞ്ഞല്ലോ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് Fb യിൽ ഷെയർ ചെയ്ത് കൂടേ? ഒക്ടോബർ മാസത്തിലുണ്ടായ പട്ടിയുടെ മരണസംബന്ധമായ പോസ്റ്റുകളിൽ എവിടെയും കഞ്ചാവ് മാഫിയയെ സൂചിപ്പിക്കുന്നില്ല. 6 മാസങ്ങൾക്ക് ശേഷം മറുനാടൻ മലയാളിയിൽ കഞ്ചാവ് വില്പനക്കാർക്കെതിരെ പട്ടി കുരച്ചതിന്റെ പേരിൽ റസിഡൻസ് അസോസിയേഷൻകാർ പട്ടിയെ കൊന്നു എന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയൊക്കെ എന്തടിസ്ഥാനത്തിൽ ഉണ്ടായതാണ്? കഞ്ചാവ് വില്പന നടത്താൻ റസിഡൻസ് അസോസിയേഷന്റെ സമ്മതവും താത്പര്യവും ഉണ്ടെന്നല്ലേ അതിനർഥം?
ഏത് റസിഡൻസ് അസോസിയേഷനാണ് തങ്ങളുടെ ഏരിയയിൽ കഞ്ചാവ് വില്പനക്ക് കൂട്ടുനിൽക്കുക? എന്ത് ആരോപണമാണിത്?അതിന്റെ പേരിൽ അയൽക്കാരെയും റെസിഡൻസ് അസോസിയേഷനെയും പ്രതിക്കൂട്ടിൽ നിർത്തിയ പോസ്റ്റുകൾ ശരിയല്ലെന്ന് കണ്ടാൽ പിൻവലിച്ച് മാപ്പു പറയേണ്ടതല്ലേ?
അങ്ങാടിപ്പുറത്തെ അയൽക്കാർ സഹജീവി സ്‌നേഹമില്ലാത്തവരാണെന്നോ, നായ്ക്കളോട് വിരോധമുള്ളവരാണെന്നോ അവിടെ പോയി കണ്ട എനിക്ക് തോന്നിയില്ല. ടീച്ചറുടെ വടക്കു ഭാഗത്തുള്ള അയൽ വീട്ടിൽ നായയെ വളർത്തുന്നുണ്ട്. അങ്ങാടിപ്പുറത്തെ അയൽക്കാർ അവരുടെ കുട്ടികളെ കളിപ്പിക്കാനും ഭക്ഷണം കൊടുക്കാനും ഈ നായ്ക്കളെ ഉപയോഗിച്ചിരുന്നതായും ,അവരുടെ വീട്ടിലെ മാംസാഹാരത്തിന്റെ എച്ചിൽ ഈ നായ്ക്കൾക്ക് കൊടുത്തിരുന്നതായും, മീൻ വേസ്റ്റും ഇറച്ചി വേസ്റ്റും ഈ കമ്മ്യൂണിറ്റി നായ്ക്കൾക്ക് കൊടുത്തതായും ഒക്കെ ടീച്ചർ തന്നെ തന്റെ പല ഫേസ് ബുക്ക് പോസ്റ്റുകളിൽ പരിഹസിക്കുന്നതിന്റെ ഭാഗമാണെങ്കിലും സൂചിപ്പിക്കുന്നുണ്ട് . അക്രമങ്ങൾ ചെയ്ത നായ്ക്കൾ നിങ്ങളുടെ വീട്ടിലെ മാംസാഹാരത്തിന്റെ എച്ചിൽ തിന്ന നായ്ക്കളാവാം എന്നാണ് ഒരു fb പോസ്റ്റിൽ (fb post മാർച്ച് 19 ) ഗീത ടീച്ചർ ആരോപിക്കുന്നത്. . ഞാൻ നായ്ക്കൾക്ക് നൽകുന്നത് ശുദ്ധ വെജിറ്റേറിയൻ ഭക്ഷണമാണ്. നായ്ക്കൾ വല്ല അക്രമവും കാണിച്ചെങ്കിൽ അതിന്റെ കാരണം നിങ്ങൾ നൽകിയ നോൺ വെജിറ്റേറിയൻ ഭക്ഷണമാണ് എന്നാണ് ടീച്ചർ ആരോപിക്കുന്നത്.ഇതിലെ സവർണ വെജിറ്റേറിയൻ പ്യൂരിറ്റൻ ബോധം നോക്കൂ. ഇങ്ങനെയൊക്കെയാണ് ഉള്ളിലെ സവർണത വെളിപ്പെട്ടു പോകുന്നത്.
പട്ടിപിടുത്തത്തെക്കുറിച്ചുള്ള ഒക്ടോബർ മാസത്തെ ആദ്യ പോസ്റ്റിൽ ഒരു പട്ടിപിടുത്തക്കാരൻ വീട്ടിൽ വന്നു എന്നേ പറയുന്നുള്ളു. ആറ് മാസം കഴിയുമ്പോൾ തെക്കും വടക്കും താമസിക്കുന്ന വീടുകളിലൂടെ ട്രെസ് പാസ് ചെയ്ത് പട്ടിപിടുത്തക്കാരെ കയറ്റി വിട്ടു എന്നായി. ഇതെന്തേ ആദ്യ പോസ്റ്റിൽ പറയാഞ്ഞത്? ആ രണ്ടു വീട്ടുകാരെ പ്രതിസ്ഥാനത്തെത്തിക്കാനുള്ള ഇപ്പോഴത്തെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ചിന്തിച്ചാൽ തെറ്റുപറയാനാവുമോ?

3. വീട്ടുതീയിൽ പെട്ട കുടുംബം

ഗീത ടീച്ചർ മാർച്ച് അഞ്ചാം തീയതി ഷെയർ ചെയ്ത വീഡിയോയിൽ 'ആണധികാരം വിഷം ചീറ്റുന്ന ' വീട്ടു തീയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇത് ഒന്ന് പരിശോധിക്കാം. ആറ് സെന്റ് ഭൂമിയിൽ ചെറിയ ഒരൊറ്റ നില വീട്ടിൽ താമസിക്കുന്നവരാണ് ഗീത ടീച്ചറുടെ അയൽ വീട്. ആ പറമ്പിൽ 3 തെങ്ങുകളല്ലാതെ മറ്റ് മരങ്ങൾ ഒന്നും തന്നെയില്ല.ഗീത ടീച്ചറാകട്ടെ അതിന്റെ ഒരു അഞ്ചിരട്ടിയെങ്കിലും വരുന്ന സ്ഥലത്ത്, നിറയെ മരങ്ങളുള്ള വലിയ ഒരു ഇരുനില വീട്ടിൽ ജയിലിന് സമാനമായ മതിലും ഗെയ്റ്റിൽ സി.സി.ടിവി ക്യാമറയും ഒക്കെയായി ജീവിക്കുകയാണ്.
ഗീത ടീച്ചറുടെ പറമ്പാണ് ഇവരുടെ രണ്ടു ഭാഗത്തുമുള്ള അതിരുകൾ. അവിടെ നിൽക്കുന്ന മരങ്ങൾ അയൽ വീടിലേക്ക് ചാഞ്ഞും ചെരിഞ്ഞും കൊമ്പുകൾ നീട്ടിയും നിൽക്കുകയാണ്. അതിൽ നിന്നുള്ള ഇലകൾ അയൽ വീടിന്റെ പറമ്പിലും കിണറിലും ഒക്കെ വീഴുകയാണ്. തങ്ങളുടെ പറമ്പിൽ, ഗീത ടീച്ചറുടെ മരങ്ങളിൽ നിന്ന് വീഴുന്ന കരിയിലകൾ അടിച്ച് വാരിക്കൂട്ടി അവിടെ തന്നെ ഇട്ട് കത്തിക്കുന്നതിനെയാണ് ഒരു അപരാധമായി കണ്ട് ' വീട്ടു തീ' എന്ന പേരിൽ fb യിൽ വീഡിയോ ഇടുന്നതിനും പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുന്നതിനും പൊലീസുകാർ അയൽ വീട്ടിൽ വരുന്നതിനും ഇടയാക്കിയത്. അവനവന്റെ പറമ്പിൽ വീഴുന്ന കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിൽ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടോ? അത് ചെയ്ത 4 വയസു മുതൽ 67 വയസുള്ള സ്ത്രീകൾ പൊലീസിന്റെ ചോദ്യം ചെയ്തലിന് വിധേയമായത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? അവനവന്റെ പറമ്പ് വൃത്തിയായി സൂക്ഷിക്കാൻ അവർക്ക് അവകാശമില്ലേ? ഇതിൽ എന്താണ് ക്രൈം?
പല ഇന്റർവ്യൂകളിലും ഗീത ടീച്ചറുടെ പറമ്പിലെ മരങ്ങളുടെ ചുവട്ടിൽ ' മണ്ണെണ്ണയൊഴിച്ച് കത്തിച്ചതായി സൂചിപ്പിച്ചു കണ്ടു. ടീച്ചറുടെ പറമ്പിലെ മരങ്ങളുടെ താഴെ ആരും അങ്ങനെ ഒരക്രമം ചെയ്തിട്ടില്ല എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. അങ്ങനെയാരെങ്കിലും മരം കത്തിക്കാൻ അതിർത്തി കടന്ന് വന്നിട്ടുണ്ടെങ്കിൽ ആരെന്നും എപ്പോഴെന്നും ഏത് മരമാണ് കത്തിച്ചതെന്നും കൃത്യമായി പറയണം. കാടടച്ച് വെടി വെക്കരുത്. മരം കത്തിച്ചിട്ടുണ്ടെങ്കിൽ എല്ലാം ഫോട്ടോയിൽ പകർത്തുന്ന ടീച്ചർ അതിന്റെ ഫോട്ടോ എടുത്തിട്ടില്ലേ? അതിന്റെ ഫോട്ടോയോ വീഡിയോ യോ ഷെയർ ചെയ്യാഞ്ഞതെന്താ എന്നത് വ്യക്തമാക്കണം.

4. പൊതുവഴിയിലെ കരിയിലകൾ

ഗീത ടീച്ചറുടെ വീട്ടിലേക്കുള്ള വഴിയിൽ കരിയിലകൾ കൂട്ടിയിട്ട് കത്തിച്ചു, അച്ഛൻ (ഡോ പി പവിത്രൻ)വരുന്ന സമയത്ത് കത്തിച്ചു, ഇലക്ട്രിക് ലൈനിന്റെ താഴെ കത്തിച്ചു ,റോഡിൽ കത്തിച്ച തീയ് പടർന്ന് സ്വന്തം വീട്ടിലേക്കെത്തുമോ എന്ന് ഭയന്നു എന്ന് തുടങ്ങിയ ആരോപണങ്ങൾ ഗീത ടീച്ചറുടെയും അപർണ പ്രശാന്തിയുടെയും fb പോസ്റ്റുകളിലും ഇന്റർവ്യുകളിലും കാണാം. എന്താണ് ഇതിന്റെ സത്യാവസ്ഥ എന്നൊന്ന് പരിശോധിക്കാം. നിരവധി ആൾക്കാർ ഉപയോഗിക്കുന്ന പൊതുവഴിയാണത്. പൂർണമായും ടാറും കോൺക്രീറ്റും ചെയ്ത ഇടുങ്ങിയ ഒരു വഴി. സമീപത്തെ മരങ്ങളിൽ നിന്ന് ഇലകൾ വീണാൽ അത് അഴുകിപ്പോവാൻ വേണ്ടത്ര മണ്ണ് പോലുമില്ലാത്ത വഴി. അവിടെ വീഴുന്ന കരിയിലകൾ അടിച്ചു കൂട്ടി സമീപവാസികൾ കത്തിക്കുന്നതിൽ എന്താണ് തെറ്റ്? അതൊരു പൊതുവഴിയല്ലേ? അവനവൻ നടക്കുന്ന പൊതുവഴി വൃത്തിയാക്കുന്ന പണി നഗരസഭ ചെയ്തില്ലെങ്കിൽ നാട്ടുകാർ ചെയ്യുന്നത് കേരളത്തിൽ പതിവല്ലേ? ഇതിൽ എന്താണ് ക്രൈം? ഇങ്ങനെ ചെയ്ത വയോധികയായ മറ്റൊരു അയൽക്കാരിയുടെ വീഡിയോ തുടർച്ചയായി അവരുടെ അനുവാദമില്ലാതെ ചിത്രീകരിച്ചപ്പോഴാണ് 'ഇനി എന്റെ ഫോട്ടോ എടുത്താൽ തുണി അഴിച്ചു കാണിക്കും'എന്ന് അവർ പ്രകോപിതയായി പറഞ്ഞതെന്നാണ് സമീപവാസികളോട് സംസാരിച്ചപ്പോൾ എനിക്ക് കിട്ടിയ വിവരം. ടീച്ചറുടെയോ മകളുടെയോ വീഡിയോ നിങ്ങളുടെ അനുമതിയില്ലാതെ ചിത്രീകരിച്ചാൽ നിങ്ങൾ സമ്മതിക്കുമോ? പ്രൈവസി ഏതൊരു മനുഷ്യനുമില്ലേ? ആ കോളനിയിലെ ഏതൊരു മനുഷ്യനുമുള്ള പ്രിവിലേജ് അല്ലേ അച്ഛനായ പി പവിത്രനുമുള്ളൂ? വഴിയോരത്ത് തീ കത്തിച്ചാൽ അദ്ദേഹത്തിന് വീട്ടിൽ പോകുന്നതിന് എന്താണ് തടസം? കേരളത്തിൽ എത് റോഡിലാണ് ഇലക്ട്രിക് ലൈനില്ലാത്തത്? കുറച്ചു കരിയില താഴെ കൂട്ടി കത്തിച്ചാൽ ഇലക്ട്രിക് കമ്പിക്ക് നോവുമോ? റോഡിൽ നിന്ന് വളരെ അകലെയാണ് ഗീത ടീച്ചറുടെ വീട് എന്ന് ഞങ്ങൾ കാണുകയുണ്ടായി. ഇത്ര അകലെയുള്ള വീട്ടിലേക്ക് റോഡിൽ കത്തിച്ച കരിയിലകളിലെ തീ പടരും എന്ന് ഭയപ്പെട്ടതായി പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
ഇലക്ട്രിക് ലൈനിനെ കുറിച്ച് ആശങ്കയുണ്ടെങ്കിൽ ഒരു കാര്യം ശ്രദ്ധിക്കൂ. അയൽക്കാരായ രണ്ട് വീട്ടിലേക്കുള്ള ഇലക്ട്രിക് ലൈൻ ടീച്ചറുടെ വീടിന്റെ അതിർത്തിയിലൂടെയാണ് പോകുന്നത്. ടീച്ചറുടെ വീട്ടിലെ മരത്തിന്റെ കൊമ്പുകൾക്കിടയിലൂടെ ഇലക്ട്രിക് ലൈൻ വളഞ്ഞ് പിരിഞ്ഞ് അപകടകരമായാണ് പോവുന്നത്. ഒരു നല്ല കാറ്റടിച്ചാൽ പോലും വലിയ അപകടമുണ്ടാവാം. പുറത്തിറങ്ങിയോ ഗേറ്റിലെ സി.സി ടി വിയിലൂടെയോ അതൊന്ന് നോക്കു. സ്വന്തം പറമ്പിലെ കൊമ്പുകൾ കോതി ആ അപകടം ഒഴിവാക്കൂ. ഗീത ടീച്ചർ ചെയ്തില്ലെങ്കിൽ KSEB യോ, അങ്ങാടിപ്പുറം നിവാസികളോ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണം എന്ന് അഭ്യർഥിക്കുന്നു.

