ന്യൂഡൽഹി: വിവാദ ഭൂമിയിടപാടുകളെക്കുറിച്ച് ചോദിച്ച പത്രപ്രവർത്തകനോട് കയർത്ത മരുമകൻ റോബർട്ട് വധേരയെ സോണിയ ഗാന്ധി നേരിൽക്കണ്ടു സംസാരിച്ചു. വ്യക്തിപരമായ കാര്യങ്ങൾ തുടരെ ചോദിച്ച് വേട്ടയാടിയപ്പോഴാണ് വധേര കുപിതനായതെന്ന വാദവുമായി കോൺഗ്രസ്സും രംഗത്തെത്തി. വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ പാടില്ലെങ്കിൽ, തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെ ഇത്തരം കാര്യങ്ങളുന്നയിച്ച് വേട്ടയാടിയതെന്തിനെന്ന മറുവാദം ബിജെപിയും ഉയർത്തുന്നു.

പ്രിയങ്ക ഗാന്ധിയുടെ ലോധി എസ്‌റ്റേറ്റിലുള്ള വീട്ടിലെത്തിയാണ് സോണിയ മരുമകനെ കണ്ടത്. തലേന്ന് സ്വകാര്യ ചടങ്ങിനിടെ, ഭൂമിയിടപാടിനെക്കുറിച്ച് ചോദിച്ച റിപ്പോർട്ടറുടെ മൈക്രോഫോൺ വധേര തട്ടിത്തെറിപ്പിച്ചത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. റിപ്പോർട്ടർക്കൊപ്പുണ്ടായിരുന്ന ക്യാമറ പിടിച്ചുവാങ്ങി അതിലെ ദൃശ്യങ്ങൾ നീക്കാനും വധേര ആവശ്യപ്പെട്ടിരുന്നു. പൊലീസിന് അതു ചെയ്യാനായില്ല. റിപ്പോർട്ടർ നിർബന്ധം പിടിച്ചതോടെ, അവർക്ക് ക്യാമറയും മടക്കിക്കൊടുക്കേണ്ടിവന്നു.

സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ, ഇത്തരം അനിഷ്ടകരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ഓരോ പൗരനും ഭരണഘടന സ്വകാര്യത ഉറപ്പാക്കുന്നുണ്ടെന്നും പൊതുപ്രവർത്തകർക്കും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. റോബർട്ട് വധേരയുടെ കാര്യത്തിൽ സംഭവിച്ചതിന് മാദ്ധ്യമപ്രവർത്തകൻ മാത്രമാണ് ഉത്തരവാദിയെന്നാണ് കോൺഗ്രസ്സിന്റെ നിലപാട്. വധേരയെപ്പോലൊരു വ്യക്തിയെ എന്തിനാണ് തുടർച്ചയായി വേട്ടയാടുന്നതെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും ചോദിക്കുന്നു.

എന്നാൽ, വധേര ഒരു സാധാരണ വ്യക്തിയല്ലെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ പറഞ്ഞു. സാധാരണക്കാരനായിരുന്നെങ്കിൽ, ഹരിയാണയിൽ വധേരയ്ക്ക് ഇത്രയും ആനുകൂല്യങ്ങൾ ലഭിക്കുമായിരുന്നില്ല. വിമാനത്താവളങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഇത്രയും സൗകര്യങ്ങളും ലഭിക്കുമായിരുന്നില്ല. ഭൂമി ഇടപാട് സംബന്ധിച്ച തലവേദനകളാണ് വധേരയിