ബക്‌സർ: രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കുന്ന സമീപനമാണ് നരേന്ദ്ര മോദി സർക്കാരിൽ നിന്നുണ്ടാകുന്നതെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജനാധിപത്യ ആശയങ്ങളിൽ നിന്നകന്ന് സ്വന്തം പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കുന്ന മോദി സർക്കാർ ജനാധിപത്യത്തിന് ഭീഷണിയാവുകയാണെന്നും സോണിയ പറഞ്ഞു.

വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ച് നിരപരാധികളെയും പണ്ഡിതരെയും കൊന്നൊടുക്കുകയാണ് സർക്കാർ. ബിജെപി രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം തകർക്കുകയാണ്. എഴുത്തുകാർ നേരിടുന്ന പ്രതിസന്ധി ജനാധിപത്യത്തിനുനേരെയുള്ള വെല്ലുവിളിയാണെന്നും ബിഹാറിൽ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെ സോണിയ വ്യക്തമാക്കി.

കോൺഗ്രസ് ഭരണകാലത്തെ വിമർശിച്ച നരേന്ദ്ര മോദിക്കുള്ള മറുപടിയും തന്റെ പ്രസംഗത്തിലൂടെ സോണിയ നൽകി. തന്റെ പാർട്ടി രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്തിയെന്നും അതിനാലാണ് മോദിക്ക് പ്രധാനമന്ത്രിയാവാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു.

അഭ്യൂഹം പരത്തി നിരപരാധികളെ കൊന്നൊടുക്കുകയാണു കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന്റെ അനുയായികൾ. അഭിപ്രായസ്വാതന്ത്ര്യം വിലക്കി പണ്ഡിതരെ ആക്രമിക്കുന്നു. സാമൂഹികൈക്യത്തിന്റെ അടിത്തറ ഇല്ലാതാക്കാനാണ് ഇതിലൂടെയൊക്കെ ശ്രമിക്കുന്നത്. ഇത് ദുഃഖകരം മാത്രമല്ല, അപമാനകരവുമാണ്. കേട്ടുകേൾവികളുടെ പേരിൽ ആളുകളെ ക്രൂരമായി കൊലപ്പെടുന്നത്തുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ വെറുതെ കേൾക്കുന്നതിനല്ല, അവ പരിഹരിക്കുന്നതിനാണ് പ്രധാനമന്ത്രി ശ്രമിക്കേണ്ടത്. വർഗീയത വളർത്തിക്കൊണ്ട് ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുകയാണ് ബിജെപിയെന്നും സോണിയ ഗാന്ധി ആരോപിച്ചു.

നിരവധി വാഗ്ദാനങ്ങളാണ് കർഷകർക്കും സ്ത്രീകൾക്കും ചെറുപ്പക്കാർക്കും മോദി നൽകിയത്. എന്നാൽ ഈ വാഗ്ദാനങ്ങളെല്ലാം ലംഘിക്കുന്നതിനെയും സോണിയ വിമർശിച്ചു. അറുപതുകൊല്ലം കൊണ്ട് നേതാക്കളെ ബലികൊടുത്ത് പോലും കോൺഗ്രസ് രാജ്യത്തെ വികസനവഴിയിലെത്തിച്ചു. അല്ലാതെ എല്ലാം കഴിഞ്ഞ ഒന്നരക്കൊല്ലം കൊണ്ടുണ്ടായതല്ല. കോൺഗ്രസ് രാജ്യത്തുണ്ടാക്കിയ വികസനം കാണാനാകുന്നില്ലെങ്കിൽ അത് നിങ്ങളുടെ കുഴപ്പമാണെന്നും സോണിയ പറഞ്ഞു.

ബീഹാർ തിരഞ്ഞെടുപ്പിന്റെ 50 മണ്ഡലങ്ങളുൾപ്പെടുന്ന മൂന്നാംഘട്ടം ഒക്ടോബർ 28നാണ് നടക്കുന്നത്.