വിരുഷ്‌ക ദമ്പതികളുടെ വിവാഹത്തിന് ശേഷം മറ്റൊരു സെലിബ്രിറ്റി വിവാഹത്തിന് ഇതാ ബോളിവുഡ് വീണ്ടും തയ്യാറാകുന്നു. ബോളിവുഡിലെ മുൻനിര നടിയും അനിൽ കപൂറിന്റെ മകളുമായ സോനം കപൂറും ബിസിനസുകാരനായ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം ഏപ്രിലിൽ നടക്കുമെന്നാണ് സൂചന. വിവാഹത്തെ വരവേല്ക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്ന് ബോളിവുഡിൽ നിന്നും പുറത്ത് വരുന്ന സൂചനകൾ.

വിവാഹത്തിൽ ഏറ്റവും പ്രത്യകത വിവാഹം നടക്കുന്ന വേദി തന്നെയായിരിക്കും. സെലിബ്രിറ്റി വിവാഹം നടക്കുന്നത് ജോധ്പൂരിലുള്ള ഉമൈദ് ഭവൻ പാലസിലായിരിക്കും എന്നാണ് വാർത്തകൾ. നിരവധി താര വിവാഹങ്ങൾക്ക് ഇതിനുമുൻപും ഇവിടം വേദിയായിട്ടുണ്ട്. 347 മുറികളുള്ള ആഡംബര ഹോട്ടലായി പ്രവർത്തിക്കുന്ന കൊട്ടാരം രാജസ്ഥാൻ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി കൂടിയാണ്. ലണ്ടനിലെ ബക്കിങ്ഹാം പാലസിന്റെ മാതൃകയിലാണ് കൊട്ടാരത്തിന്റെ നിർമ്മാണം. മഞ്ഞ മണൽക്കല്ലാണ് പ്രധാന നിർമ്മാണ വസ്തു.

ഹോട്ടലിന്റെ ഹൈലൈറ്റുകളിലൊന്ന് നവോത്ഥാനകാല നിർമ്മാണശൈലിയിൽ പണിത 105 അടി ഉയരമുള്ള കപ്പേളയാണ്. ബില്യാർഡ്സ് മുറി, ഭൂഗർഭ പൂൾ, മാർബിൾ പാകിയ സ്‌ക്വാഷ് കോർട്ടുകൾ, ഗാലറി, ഒരു സ്വകാര്യ മ്യൂസിയം എന്നിവ ഇവിടെയുണ്ട്. 500 ഡോളറാണ് ഒരു ദിവസത്തെ കുറഞ്ഞ വാടക. 1928 ൽ തുടങ്ങിയ നിർമ്മാണം പൂർത്തിയായത് 1943 ലാണ്. പാശ്ചാത്യപൗരസ്ത്യ നിർമ്മാണ ശൈലികളുടെ സങ്കലനമാണ് കൊട്ടാരം. പൂന്തോട്ടങ്ങളും മരങ്ങളും തണൽ വിരിക്കുന്ന വിശാലമായ 26 ഏക്കറിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 2016 ലെ ട്രിപ്പ് അഡൈ്വസർ പീപ്പിൾ ചോയിസ് അവാർഡ് പ്രകാരം ലോകത്തെ ഏറ്റവും മികച്ച ഹോട്ടലായി തിരഞ്ഞെടുക്കപ്പെട്ടതും ഉമൈദ് ഭവൻ പാലസിനെയാണ്.