രാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമ ഒടിയനിലെ ആദ്യ ഗാനത്തിന് കൈയടിയുമായി ആരാധകർ. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ യുട്യൂബ് ട്രന്റിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്.സുദീപ് കുമാറും ശ്രേയാ ഘോഷാലും പാടിയ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് എം.ജയചന്ദ്രനാണ്. റഫീഖ് അഹമ്മദിന്റെതാണ് വരികൾ.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനെ കുറിച്ചുള്ള ചെറിയ കാര്യങ്ങൾ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നതെന്നതിന്റെ ഉദാഹരണമാണ് പുതിയ ഗാനത്തിന് ലഭിച്ച സ്വീകരണവും.

'കൊണ്ടോരാം എന്ന് തുടങ്ങുന്ന ഒരു മെലഡി ഗാനമാണ് പുറത്തുവിട്ടത്. ഒടിയന്റെയും പ്രഭയുടെയും പ്രണയഗാനമാണിത്.യൂട്യൂബിലൂടെ റിലീസ് ചെയ്ത പാട്ട് ഒരു മണിക്കൂറിനുള്ളിൽ ഒരുലക്ഷം വ്യൂസ് ആണ് നേടിയത്. ഒടിയൻ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഇത് റെക്കോർഡാണെന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.നേരത്തെ ഒടിയന്റെ ട്രെയ്ലർ സർവ്വ റെക്കോർഡുകളും ഭേദിച്ചിരുന്നു. ഇരുപത് ദിവസം കൊണ്ട് 6.5 മില്ല്യൺ കാഴ്‌ച്ചക്കാരുമായിട്ടാണ് ഒടിയൻ ട്രെയ്‌ലർ ജൈത്ര യാത്ര തുടരുന്നത്. ഒരു മലയാള ചിത്രം ഇന്നോളം കടക്കാത്ത ഒരു റെക്കോർഡാണ് ഒടിയൻ ട്രെയ്‌ലർ മറികടന്നിരിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, നരേയ്ൻ, കൈലാഷ് തുടങ്ങി വമ്പൻ താരനിരയാണ് ഉള്ളത്.1950-നും 1990-നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയിൽ ചിത്രീകരിക്കുന്നത്. ദേശീയ അവാർഡ് ജേതാവും മാധ്യമപ്രവർത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. പീറ്റർ ഹെയ്നാണ് ഒടിയനിലെ സംഘട്ടനം.ചിത്രം ഡിസംബറിൽ റിലീസിന് ഒരുങ്ങുകയാണ്.

ഡിസംബർ പതിനാലിന് കേരളത്തിൽ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഗൾഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ചിത്രം എത്തും. റിപ്പോർട്ടനുസരിച്ച് അതേദിവസം തന്നെ ജപ്പാനിലും ചിത്രമെത്തുമെന്നാണ് സൂചന. സ്‌പേസ് ബോക്‌സ് ജപ്പാൻ എന്ന വിതരണക്കാരാണ് ചിത്രം ജപ്പാനിലെത്തിക്കുന്നത്.

ഒടിയൻ 320 ഫാൻസ് ഷോകളാണ് ഇതിനോടകം ഉറപ്പിച്ചിരിക്കുന്നത്. 278 ഫാൻസ് ഷോകൾ കേരളത്തിൽ കളിച്ച ദളപതി വിജയ്യുടെ സർക്കാർ എന്ന ചിത്രത്തിന്റെ റെക്കോഡ് ആണ് ഇതോടെ പഴങ്കഥയാകാൻ പോകുന്നത്. റിലീസ് ചെയ്യാൻ ഒരു മാസം കൂടി ഉണ്ടെന്നിരിക്കെ ഒടിയൻ ഫാൻസ് ഷോസിന്റെ എണ്ണം 400 എത്തുമെന്നാണ് സൂചന. കേരളത്തിൽ മാത്രമല്ല, പോളണ്ട്, ഇറ്റലി, ഗോവ, ബാഗ്ലൂർ എന്നിവിടങ്ങളിലും ഒടിയൻ ഫാൻ ഷോസ് ഉണ്ടാകും. ഗൾഫിലും വമ്പൻ തയ്യാറെടുപ്പുകളാണ് ഒടിയൻ ഫാൻ ഷോസിനു വേണ്ടി നടക്കുന്നത്.ഇതിനോടകം ഏകദേശം അഞ്ഞൂറോളം സ്‌ക്രീനുകളിൽ ഒടിയൻ കേരളത്തിൽ ചാർട്ട് ചെയ്തു കഴിഞ്ഞു. നിലവിൽ കായംകുളം കൊച്ചുണ്ണിയാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം.