കർണ്ണാൽ: ദസറ ആഘോഷത്തിൽ ഒന്നിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും. പ്രസിഡന്റ് പ്രണാബ് മുഖർജിയൊരുക്കിയ ചടങ്ങിൽ സൗഹൃദം പങ്കുവച്ച് മോദിയും സോണിയയും വാർത്തകളിലെത്തി. വികസനത്തിനും സാഹോദര്യത്തിനും ഒരുമിക്കണമെന്ന പ്രസിഡന്റിന്റെ ആഹ്വാനവും ഉൾക്കൊണ്ടു. ദസറ ആഘോഷത്തിലെ ഓർമ്മകൾ ഇനി മറക്കാം.

നരേന്ദ്ര മോദിയും സോണിയാ ഗാന്ധിയും ഇപ്പോൾ രണ്ട് ചേരിയിലാണ്. ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇരു നേതാക്കളും സജീവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ് ബിജെപിയുടെ പ്രതീക്ഷ. സോണിയാ ഗാന്ധി തന്നെയാകും കോൺഗ്രസിന്റെ പ്രധാന പ്രചാരക. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റയ്ക്ക അധികാരത്തിലെത്തിച്ചത് മോദി തരംഗമാണ്. എന്നാൽ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ നേട്ടമാവർത്തിക്കാൻ ബിജെപിക്കായില്ല. ഈ സാഹചര്യത്തിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും ഭരണം നിലനിർത്തുകയെന്ന രാഷ്ട്രീയ വെല്ലുവിളിയാണ് സോണിയ ഏറ്റെടുക്കുന്നത്. അങ്ങനെ പ്രചരണം കൊഴുക്കുന്നു.

ഹരിയാനയിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷ വിമർശനമാണ് നടത്തിയത്. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും വികസനത്തിന്റെ കാര്യത്തിൽ മുന്നിൽ പോയപ്പോൾ ഹരിയാന പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്ന് മോദി പറഞ്ഞു. കോൺഗ്രസിന്റെ ഭരണത്തിൻ കീഴിൽ ഹര്യാന സർവമേഖലകളിലും പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

ലോകം മുഴുവൻ ബഹുമാനത്തോടെ ഇന്ത്യയെ ഉറ്റുനോക്കുകയാണ്. എന്നാൽ ഇതൊന്നും സംഭവിച്ചത് എന്റെ മിടുക്ക് കൊണ്ടല്ല. മറിച്ച് ഇന്ത്യയിലെ 125 കോടി വരുന്ന ജനങ്ങൾ കേന്ദ്രത്തിൽ സ്ഥിരതയുള്ള ഒരു സർക്കാരിനെ അധികാരത്തിൽ എത്തിച്ചതിനാലാണ്. അങ്ങനെയാരു സാഹചര്യത്തിൽ ഹരിയാനയുടെ പേരും ലോകം അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ. അതിന് ആദ്യം വേണ്ടത് ഇന്ത്യയെ കോൺഗ്രസ് മുക്തമാക്കുക എന്നതാണ്. രണ്ടാമത് സ്ഥിരതയുള്ള ഒരു സർക്കാരിനെ അധികാരത്തിലെത്തിക്കണം. മൂന്നാമത്തേത് കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ഹരിയാനയിൽ നടപ്പാക്കുന്നതിന് അനുവദിക്കണമെന്നും മോദി പറഞ്ഞു.

അറുപത് വർഷം കൊണ്ട് കോൺഗ്രസ് സർക്കാരുകൾക്ക് ചെയ്യാൻ കഴിയാതെ പോയത് ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ബിജെപി സർക്കാർ ചെയ്‌തെന്ന് പ്രധാനമന്ത്രി പറയുന്നു. ഈ വികസന തുടർച്ചയ്ക്ക് ഹരിയാനയിൽ ബിജെപിയെ അധികാരത്തിലേറ്റണമെന്ന് മോദി ആവശ്യപ്പെട്ടു. ഹരിയാനയിലെ കർഷകരുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് കള്ള പ്രചാരണം നടത്തുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും മോദി ആരോപിച്ചു. ഇന്ത്യൻ നാഷണൽ ലോക്ദൾ പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗത്താലയെയും മോദി വിമർശിച്ചു. അദ്ധ്യാപ നിയമന കേസിൽ ശിക്ഷിക്കപ്പെട്ട ചൗത്താല, താൻ തിഹാർ ജയിലിൽ വച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭരണം നിയന്ത്രിക്കുമെന്ന് പറഞ്ഞിരുന്നു. അത് വേണമോയെന്ന് തീരുമാനിക്കേണ്ടത് ഹരിയാനയിലെ ജനങ്ങളാണെന്നും മോദി പറഞ്ഞു.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും മോദി പങ്കെടുത്തു. വികസനത്തിൽ മഹാരാഷ്ട്രയെ ഗുജറാത്തിനും മുകളിലത്തെ സ്ഥാനത്തെത്തിക്കുമെന്ന വാഗ്ദാനം നൽകിയാണ് മോദി പ്രചരണം തുടങ്ങിയത്. അന്തരിച്ച മുതിർന്ന ബിജെപി നേതാവും, കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് ആദരാഞ്ജലികളർപ്പിച്ചതിനുശേഷമാണ് മോദി പ്രസംഗവേദിയിലെത്തിയത്. മോദി തന്റെ പ്രസംഗത്തിലുടനീളം ശിവസേനയ്‌ക്കെതിരെയോ, 25 വർഷം നീണ്ടു നിന്ന ബിജെപി ശിവസേന സഖ്യത്തെക്കുറിച്ചോ ഒരക്ഷരം പോലും പറയാതിരിക്കാൻ ശ്രദ്ധിച്ചു, അതേസമയം കഴിഞ്ഞ 15 വർഷമായി മഹാരാഷ്ട്ര ഭരിക്കുന്ന കോൺഗ്രസ്സ് എൻ സി പി സംഖ്യത്തെ രൂക്ഷമായി വിമർശിച്ച മോദി, ഛത്രപതി ശിവാജിയുടെ പാരമ്പര്യം പേറുന്ന മഹാരാഷ്ട്രയെ വികസനത്തിന്റെ പാതയിൽ ഗുജറാത്തിനും മുകളിലത്തെ സ്ഥാനത്തെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

