ബാങ്കോക്ക്: പോർക്ക് സൂപ്പിനൊപ്പം മീൻസോസ് ചേർക്കാൻ മറന്ന പിതാവിനെ മകൻ കറിക്കത്തിക്കു കുത്തിക്കൊന്നു. തെക്കൻ തായ്‌ലൻഡിലാണു സഭവം. നിഗോർ എന്ന 65 കാരനാണ് 36 വയസുള്ള മകൻ സാക്ദിന്റെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഉച്ചഭക്ഷണത്തിനായി താൻ മേടിച്ചുകൊണ്ടുവന്ന പന്നിയിറച്ചി പാചകം ചെയ്ത പിതാവ് ഒപ്പം മീൻ സോസ് ചേർക്കാതിരുന്നതാണ് മകനെ പ്രകോപിപ്പിച്ചത്. മദ്യലഹരിയിലായിരുന്നു മകന്റെ ആക്രണമെന്നാണ് പൊലീസ് നല്കുന്ന വിവരം. തായ് പാചകത്തിലെ പ്രധാന ചേരുവകകളിലൊന്നാണ് മീൻ സോസ്.

വെള്ളിയാഴ്ചയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. ഇറച്ചി പാചകം ചെയ്യാൻ പതിവിൽക്കൂടുതൽ സമയം എടുത്തുവെന്ന് ആരോപിച്ച് മകൻ അച്ഛനുമായി വഴക്കുണ്ടാക്കാൻ തുടങ്ങി. ഇതിനിടെ ഫിഷ് സോസ് ചേർക്കാൻ താൻ മറന്നുപോയി എന്ന് പിതാവ് പറഞ്ഞു. കലിമൂത്ത മകൻ ഒരു കുപ്പിയെടുത്ത് അച്ഛന്റെ തലയ്ക്ക് ആദ്യം അടിച്ചു. പിടിച്ചുമാറ്റാൻ ചെന്ന അമ്മയെയും മകൻ തല്ലി. അയൽക്കാരെ വിളിക്കാൻ അമ്മ പുറത്തേക്കിറങ്ങിയ സമയത്ത് മകൻ കറിക്കത്തിയെടുത്ത് അച്ഛനെ കുത്തിക്കൊല്ലുകയായിരുന്നു.

സംഭവം അറിഞ്ഞെത്തിയ പൊലീസിനു മുന്നിൽ എതിർപ്പുകളൊന്നും കൂടാതെ പ്രതി കീഴടങ്ങി. തെളിവെടുപ്പിന്റെ ഭാഗമായി വീണ്ടും വീട്ടിലെത്തിച്ച മകനെക്കൊണ്ട് പൊലീസ് പിതാവിന്റെ മൃതദേഹത്തിനുമുന്നിൽ മുട്ടുകുത്തിച്ച് മാപ്പു പറയിക്കുകയും ചെയ്തു.