ന്യൂഡൽഹി : മാതാപിതാക്കൾ സ്വന്തമായി സമ്പാദിച്ചുണ്ടാക്കിയ വീട്ടിൽ താമസിക്കാൻ മകനു നിയമപരമായ അവകാശമില്ലെന്നു ഡൽഹി ഹൈക്കോടതി. വിവാഹിതനാണെങ്കിലും അല്ലെങ്കിലും മാതാപിതാക്കളുടെ കാരുണ്യത്തിലേ അവർക്ക് അവിടെ താമസിക്കാനാവൂ എന്നും കോടതി വ്യക്തമാക്കി. മാതാപിതാക്കൾക്ക് അനുകൂലമായി വിചാരണക്കോടതി നൽകിയ വിധി ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയിൽ മകൻ അപ്പീൽ നൽകിയത്.

പരസ്പര സ്‌നേഹത്തോടെ മുൻപു താമസിച്ചിരുന്നു എന്നതുകൊണ്ട് ജീവിതകാലം മുഴുവൻ അത് അനുവദിക്കേണ്ട ബാധ്യത അവർക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കൾ അനുവദിക്കുന്നിടത്തോളം കാലമേ പ്രായുപൂർത്തിയായ മക്കൾക്ക് കുടുംബവീട്ടിൽ താമസിക്കാനാവൂവെന്നും ജസ്റ്റിസ് പ്രതിഭാ റാണി വിധിയിൽ പറഞ്ഞു.

ഒപ്പം താമസിച്ചിരുന്ന കാലത്തു രണ്ട് ആൺമക്കളും മരുമക്കളും ചേർന്നു തങ്ങളുടെ ജീവിതം നരകതുല്യമാക്കിയെന്നും വീട്ടിൽ കയറുന്നതു വിലക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. അതിനാൽ തങ്ങൾ സമ്പാദിച്ചുണ്ടാക്കിയ വീട്ടിൽനിന്നു മക്കളെയും മരുമക്കളെയും പുറത്താക്കണമെന്നും കാട്ടി മാതാപിതാക്കൾ നൽകിയ ഹർജിയിലായിരുന്നു വിചാരണക്കോടതിയുടെ വിധി.