15 വർഷം സംസ്ഥാനം ഭരിച്ച കോൺഗ്രസ് മഹാരാഷ്ട്രയെ പിന്നോട്ട് നയിച്ചു. വികസനത്തിന് ബിജെപിയെ വിജയിപ്പിക്കണമെന്നാണ് മോദിയുടെ ആവശ്യം. ഹരിയാനയിലും മഹാരാഷ്ട്രയിലും മോദി തരംഗമുണ്ടാകുമെന്നും ജയിച്ചു കയറാമെന്നുമാണ് ബിജെപിയുടെ കണക്കു കൂട്ടൽ. അമേരിക്കൻ സന്ദർശനത്തിനിടെ മോദി ഉണ്ടാക്കിയെടുത്ത ആഗോള നേതാവെന്ന പ്രതിശ്ചായയും ഗുണമാകുമെന്നാണ് പ്രതീക്ഷ.

എന്നാൽ പ്രചരണത്തിൽ മോദി സർക്കാരിനെ കടന്നാക്രമിക്കുകയാണ് കോൺഗ്രസ് അധ്യക്ഷ. സർക്കാരിന്റെ നൂറുദിവസത്തെ ഭരണം സമ്പൂർണ പരാജയമാണ്. മോദി ഭരണത്തിൽ ജനജീവിതം ദുസ്സഹമായെന്നും ഹരിയാനയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സോണിയാഗാന്ധി കുറ്റപ്പെടുത്തി. വിദേശത്തെ കള്ളപ്പണം പിടിച്ചെടുക്കാനോ, വിലക്കയറ്റം നിയന്ത്രിക്കാനോ, യുവാക്കൾക്ക് തൊഴിൽ നൽക്കാനോ മോദിസർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെയും യാതൊരു നടപടിയുമുണ്ടായില്ലെന്ന് സോണിയ കുറ്റപ്പെടുത്തി.

ബിജെപി സർക്കാരിന്റെ  മൂന്നര മാസത്തെ ഭരണം എല്ലാ മേഖലകളിലും പരാജയമാണെന്ന് സോണിയ പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം വന്ന സർക്കാരുകൾ രാജ്യത്തിനായി ഒന്നും ചെയ്തില്ല എന്ന രീതിയിലാണ് മോദി സർക്കാരിന്റെ പ്രവർത്തനമെന്നും സോണിയ പരിഹസിച്ചു. മോദിയുടെ ഭരണത്തിൻ കീഴിൽ സാധാരണക്കാരന്റെ ജീവിതം ദുരിതമായി. വിലക്കയറ്റം നിയന്ത്രിക്കാനോ യുവാക്കൾക്ക് തൊഴിൽ നൽക്കാനോ സർക്കാരിനായില്ല. നൂറു ദിവസത്തിനുള്ളിൽ കള്ളപ്പണം തിരികെ കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ച സർക്കാർ അതിന് വേണ്ട യാതൊരു നടപടികളും എടുത്തില്ല.  ബിജെപിയുടെ ലക്ഷ്യം വോട്ടാണ്. അതിനു വേണ്ടി മോദിയും കൂട്ടരും നടത്തുന്ന പ്രചാരണങ്ങളിൽ വീഴരുത്. നിങ്ങൾ ഹൃദയം കൊണ്ടല്ല, ബുദ്ധി ഉപയോഗിച്ച് വേണം വോട്ടു ചെയ്യേണ്ടത്. പ്രലോഭിപ്പിച്ച് വോട്ടു നേടിയ ശേഷം ജനങ്ങളെ മറക്കുന്ന പാരമ്പര്യമാണ് ബി,ജെ.പിക്കുള്ളതെന്നും സോണിയ പറഞ്ഞു.

മുൻ യു.പി.എ സർക്കാരിന്റെ പദ്ധതികൾ സ്വന്തം പേരിൽ അവതരിപ്പിക്കുകയാണ് ബി,ജെ.പി ചെയ്യുന്നത്. എന്നാൽ കോൺഗ്രസ് അങ്ങനെയല്ല. മറ്റുള്ളവരുടെ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി കാണിക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്നും സോണിയ പറഞ്ഞു. വോട്ടു നേടുന്നതിനായി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും ഹരിയാനയിലെ തിരഞ്ഞെടുപ്പുറാലിയിൽ സോണിയാഗാന്ധി പറഞ്ഞു. ഉറക്കെ പറയുന്നതു കൊണ്ട് സത്യം പറയുകയാണെന്ന് ആരും കരുതരുതെന്നും സോണിയ ആവശ്യപ്പെട്ടു.