- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാഷനൽ ഹെറാൾഡ് കേസ്: ചോദ്യം ചെയ്യലിന് മൂന്നാഴ്ചത്തെ സാവകാശം തേടി സോണിയ; വീണ്ടും സമൻസ് അയയ്ക്കാൻ ഇഡി; രാഹുൽ ഗാന്ധി ഈ മാസം 13 ന് ഹാജരാകും; അടിയന്തിര യോഗം വിളിച്ച് കോൺഗ്രസ് നേതൃത്വം
ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ മൂന്നാഴ്ചത്തെ സാവകാശം തേടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജൂൺ 2നു കോവിഡ് സ്ഥിരീകരിച്ചതിനാൽ ഐസലേഷനിലാണെന്നും കോവിഡ് നെഗറ്റീവാകാതെ ഹാജരാകാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി സോണിയ ഗാന്ധി ചൊവ്വാഴ്ച ഇഡിക്കു കത്ത് നൽകിയതായാണ് റിപ്പോർട്ട്. ചോദ്യംചെയ്യലിനു ബുധനാഴ്ച ഹാജരാകണമെന്നായിരുന്നു ഇഡി നൽകിയ സമൻസ്. മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും സമൻസ് അയയ്ക്കാൻ ഇഡി തീരുമാനിച്ചെന്നാണു വിവരം.
കള്ളപ്പണ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകൻ രാഹുൽ ഗാന്ധിക്കും ഇഡി നോട്ടിസ് അയച്ചിരുന്നു. രാഹുൽ ഗാന്ധി ഈ മാസം 13ന് ഹാജരാകും. ശക്തിപ്രകടനമായിട്ടായിരിക്കും രാഹുൽ ഇഡി ആസ്ഥാനത്ത് എത്തുകയെന്നാണു വിവരം. ഇതിനായി എഐസിസി ജനറൽ സെക്രട്ടറിമാരോടും പിസിസി അധ്യക്ഷന്മാരോടും എംപിമാരോടും ഡൽഹിയിലെത്താൻ ആവശ്യപ്പെടുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച, ജനറൽ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും ഓൺലൈൻ യോഗത്തിൽ ഇക്കാര്യം ചർച്ചയായേക്കും.
പാർട്ടി ഭാരവാഹികൾക്കൊപ്പം എം പിമാരോടും യോഗത്തിൽ പങ്കെടുക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി ഈ മാസം 13 ന് ഇഡിക്ക് മുൻപിൽ ഹാജരാകുമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. ഇത് വമ്പിച്ച പ്രതിഷേധ റാലിയോടെയാകണം എന്നാണ് തീരുമാനം. ഇതിന്റെ ഒരുക്കങ്ങൾ സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. എംപിമാർ, പ്രവർത്തക സമിതിയംഗങ്ങൾ, ലോക്‌സഭ, രാജ്യസഭ എം പിമാർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവർ മാർച്ചിൽ അണിനിരക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12ന് ഡൽഹിയിലെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടും രാഹുൽ ഗാന്ധി ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനൽ വകുപ്പുകളുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. 2012 ൽ മുൻ എം പി സുബ്രഹ്‌മണ്യൻ സ്വാമി നൽകിയ പരാതിയിലാണ് പത്ത് വർഷങ്ങൾക്കിപ്പുറമാണ് ഇഡി തുടർനടപടി സ്വീകരിക്കുന്നത്. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപണ ഇടപാട് നടന്നുവെന്നാണ് കേസിനാസ്പദമായ പരാതി.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഏതാനും കോൺഗ്രസ് നേതാക്കളും ഡയറക്ടർമാരായി 5 ലക്ഷം രൂപ മൂലധനവുമായി രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനിരണ്ടായിരം കോടി രൂപയിലേറെ ആസ്തിയുള്ള അസോസിയേറ്റഡ് ജേര്ണ്ണൽ എന്ന കമ്പനി തട്ടിയെടുത്തുവെന്നാണ് സു്ബ്രഹമ്ണ്യൻ സ്വാമിയുടെ പരാതി. വെറും അൻപത് ലക്ഷം രൂപയേ ഇടപാടിനായി നൽകിയുള്ളൂവെന്നും പരാതിയിലുണ്ട്. ഡൽഹി കോടതിയിൽ സുബ്രഹ്‌മണ്യൻ സ്വാമി നൽകിയ പരാതിയിൽ ഹാജരാകാൻ സോണിയക്കും, രാഹുലിനും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി കുടുംബം നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. യങ് ഇന്ത്യയെ ട്രസ്റ്റായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ നികുതി ട്രിബ്യൂണൽ തള്ളിയിരുന്നു.




