കൊച്ചി: എല്ലാവർഷത്തെ പോലെ ഇക്കൊല്ലം ഓണാഘോഷം ഇല്ലെങ്കിലും ഉത്സാഹം പഴയത് പോലെ മലയാളികൾക്ക് ഇന്നുമുണ്ട്. ഇതിന് അകമ്പടിയായി ഓണത്തിന്റെ ഓർമകളുമായി 'തിരുവോണ പൊന്നൂഞ്ചൽ' എന്ന ഓണപ്പാട്ട് പുറത്തിറങ്ങി. ഗാനം ലോഞ്ച് ചെയ്തിരിക്കുന്നത് സംഗീത സംവിധായകൻ ഷാൻ റഹ്മാനാണ്. ആദ്യമായി കേട്ടപ്പോൾ തന്നെ തന്റെ കുട്ടിക്കാലത്തെ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോയി എന്നാണ് ഗാനത്തെ പറ്റി ഷാൻ റഹ്മാൻ ഫേസ്‌ബുക് പേജിൽ കുറിച്ചത്.

ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സജന വിനിഷാണ്. വരികൾ അനു എലിസബത്ത് ജോസും നിർവഹിച്ചിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകാന്ത് ഹരിഹരനാണ്. ചാരു ഹരിഹരൻ തന്റെ കോട്ടുവാദ്യങ്ങൾ കൊണ്ട് ഗാനത്തെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. കീബോർഡ്, ഓഡിയോ പ്രോഗ്രാമിങ് എന്നിവ അനന്തരാമൻ അനിൽ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

ഗാനത്തിന് ഒപ്പം നൃത്തം വച്ചിരിക്കുന്നത് നടി സ്വാസിക ആണ്. അശ്വതി പി, ദേവിക അനിൽ, അനുശ്രീ കെ എസ്, അപർണ മോഹൻ എന്നിവരാണ് സ്വാസികക്കൊപ്പമുള്ള മറ്റ് നർത്തകിമാർ. സുമേഷ് ലാൽ, വിനു ജനാർദ്ദനൻ, ബിനു നൈനാൻ, അഖിലേഷ് കെ ആർ എന്നിവർ ചേർന്നാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. കൊറിയോഗ്രാഫി രവികുമാർ നാട്യാലയ. മഹേഷ് എസ് ആർ, അനീഷ് സി എസ്, അഖിൽ സുന്ദരം എന്നിവർ ഛായാഗ്രഹണവും ആൽബി നടരാജ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഈ ഓണം ആൽബം നിർമ്മിച്ച് പുറത്തിറക്കിയത് മ്യുസിക്247നാണ്.