5. റെസിഡൻസ് അസോസിയേഷൻ നാട്ടുകൂട്ടമോ?

റസിഡൻസ് അസോസിയേഷൻ ഒരു പ്രാദേശിക കൂട്ടായ്മയാണ്. കേരളത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും അതുണ്ട്. എന്തൊക്കെ കുറ്റം പറഞ്ഞാലും ജാതി വർഗ വർണ ദേശ രാഷ്ട്രീയ ചട്ടക്കൂടിനപ്പുറത്തുള്ള ഒരു കൂട്ടായ്മയാണത്. അതിന് അതിന്റേതായ ധർമ്മങ്ങൾ നിർവഹിക്കാനുണ്ട്. വഴി, വൈദ്യുതി, വെള്ളം മുതൽ അംഗങ്ങളുടെ കലാകായിക ആവിഷ്‌കാരങ്ങൾ വരെ. കാസർകോടൊക്കെ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ ചലച്ചിത്രോത്സവങ്ങളും സാഹിത്യ ക്യാമ്പുകളും സംഘടിപ്പിക്കപ്പെട്ടതിന് ഞാൻ സാക്ഷിയാണ്. ഗീത ടീച്ചറുടെ പ്രധാന പരാതി 'പ്രതീക്ഷ 'എന്ന റസിഡൻസ് അസോസിയേഷന് എതിരെയാണ്. പ്രതീക്ഷയുടെ ഭാരവാഹി സേതുവേട്ടനെ കണ്ട് സംസാരിച്ചു. റെസിഡൻസ് അസോസിയേഷന്റെ ഒരു മീറ്റിങ്ങിലും അപർണ പ്രശാന്തിയുടെ വിവാഹം സംബന്ധിച്ച് അജണ്ടയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും ,അസോസിയേഷൻ രൂപീകരിച്ചത് മുതലുള്ള സകല രേഖകളും ആർക്ക് മുമ്പിലും പരിശോധിക്കാനായി ഹാജരാക്കാം എന്നുമാണ് അദ്ദേഹം പറയുന്നത്. റെസിഡൻസ് അസോസിയേഷൻ ടീച്ചറുടെയോ മകളുടെയോ വ്യക്തി ജീവിതത്തിൽ കൈ കടത്തി എന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? എന്ത് തെളിവാണ് അതിനുള്ളത്? ടീച്ചറും കുടുംബവും ഇക്കാര്യം വിശദീകരിക്കാൻ ബാധ്യസ്ഥരാണ്.

6. ക്രിമിനലുകളെ വീട് കണ്ട് പ്രവചിക്കുന്ന പണിക്കന്മാർ.

'അയൽപക്കത്തെ വീട് കണ്ടാലറിയാം അവിടെ താമസിക്കുന്നത് ക്രിമിനലുകൾ ആണ് ' എന്ന്. ഗീത ടീച്ചറുടെ പോസ്റ്റിൽ 'രതിദേവി പണിക്കർ ' എഴുതിയ കമന്റാണിത്. ഒരു വീടിന്റെ ഫോട്ടോ കണ്ടിട്ട് അവിടെ താമസിക്കുന്നവർ ക്രിമിനലുകൾ ആണെന്ന് തീരുമാനിച്ചതിന്റെ യുക്തി എന്താണ്? വീട് ഒരല്പം ചെറുതായാൽ താമസിക്കുന്നവർ ക്രിമിനലുകൾ ആവുമോ? ആ വീട്ടിൽ താമസിക്കുന്നവർ ക്രൈം ചെയ്യുന്നവരാണെന്നും ,അതിന് തെളിവുണ്ട് എന്നും ആ കമന്റിനെ പിൻതാങ്ങിക്കൊണ്ട് അപർണ പ്രശാന്തി എഴുതിയത് ആ പോസ്റ്റിൽ തന്നെ കാണാം. 4 വയസ് മുതൽ 67 വയസ് വരെയുള്ള ആ വീട്ടിൽ താമസിക്കുന്ന 4 സ്ത്രീകൾ ചെയ്ത കുറ്റകൃത്യം എന്താണെന്ന് കോടതിയിൽ തെളിയിച്ചാലേ അവർ ക്രിമിനലുകൾ ആവു. അല്ലാതെ അവരെ ക്രിമിനലുകൾ എന്ന് വിളിക്കാനുള്ള അധികാരം ഒരാൾക്കുമില്ല. അവർ ചെയ്ത കുറ്റകൃത്യമെന്താണ് ? ഏത് കോടതിയാണവരെ ശിക്ഷിച്ചത്? ആരോപണങ്ങൾ സ്വയം ഉന്നയിച്ച് ഒരു കുടുംബത്തെ ക്രിമിനലുകൾ എന്ന് സമൂഹ മാധ്യമത്തിൽ അധിക്ഷേപിക്കുന്നത് ശരിയാണോ? ഈ പ്രസ്താവന പിൻവലിച്ച് രതിദേവിപണിക്കരും അപർണ പ്രശാന്തിയും മാപ്പു പറയേണ്ടതല്ലേ?

