- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാർത്ഥനാ നിർഭരമായ കാത്തിരിപ്പുകൾക്ക് ഉത്തരമായി; സോമർസെറ്റിൽ പുതിയ ദേവാലയം, കൂദാശ 11-ന്
ന്യൂജേഴ്‌സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദൈവാലയത്തിനു സ്വപ്ന സാഫല്യം. ന്യൂജേഴ്‌സി ഫ്രാങ്ക്‌ളിൻ ടൗൺഷിപ്പിന്റെ ഹൃദയഭാഗത്ത് സോമർസെറ്റിലെ വിശ്വാസികൾക്ക് ഇനി സ്വന്തം ദൈവാലയം. പുതിയ ദൈവാലയം കൂദാശ ചെയ്യപ്പെടുമ്പോൾ ഒന്നര പതിറ്റാണ്ട് പിന്നിടുന്ന സീറോ മലബാർ ചരിത്രത്തിൽ പുതിയൊരു അധ്യായംകൂടി എഴുതിചേർക്കപ്പെടും.
ന്യൂജേഴ്‌സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദൈവാലയത്തിനു സ്വപ്ന സാഫല്യം. ന്യൂജേഴ്‌സി ഫ്രാങ്ക്‌ളിൻ ടൗൺഷിപ്പിന്റെ ഹൃദയഭാഗത്ത് സോമർസെറ്റിലെ വിശ്വാസികൾക്ക് ഇനി സ്വന്തം ദൈവാലയം. പുതിയ ദൈവാലയം കൂദാശ ചെയ്യപ്പെടുമ്പോൾ ഒന്നര പതിറ്റാണ്ട് പിന്നിടുന്ന സീറോ മലബാർ ചരിത്രത്തിൽ പുതിയൊരു അധ്യായംകൂടി എഴുതിചേർക്കപ്പെടും.
ഫ്രാങ്ക്‌ളിൻ ടൗൺഷിപ്പിൽ പത്ത് ഏക്കർ സ്ഥലത്ത് കേരളീയ ക്രൈസ്തവ ശില്പഭംഗി പ്രകടമാക്കുംവിധം പണിതീർത്ത പുതിയ ദൈവാലയം ജൂലൈ 11-ന് രാവിലെ 9 മണിക്ക് ഷിക്കാഗോ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് കൂദാശ ചെയ്ത് വിശ്വാസികൾക്ക് തുറന്നുകൊടുക്കും.
മെട്ടച്ചൻ ബിഷപ്പ് പോൾ ജി. ബൂട്ടോസ്, തക്കല ബിഷപ്പ് ജോർജ് രാജേന്ദ്രൻ, നോർത്ത് അമേരിക്ക സീറോ മലങ്കര എക്‌സാർക്കേറ്റ് ബിഷപ്പ് ഡോ. തോമസ് മാർ യൗസേബിയോസ്, ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട്, ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, അതിരൂപതാ പ്രൊക്യുറേറ്റർ ഫാ. പോൾ ചാലിശേരി എന്നിവർക്കൊപ്പം നിരവധി വൈദീകരും സഹകാർമികരായിരിക്കും. നിരവധി കന്യാസ്ത്രീകളും സന്നിഹിതരായിരിക്കും.
രണ്ടായിരമാണ്ടിൽ മാസത്തിലൊരിക്കൽ വിശുദ്ധ കുർബാനയ്ക്ക് ഏതാനും കുടുംബങ്ങൾ ഒരുമിച്ചു ചേർന്നതിലൂടെ ആരംഭിച്ച ഈ സമൂഹം അനന്തമായ ദൈവകൃപയിലൂടെ വളർന്ന് ഇന്ന് ഇരൂനൂറിൽപ്പരം കടുംബങ്ങളുള്ള ഇടവകയായി മാറിക്കഴിഞ്ഞു. ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. തോമസ് പെരുനിലം തുടങ്ങിയവരുടെ സ്തുത്യർഹമായ സേവനവും, നേതൃപാടവവും ദൈവാലയ വളർച്ചയ്ക്ക് ആക്കംകൂട്ടി.
സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പുതിയ ദൈവാലയം എന്ന ചിന്തയിലേക്ക് നയിച്ചത്. 'സോമർസെറ്റിന്റെ' അത്ഭുതപൂർവ്വമായ വളർച്ചയുടെ അടയാളമായ പുതിയ ദൈവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാർ ജേക്കബ് അങ്ങാടിയത്ത് തുടക്കംകുറിച്ചു, 2013 ജൂലൈ 14-ന്. ഇടവക സമൂദഹത്തിന്റെ കൂട്ടായ്മയുടേയും, കഠിനാധ്വാനത്തിന്റേയും, നിരന്തരമായ പ്രാർത്ഥനയുടേയും ഫലമായി രണ്ടു വർഷത്തിനുള്ളിൽ പുതിയ ദൈവാലയം യാഥാർത്ഥ്യമായി.
