- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസഹിഷ്ണുതയ്‌ക്കെതിരായ പ്രചരണം മോദിക്ക് വൻ തിരിച്ചടിയാകുന്നു; നേതൃത്വമില്ലാത്ത കോൺഗ്രസിന് നിനച്ചിരിക്കാത്ത മൈലേജ്; മൗനം വെടിഞ്ഞ് നിലപാട് കടുപ്പിച്ച് പ്രതിസന്ധി മറികടക്കാൻ ശ്രമം; സ്വാമിക്കെതിരായ നിലപാട് ആദ്യ സൂചന
ന്യൂ!ഡൽഹി: രാജ്യത്ത് അസഹിഷ്ണുത വളരുന്നുവെന്ന ആരോപണം ഉയർത്തി പ്രതിപക്ഷം ആഞ്ഞടിക്കുമ്പോൾ കരുതലോടെ കേന്ദ്ര സർക്കാരും. മോദി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ആഗോളതലത്തിൽ ഈ പ്രചരണം ഇടിവുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച് തിരിച്ചുവരാനാണ് ബിജെപിയുടെ നീക്കം. അസഹിഷ്ണുതയുടെ ഇരയായി മോദിയെ അവതരിപ്പിക്കും. എന്നാ

ന്യൂ!ഡൽഹി: രാജ്യത്ത് അസഹിഷ്ണുത വളരുന്നുവെന്ന ആരോപണം ഉയർത്തി പ്രതിപക്ഷം ആഞ്ഞടിക്കുമ്പോൾ കരുതലോടെ കേന്ദ്ര സർക്കാരും. മോദി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ആഗോളതലത്തിൽ ഈ പ്രചരണം ഇടിവുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച് തിരിച്ചുവരാനാണ് ബിജെപിയുടെ നീക്കം. അസഹിഷ്ണുതയുടെ ഇരയായി മോദിയെ അവതരിപ്പിക്കും. എന്നാൽ ഈ നീക്കം എത്രത്തോളം ഫലം കാണുമെന്നതിൽ ബിജെപിക്കും ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും. അതിനിടെ വിദ്വേഷ പ്രസംഗം നടത്തുന്നവർ ശിക്ഷിക്കപ്പെടണമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നിലപാടും എടുത്തു.
വിദ്വേഷ പ്രസംഗം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ പീനൽ കോഡിലെ 153, 153എ, 153ബി, 295, 295എ, 298, 505 എന്നീ വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഈ നിലപാട് സ്വീകരിച്ചത്. 2006ൽ സ്വാമിയുടേതായി പുറത്തിറങ്ങിയ 'ഭീകരവാദം ഇന്ത്യയിൽ' എന്ന പുസ്‌കത്തിൽ ഹിന്ദുകൾക്കും മുസ്‌ലിംകൾക്കുമിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിൽ പരാമർശങ്ങളുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. മാത്രമല്ല, സുബ്രഹ്മണ്യൻ സ്വാമിയെ ശിക്ഷിക്കുന്നതിനോടും കേന്ദ്ര സർക്കാർ യോജിപ്പ് പ്രകടിപ്പിച്ചു. ബിജെപി നേതാവിനെതിരെ കടുത്ത നിലപാട് എടുത്ത് മോദി സർക്കാർ അസഹിഷ്ണുതയുടെ കാര്യത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ്. ഇത് പുതിയ ചർച്ചകൾക്ക് ബിജെപിയിൽ തന്നെ തുടക്കമിട്ടു.
കലാപത്തിനും അരക്ഷിതാവസ്ഥയ്ക്കും കാരണമായേക്കാമെന്നതിനാൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിൽ സംസാരിക്കാനോ പ്രവർത്തിക്കാനോ എഴുതാനോ ആരെയും അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ, മുൻപു ഭരിച്ചിരുന്ന യുപിഎ സർക്കാർ പോലും തന്റെ പുസ്‌കത്തിനെതിരെ ഉന്നയിക്കാത്ത ആരോപണങ്ങൾ ബിജെപി സർക്കാർ തനിക്കെതിരെ ഉയർത്തിയത് അത്ഭുതപ്പെടുത്തിയെന്ന് സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചു. തന്റെ ജനപ്രീതിയിൽ അസൂയ പൂണ്ട ബിജെപിയിലെ ചിലർ നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും സ്വാമി ആരോപിച്ചു.. ബിജെപി നേതാക്കളുടെ വിദ്വേഷം വളർത്തുന്ന പ്രസ്താവനകൾ തടയാൻ മോദിയോ കേന്ദ്ര സർക്കാരോ തയാറാകുന്നില്ലെന്ന വിമർശനവും ശക്തമാകവെയാണ് അസഹിഷ്ണുത വളർത്തുന്ന പ്രസ്താവനകൾ നടത്തുന്നവർ ശിക്ഷിക്കപ്പെടണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം രാജ്യത്തു വർധിച്ചുവരുന്ന അസഹിഷ്ണുതയിൽ പ്രതിഷേധിച്ച് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽനിന്നു രാഷ്ട്രപതി ഭവനിലേക്കു കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി തുടങ്ങിയ മുതിർന്ന നേതാക്കൾ നേതൃത്വം നൽകി. വിദ്വേഷത്തിന്റെ ശക്തികൾ പ്രധാനമന്ത്രിയുടെ പിന്തുണയോടെ ശക്തിയാർജിക്കുകയാണെന്നു രാഷ്ട്രപതിക്കു നൽകിയ നിവേദനത്തിൽ അവർ കുറ്റപ്പെടുത്തി. രാജ്യം നേരിടുന്ന ദുരവസ്ഥയെക്കുറിച്ചു രാഷ്ട്രപതി പ്രണബ് മുഖർജി മൂന്നുവട്ടം മുന്നറിയിപ്പു നൽകിക്കഴിഞ്ഞെന്നു മാർച്ചിൽ പങ്കെടുത്ത നേതാക്കൾ പറഞ്ഞു. ശാന്തിയും സമാധാനവും സഹിഷ്ണുതയും സമൂഹത്തിൽ നിലനിർത്തുന്നതിനു തുടർച്ചയായി ഇടപെടണമെന്ന് അവർ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
അസഹിഷ്ണുതയ്‌ക്കെതിരായ പോരാട്ടം ഏറ്റെടുക്കുന്നുവെന്ന സന്ദേശമാണ് കോൺഗ്രസ് നൽകിയത്. ബിഹാർ തിരഞ്ഞെടുപ്പിൽ ജനവിധി മഹാസഖ്യത്തിന് അനുകൂലമാകുന്നെങ്കിൽ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും നില പരുങ്ങലിലാകുമെന്നു കോൺഗ്രസ് വിലയിരുത്തുന്നു. ഇതു പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രതിപക്ഷത്തിന്റെ നില ശക്തിപ്പെടുത്തുമെന്നും. മോദി സർക്കാർ അധികാരമേറ്റ് ഒന്നരവർഷം എത്തുമ്പോഴാണ് കോൺഗ്രസ് സടകുടഞ്ഞ് എഴുന്നേൽക്കുന്നത്. ഈ സാഹചര്യത്തിലാണ് നിലപാട് വിശദീകരിക്കാൻ കേന്ദ്ര സർക്കാരും രംഗത്ത് വരുന്നത്.
സർക്കാരിനെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങൾക്കും മോദി നേരിട്ട് മറുപടി പറയുമെന്നും സൂചനയുണ്ട്. ഇതിലൂടെ പ്രതിപക്ഷ ആക്രമത്തെ നേരിടാനാണ് നീക്കം. എന്നാൽ ബീഹാറിലെ ഫലം തിരിച്ചടിയായാൽ പ്രതിസന്ധി രൂക്ഷമാകുമെന്നും ബിജെപിക്ക് അറിയാം. ഏതായാലും വിഷയത്തിൽ കർശന ഇടപെടലുകൾക്ക് തന്നെയാണ് മോദിയുടേയും തീരുമാനം.