7. കല്ലേറിനുള്ള ക്വട്ടേഷൻ.

അപർണ പ്രശാന്തിയെ ആരെങ്കിലും കല്ലെറിഞ്ഞിട്ടുണ്ടെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ശിക്ഷിക്കുകയും വേണം. പക്ഷേ അത് ആരോ ക്വട്ടേഷൻ കൊടുത്തതാണെന്ന ഗീത ടീച്ചറുടെ fb പോസ്റ്റിന് (മാർച്ച് 16) തെളിവ് ടീച്ചർ ഹാജരാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അയൽവാസികൾ സംശയത്തിന്റെ നിഴലിലാകും. ആ പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ എന്താ സംഭവം എന്ന് പലരും ചോദിക്കുന്നുണ്ടെങ്കിലും ചോദ്യങ്ങൾക്ക് ടീച്ചർ മറുപടി പറയാതെ ഒഴിഞ്ഞു മാറുന്നതായി കാണുന്നു. അത് ശരിയല്ല. ആര് കൊടുത്ത ക്വട്ടേഷനാണെന്നും എന്തിന് കൊടുത്ത ക്വട്ടേഷനാണെന്നും തെളിയിക്കേണ്ട ബാധ്യത ഗീത ടീച്ചർക്കുണ്ട്. അത് ചെയ്യണം.

8. അരുൺ എസ് എൻ പള്ളിശേരി എന്ന ഏഴാം പ്രതി.