വികാരി ഫാ. തോമസ് കടുകപ്പിള്ളിയുടെ നേതൃത്വത്തിൽ ദൈവാലയ കമ്മിറ്റിയും, പാരീഷ് കൗൺസിലും, വിവിധ ഭക്തസംഘടനകളും, യുവജനകൂട്ടായ്മയും ഒത്തൊരുമിച്ച് നടത്തിയ പ്രയത്‌നങ്ങളാണ് ഇതിനു കരുത്തേകിയത്. വിശുദ്ധ യൂദാശ്ശീഹായുടേയും, വി. അൽഫോൻസാമ്മയുടേയും മാദ്ധ്യസ്ഥവും തുണയായി.
സോമർസെറ്റ് ഇടവകയെ 2014 ഏപ്രിൽ 27-ന് ഫൊറോനാ പദവയിലേക്ക് ഉയർത്തി. അഞ്ഞൂറിൽപ്പരം പേർക്ക് ഒരുമിച്ച് ആരാധന നടത്താൻ സൗകര്യമുള്ള ദൈവാലയവും, ആയിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ ഹാളും, സി.സി.ഡി ക്ലാസുകൾ നടത്താൻ പത്ത് മുറികളും ഉൾപ്പെടുന്നതാണ് കെട്ടിട സമുച്ചയം. നൂറ്റമ്പതിൽപ്പരം കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന സൗകര്യവും ഇതോടനുബന്ധിച്ചുണ്ട്.
സ്വർഗ്ഗവും ഭൂമിയും നിറഞ്ഞുനിൽക്കുന്ന ദൈവമഹത്വത്തിന്റെ മനുഷ്യരുടെ ഇടയിലുള്ള ദൃശ്യമായ അടയാളമാണ് ദൈവാലയം. അത് പുതിയ നിയമജനതയായ സഭാ മക്കളുടെ ഇടയിൽ ദൈവത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്ന സംഗമകൂടാരമാണ് (പുറ 33:7-11)). പഴയ നിയമത്തിൽ സംഗമകൂടാരത്തിൽ ഇസ്രയേൽ ജനതയോടൊപ്പം വസിച്ച ദൈവം പുതിയ നിയമത്തിൽ ദൈവാലയമാകുന്ന സംഗമ കൂടാരത്തിൽ സഭാ മക്കളോടൊത്ത് വസിക്കുന്നു.
വിശ്വാസജീവിതത്തിലും സ്വഭാവരൂപീകരണത്തിലും കൂട്ടായ്മയുടെ വളർച്ചയിലും ഇടവക ദൈവാലയത്തിന്റെ പ്രസക്തിയും, പ്രാധാന്യവും തിരിച്ചറിഞ്ഞതുകൊണ്ടാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ സീറോ മലബാർ ദൈവാലയങ്ങൾ നിർമ്മിക്കാൻ ബഹുമാനപ്പെട്ട വൈദീകരുടെ നേതൃത്വത്തിൽ അത്മായ സഹോദരങ്ങൾ മുന്നിട്ടിറങ്ങുന്നത്.
നാം മക്കൾക്കായി പലതും കരുതിവെയ്ക്കുന്നതുപോലെ വരുംതലമുറയ്ക്കായി ഒരു വിശ്വാസി സമൂഹം കരുതിവെയ്ക്കുന്ന അതിശ്രേഷ്ഠമായ സമ്മാനമാണ് ദൈവാലയമെന്ന വികാരിയച്ചന്റെ വാക്കുകൾ നമുക്കോർത്ത് വെയ്ക്കാം. ദൈവാലയ നിർമ്മാണത്തിനു തുടക്കംകുറിച്ച നാൾ മുതൽ ഇത് സാധ്യമാക്കാൻ സഹകരിച്ച എല്ലാ ഇടവകാംഗങ്ങൾക്കും, സാമ്പത്തികമായും മറ്റു രീതികളിലും സഹായിച്ച മറ്റെല്ലാ ഇടവക സമൂഹത്തിനും, ഇതിനു നേതൃത്വം കൊടുത്ത ദൈവാലയ ബിൽഡിങ് കമ്മിറ്റി അംഗങ്ങൾക്കും നന്ദിയും പ്രാർത്ഥനാമംഗളങ്ങളും ആശംസിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. തോമസ് കടുകപ്പിള്ളിൽ (വികാരി) 908 837 9484, റ്റോം പെരുമ്പായിൽ (ട്രസ്റ്റി) 646 326 3708, തോമസ് ചെറിയാൻ പടവിൽ (ട്രസ്റ്റി) 908 906 1709, മേരിദാസൻ തോമസ് (ട്രസ്റ്റി) 201 912 6451, മിനേഷ് ജോസഫ് (ട്രസ്റ്റി) 201 978 9828. വെബ്: www.st.thomassyronj.org . സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.