ന്യൂജേഴ്സി: ശാന്തിയുടേയും, സമാധാനത്തിന്റെയും ദൂതുമായി, കാലിത്തൊഴുത്തിൽ പിറന്ന്, കടലോളം കരുണപകർന്ന് ലോകത്തിന്റെ നാഥനായി മാറിയ യേശുദേവന്റെ തിരുപ്പിറവിയുടെ ഓർമയിൽ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയം ഈവർഷത്തെ ക്രിസ്തുമസ് ഭക്തിനിർഭരമായി ആഘോഷിച്ചു.

വൈകീട്ട് നടന്ന പിറവി തിരുനാളിലും, തിരുക്കർമ്മങ്ങളിലും എഴുനൂറിൽപ്പരം വിശ്വാസികൾ സജീവമായി പങ്കെടുത്തു.

ക്രിസ്തുമസ് ദിനത്തിലെ ഉണ്ണീശോയുടെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ടുള്ള തിരുകർമ്മങ്ങൾ വൈകീട്ട് 6:00 മണിക്ക് ദേവാലയത്തിലെ ഗായക സംഘത്തിന്റെ കരോൾ ഗാനാലാപനത്തോടെ ആരംഭിച്ചു. കുട്ടികളും, യുവാക്കളും മുതിർന്നവരും ഇംഗ്ലീഷിലും, മലയാളത്തിലും തിരുപ്പിറവിയെ അനുസ്മരിപ്പിച്ചുകൊണ്ട് ഭക്തിനിർഭരവും ശ്രുതിമധുരവുമായ ഗാനങ്ങൾ ആലപിച്ചു കൊണ്ട് പിറവിതിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

തുടർന്ന് ആഘോഷമായ ദിവ്യബലി നടത്തപ്പെട്ടു. ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്സ്റിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് ഫാ. ബെന്നി പീറ്റർ സഹകാർമികത്വം വഹിച്ചു.

ക്രിസ്മസ് പ്രകാശത്തിന്റെ ആഘോഷമാണ്. പ്രതീക്ഷയുടെയും. ഇരുളിൽ നിന്നും പ്രകാശത്തിലേയ്ക്ക്, പാപത്തിൽ നിന്നും പുണ്യത്തിലേയ്ക്ക് ലോകമാകെ ഉറ്റുനോക്കുന്ന മഹാരക്ഷയുടെ ആഘോഷത്തിന്റെ ഓർമ്മ പുതുക്കി ഇടവ സമൂഹം കത്തിച്ച മെഴുതിരികളും കൈയിലേന്തി നടത്തിയ പ്രദക്ഷിണവും, യേശുക്രിസ്തു ജനിച്ച വിവരം മാലാഖമാർ തീകായുന്ന ആട്ടിടയന്മാരെ ആദ്യമായി അറിയിച്ചതിനെ അനുസ്മരിക്കുന്ന തീയുഴിയൽ ശുശ്രൂഷയും ദേവാലയത്തിനു പുറത്തു പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നടത്തപ്പെട്ടു.

തുടർന്ന് ദിവ്യബലി മധ്യേ ഫാ. ബെന്നി പീറ്റർ തിരുപ്പിറവിയുടെ സന്ദേശം നൽകി. ക്രിസ്തുവാണ് നമ്മുടെ ആഘോഷങ്ങൾക്ക് യഥാർത്ഥ അർത്ഥം നൽകുന്നതെന്നതിനാൽ ഓരോ തവണയും ക്രിസ്മസ് ആഘോഷിക്കുമ്പോൾ ക്രിസ്തു തീർച്ചയായും വീണ്ടും ജനിക്കണമെന്നും, യേശുവിന്റെ ജനനത്തിനായി നമ്മുടെ ഹൃദയങ്ങളിൽ ഒരിടം നമുക്കൊഴിച്ചിടാമെന്നും സന്ദേശത്തിൽ പറഞ്ഞു.

അലക്സാണ്ടർ പോപ്പിന്റെ പ്രശസ്തമായ വാക്യങ്ങൾ അനുസ്മരിച്ചു . ''ലോകത്തിലെ ആയിരക്കണക്കിന് പുൽക്കൂടുകളിൽ ഈശോ പിറന്നാലും എന്റെ ഹൃദയത്തിനുള്ളിൽ പിറക്കുന്നില്ലെങ്കിൽ എനിക്കെന്ത് പ്രയോജനം?'' സ്നേഹവും സമാധാനവും കാരുണ്യവും ഇന്ന് നമ്മിൽ ഓരോരുത്തരിലും കൊണ്ടുവരുന്ന ക്രിസ്തുവിന്റെ ജനനത്തിന്റെ അനുഗ്രഹങ്ങൾക്കായി നമുക്ക് പ്രാർത്ഥിക്കാമെന്നും, കരുണയും ദയാവായ്പും മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള ഈ സദ് വാർത്തയാണ് നമ്മളിലൂടെ സധ്യമാകേണ്ടത് എന്നുകൂടി പങ്കുവച്ചു.

ഒരു കാലിത്തൊഴുത്തിന്റേയോ പുൽത്തൊട്ടിയുടേയോ ഒരുക്കം മതിയാകും ക്രിസ്മസ്സിന്. പക്ഷെ പ്രധാനം ഇടമുണ്ടാകണം, മനസ്സുണ്ടാകണം എന്നതാണ്. ജോസഫും മേരിയും കാലി ത്തൊഴുത്തിൽ പ്രവേശിച്ചപ്പോൾ ഒരുപക്ഷെ കാലിയും കിടാങ്ങളും തങ്ങൾക്കാകും വിധം ഒന്ന് ഒതുങ്ങിനിന്ന് ഇടം ക്രമീകരിക്കാൻ സഹകരിച്ചിട്ടുണ്ടാകും. ഈ സഹകരണം ആഗ്രഹത്തോ ടെയുള്ള ഉൾപ്രേരണയാൽ സംഭവിച്ചാൽ അത് ദൈവത്തിന് പിറക്കാനുള്ള ഇടമായി. അലങ്കാരങ്ങളും ആഘോഷങ്ങളും പുൽത്തൊട്ടിയോളം മതി. സത്രത്തിന്റെ മിന്നിത്തിളങ്ങുന്ന ശോഭയോ, ആരെയും ആകർഷിക്കുന്ന വശ്യതയോ അല്ല പ്രധാനമെന്നും
മറിച് ക്രിസ്തുവിനായി മാറ്റിവയ്ക്കാനല്പം ഇടമുണ്ടോ എന്നതാണ് വിഷയമെന്നും ഓർമിപ്പിച്ചു.

ദിവ്യബലിമദ്ധ്യേ ദേവാലയത്തിലെ സി.സി.ഡി കുട്ടികൾ നോമ്പ് കാലത്തിൽ ക്രിസ്മസ് തിരുനാളിനൊരുക്കമായി ചെയ്ത ത്യാഗപ്രവർത്തികളുടെയും, പുണ്യപ്രവർത്തങ്ങളുടെയും, പ്രാർത്ഥനകളു യുടെയും പ്രതീകമായ സ്പിരിച്ച്വൽ ബൊക്കെ കാണിക്കയായി സമർപ്പണം നടത്തി.

തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌കാരമായി ദേവാലയത്തിൽ മനോഹരമായ പുൽക്കൂടിന് ഒരുക്കിയിരുന്നു. ദേവാലയത്തിനകത്തും പുറത്തുമായി ചെയ്ത വർണ്ണപ്പകിട്ടാർന്ന അലങ്കരങ്ങൾക്ക് ജെയിംസ് പുതുമന, തോമസ് നിരപ്പേൽ, തോമസ് മേലേടത്തു, ജോർജിർ കൊറ്റം എന്നിവർ നേതൃത്വം നൽകി.

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയോടനുബന്ധിച്ച് സി.സി.ഡി, സി.എം.എൽ കുട്ടികൾ മാലാഖാമാരുടെയും, ആട്ടിടയന്മാരുടെയും, പൂജ്യരാജാക്കന്മാരുടെയും വേഷമണിഞ്ഞെത്തി പുൽക്കൂട്ടിൽ ജാതനായ ഉണ്ണിയെ ആരാധിച്ചുവണങ്ങുന്ന ചരിത്രം അവതരിപ്പിച്ച നേറ്റിവിറ്റി ഷോക്ക് സി.സി.ഡി മതാധ്യാപകരും, സി.എം.എൽ ടീമും നേതൃത്വം നൽകി.

ട്രസ്റ്റിമാരായ മിനേഷ് ജോസഫ്, മേരിദാസൻ തോമസ്, ജസ്റ്റിൻ ജോസഫ്, സാബിൻ മാത്യു, പാരീഷ് കൗൺസിൽ അംഗങ്ങൾ, വിവിധ ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ ക്രിസ്തുമസ് ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

ക്രിസ്തുമസ് ആഘോഷങ്ങൾ ഭക്തിനിർഭരവും പ്രൗഢഗംഭീരവുമാക്കി തീർക്കാൻ സഹായിച്ച എല്ലാവർക്കും
തിരുകർമ്മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, തിരുകർമ്മങ്ങളിൽ സഹകരിച്ച വൈദീകർക്കും, ദേവാലയത്തിലെ ഭക്ണ്ടതസംഘടനാ ഭാരവാഹികൾക്കും, ഗായകസംഘത്തിനും, ട്രസ്റ്റിമാർക്കും വികാരി നന്ദി പറഞ്ഞു.

തുടർന്ന് ഇടവകാംഗങ്ങൾ തങ്ങളുടെ കൂട്ടായ്മയുടെ പ്രതീകമായി നടത്തിയ സ്നേഹവിരുന്നിൽ പങ്കെടുത്ത് ശാന്തിയും, സമാധാനവും പേറിയ മനസുമായി സ്വഭവനങ്ങളിലേക്ക് മടങ്ങി.
web: www.stthomassyronj.org

സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.