ഫേസ്‌ബുക്കിൽ നടന്ന ചർച്ചയുടെ പേരിൽ ഞങ്ങൾ എഴ് പേർക്കെതിരെ അപർണ പ്രശാന്തി പൊലീസ് സ്റ്റേഷനിൽ സൈബർ നിയമപ്രകാരം പരാതി നൽകിയതായി. അറിഞ്ഞു. അതിൽ ആറുപേർ എനിക്കറിയാവുന്ന ആൾക്കാരാണ്. പ്രേം കുമാർ, ഹസ്‌ക്കറലി, എം.സി അബ്ദുൾ നാസർ, എൻ വി മുഹമ്മദ് റാഫി,രാജശ്രീ ആർ ഒക്കെ ഇതിൽ പോസ്റ്റിട്ടവരോ കമന്റ് ചെയ്തവരോ ആണ്. ഇതിൽ ഉൾപ്പെടാത്ത, പോസ്റ്റിന് ലൈക്ക് മാത്രം ചെയ്ത നിരവധി പേരിൽ ഒരാളായ അരുൺ എസ് എൻ പള്ളിശ്ശേരി ഇതിൽ ഏഴാം പ്രതിയായതെങ്ങനെ എന്ന് അന്വേഷിച്ചു. കിട്ടിയ വിവരം ഇതാണ്. അരുണിന്റെ സുഹൃത്തായ ഒരു പെൺകുട്ടി ഗീത ടീച്ചറുടെ കീഴിൽ പട്ടാമ്പി ഗവ കോളേജ് മലയാള വിഭാഗത്തിൽ ഗവേഷണം ചെയ്യുന്നുണ്ടായിരുന്നു. അക്കാദമികമോ ഗവേഷണ സംബന്ധമോ അല്ലാത്ത ഒരു കാരണത്തിന്റെ പേരിൽ ടീച്ചർ ആ കുട്ടിയെ പുറത്താക്കുകയുണ്ടായി. അതിനെ സൂചിപ്പിച്ച് കൊണ്ട് അരുൺ fb യിൽ ഒരു കുറിപ്പെഴുതുകയുണ്ടായി. അതാവാം അരുൺ പ്രതിയാവാനുള്ള കാരണം. ടീച്ചർ പുറത്താക്കിയ പെൺകുട്ടി ഒരു പാട് പ്രയാസങ്ങൾക്ക് ശേഷം കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗത്തിൽ മറ്റൊരു അദ്ധ്യാപകന്റെ കീഴിൽ ഗവേഷണത്തിന് ചേർന്നു. അതിനെക്കുറിച്ച് ഗീത ടീച്ചറുടെ കമന്റ് ഞാൻ വായിക്കുകയുണ്ടായി. കാലിക്കറ്റ് സർവകലാശാലാ മലയാള വിഭാഗത്തെ വിഷലിപ്തമാക്കുകയാണ് ആ പെൺകുട്ടി എന്നാണ് ടീച്ചർ എഴുതിയത്. JRF ലഭിച്ച ഒരു പെൺകുട്ടിയുടെ ഗവേഷണത്തെക്കുറിച്ചുള്ള മുതിർന്ന ഒരു മലയാളം അദ്ധ്യാപികയുടെ ഈ പ്രസ്താവനയിൽ ലജ്ജയും പുച്ഛവും തോന്നുന്നു . ആ കുട്ടിയെ പുറത്താക്കിയത് സംബന്ധിച്ച രേഖകൾ പട്ടാമ്പി ഗവ കോളേജിൽ ഭദ്രമാണെന്നാണ് ഗീത ടീച്ചർ കമന്റിൽ സൂചിപ്പിക്കുന്നത് .എല്ലാ ഭദ്രമായ രേഖകളും ഒരു വിവരാവകാശം വഴി പുറത്തെടുക്കാവുന്നതേയുള്ളു. യു.ജി സി യുടെയും, സർവകലാശാലയുടെയും ഏത് ഗവേഷണ ചട്ടം ലംഘിച്ചതിന്റെ പേരിലാണ് ആ പെൺകുട്ടിയെ പുറത്താക്കിയതെന്ന് ഗീത ടീച്ചർ പൊതു സമൂഹത്തിന്റെ മുന്നിൽ വ്യക്തമാക്കേണ്ടതുണ്ട്.

