തിരുവനന്തപുരം: ചാനൽ പ്രോഗ്രാമുകൾ ഹിറ്റാക്കാൻ പ്രൊമോ ഇറക്കുന്ന പതിവ് അടുത്തിടെ വളരെ വ്യാപിച്ചിട്ടുണ്ട്. എന്നാൽ, കാണികളെ തെറ്റദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രമോകൾ ഇറക്കുന്നതിന്റെ പേരിലും അടുത്തിടെ വിമർശനം നേരിടാറുണ്ട്. സൂര്യാ ടിവിയാണ് പലപ്പോഴും ഇത്തരം പ്രമോ വീഡിയോ പുറത്തിറക്കാറ്. എന്തായാലും സൂര്യയുടെ പാതയിലാണ് കൈരളി ടിവിയും. കേരളം ഏറെ ചർച്ച ചെയ്ത് സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായ അഡ്വ. ബി എ ആളൂരിനെ ശാപവാക്കുകൾ കൊണ്ട് ചൊരിയുന്ന വീഡിയോ പുറത്തുവിട്ടാണ് പരിപാടി ആളെ കാണിക്കാനുള്ള തന്ത്രം കൈരളി പയറ്റിയത്.

കൈരളി ടിവിയിലെ ടോക് ഷോയായ സെൽഫിയുടെ വരാനിരിക്കുന്ന ലക്കത്തിലാണ് സൗമ്യയുടെ മാതാവ് സുമതിയുടെ പ്രതികരണം. ഇതാദ്യമായി ആളൂരും സുമതിയും നേരിൽ കാണുന്നു എന്നതാണ് ഷോയുടെ പ്രമോയിലെ പ്രധാനപ്പെട്ടകാര്യം. ആളൂർ വക്കീൽ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ താൻ വരില്ലായിരുന്നെന്നാണു സൗമ്യയുടെ മാതാവ് പൊട്ടിത്തെറിക്കുന്നത് വീഡിയോയിൽ കാണാം.

ആളൂരിനെ കണ്ടു കൈരളിയുടെ സ്റ്റുഡിയോ ഫ്‌ളോറിൽ നെഞ്ചുപൊട്ടിയാണു സൗമ്യയുടെ മാതാവ് സുമതി പ്രതികരിച്ചത്. നെഞ്ചുപൊട്ടി ഞാൻ പറയുകാ, അവനെവിടെയെങ്കിലും ജീവിച്ചിരുന്നാൽ, ആ ആളൂരാൻ വക്കീലിന്റെ മകൾക്ക് ഇതിലും വലിയ ദുരന്തം സംഭവിച്ചിരിക്കും സുമതി പറഞ്ഞു. ആ അമ്മയുടെ ശാപവാക്കുകൾ കേട്ടതോടെ ആളൂർ നിശബ്ദമായി കണ്ണടയ്ക്കുന്നതും വീഡിയോയിൽ കാണാം.

സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടതെന്ന് ആദ്യം പറഞ്ഞിരുന്ന ചാർളി തോമസും ഗോവിന്ദച്ചാമിയും ഒരാൾ തന്നെയാണോ എന്ന് അവതാരക ഭാഗ്യലക്ഷ്മി ചോദിച്ചു. കേസിൽ ഗോവിന്ദച്ചാമിയെ വധശിക്ഷയിൽനിന്ന് ഒഴിവാക്കിയ സുപ്രീം കോടതി വിധിയിൽ തൊണ്ണൂറ്റൊമ്പതേമുക്കാൽ ശതമാനം മാറ്റമുണ്ടാകില്ലെന്നു ബി എ ആളൂർ പറഞ്ഞു.

പ്രശസ്ത ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി അവതരിപ്പിക്കുന്ന പരിപാടിയിൽ സിബി മാത്യൂസ് ഐപിഎസ്, അഡ്വ. വിനീത്, കെ സി റോസക്കുട്ടി, ഡോ. എ ജി ഒലീന എന്നിവരും പങ്കെടുക്കുന്നുണ്ട്. നൈന സുനിലാണു പ്രൊഡ്യൂസർ. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ രാത്രി ഒമ്പതിന് കൈരളി ടിവിയിൽ സെൽഫി സംപ്രേഷണം ചെയ്യും. അതേസമയം സൗമ്യയുടെ മാതാവിനെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചത് ആളൂർ ഉണ്ടെന്ന് അറിയാതെയാണെന്ന വിമർശനം ശക്തമാണ്.

ആളൂരുണ്ടെന്ന കാര്യം രഹസ്യമാക്കി വച്ചതിനൊപ്പം പരിപാടിയുടെ പ്രമോ ഫേസ്‌ബുക്കിലൂടെ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും വിമർശനം പെരുകുകയാണ്. കൈരളി ചാനലിന യാതൊരു നീതിബോധവുമം ഇല്ലെന്ന് പറഞ്ഞാണ് വിമർശനം കൊഴുക്കുന്നത്. സസ്‌പെൻസ് ഉണ്ടാക്കാനായി ആളൂർ വക്കീൽ ചർച്ചയിൽ ഉണ്ടെന്ന് പറയാതെ, സൗമ്യയുടെ അമ്മയെ സ്റ്റുഡിയോയിൽ കൊണ്ടുവന്ന് നാടകീയത സൃഷ്ടിച്ച്, പൊട്ടിക്കരയിച്ച്, ആ കരച്ചിൽ മാർക്കറ്റ് ചെയ്ത് റേറ്റിങ് കൂട്ടാൻ ശ്രമിക്കുകയാണ് ചാനലെന്നതാണ് വിമർശനം. ഇത് തെറ്റായ കീഴ്‌വഴക്കമായി പോയെന്നാണ് വിമർശനം.