9. ബുദ്ധിജീവികളായ പി.ആർ ഓ മാർ

അങ്ങാടിപ്പുറം വിഷയത്തിൽ എതിരഭിപ്രായം പറഞ്ഞവരെ കുറിക്കാൻ ഗീത ടീച്ചർ ഉപയോഗിക്കുന്ന വാക്കാണിത്. സമൂഹത്തിൽ ഏതെങ്കിലും തരത്തിൽ ഒറ്റപ്പെടുന്നവരോട് ഐക്യപ്പെടുക എന്ന കർത്തവ്യം ടീച്ചർ ചെയ്തിട്ടുണ്ടാകും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. അങ്ങാടിപ്പുറം സംഭവത്തിൽ ഫേസ്‌ബുക്കിൽ സജീവമല്ലാത്ത, കൂടെ വലിയ അനുയായി വൃന്ദങ്ങളില്ലാത്ത ഒരു കുടുംബത്തിന്റെ നിലപാടുകൾ സമൂഹമാധ്യമത്തിൽ രേഖപ്പെടുത്തുക എന്ന ധർമ്മമാണ് പ്രേമൻ മാഷും ഞാനുമടക്കമുള്ളവർ ചെയ്തത്. അതിനുള്ള അവകാശം ഏതൊരു പൗരനുള്ളതുപോലെ ഞങ്ങൾക്കുമുണ്ട് . ഞങ്ങളുടെ വാദങ്ങൾക്ക് മറുപടി പറയുന്നതിന് പകരം വ്യക്തിപരമായി ഞങ്ങളെ ആക്രമിക്കാനാണ് ടീച്ചറും മകളും ശ്രമിച്ചത്. എനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് തെളിവ് ( മലയാള സർവകലാശാലയിൽ അപർണ പ്രശാന്തിയുടെ നിയമനത്തിനായി വിദ്യാഭ്യാസ മന്ത്രി വിളിച്ചു എന്ന ആരോപണം സംബന്ധിച്ച് ) ഹാജരാക്കാൻ ഞാൻ ഗീത ടീച്ചറെ ടാഗ് ചെയ്ത് കമന്റ് വഴി ആവശ്യപ്പെട്ടിട്ട് മാസം ഒന്ന് കഴിഞ്ഞു. ഗീത ടീച്ചർ പ്രതികരിച്ചിട്ടില്ല. ഒരു വർഷം മുമ്പ് പ്രേമൻ മാഷ് അയച്ച മെസേജിനെ ദുർവ്യാഖ്യാനം ചെയ്ത് സമൂഹമാധ്യമത്തിൽ താറടിച്ചു കാണിക്കുന്നത് എന്ത് മര്യാദയാണ്?
വ്യക്തിപരമായി വിമർശിക്കുക, സ്‌ക്രീൻ ഷോട്ട് എടുത്ത് വാളിൽ ഒട്ടിക്കുക, പൊതു സുഹൃത്തുക്കളെ ഉപയോഗിച്ച് പോസ്റ്റ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുക, കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുക, ഇതിലൊന്നും വഴങ്ങുന്നില്ലെന്ന് കാണുമ്പോൾ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുക . ഇതാണോ ജനാധിപത്യപരമായ സംവാദത്തിന്റെ മാർഗ്ഗം?
ഉന്നയിക്കുന്ന വിഷയങ്ങളിലല്ലേ ചർച്ച നടക്കേണ്ടത്?

10. രാമബാണമേറ്റതിന്റെ ആനന്ദം.

ഫേസ്‌ബുക്കിൽ വന്നിട്ട് ഏഴ് വർഷമെങ്കിലും ആയിക്കാണും. ഇതിനിടയിൽ ഹിന്ദു തീവ്രവാദികൾ, ഇസ്ലാം തീവ്രവാദികൾ, തീവ്ര വലതുപക്ഷക്കാർ, തുടങ്ങി നിരവധി പേരോട് ഫേസ് ബുക്കിൽ നിരവധി ആശയസംവാദങ്ങൾ നടത്തിയിട്ടുണ്ട്. അവരുമായെല്ലാം നല്ല സൗഹൃദത്തിൽ കഴിയുന്നുമുണ്ട്. ഫേസ്‌ബുക്കിൽ എതിരഭിപ്രായം പറഞ്ഞതിന്റെ പേരിൽ പൊലീസ് കേസ് കൊടുക്കുക എന്ന പണി ഇവരാരും ചെയ്തിട്ടില്ല. ഇവരാർക്കുമെതിരെ ഞാനും കൊടുത്തിട്ടില്ല. ആദ്യമായാണ് ഒരു സൈബർ കേസ് അഭിമുഖീകരിക്കാൻ പോവുന്നത്. സന്തോഷമായി. അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്നവർ എന്ന് ഇത് വരെ വിചാരിച്ചവരുടെ പക്ഷത്ത് നിന്ന് അതുണ്ടായതിൽ അതിയായ ആഹ്ലാദമുണ്ട്. ഒളിയമ്പേറ്റ് കണ്ണടയുമ്പോഴും രാമബാണമേറ്റാണല്ലോ മരണം എന്ന ആനന്ദത്തോടെ...

അജിത്ത്.എം എസ്.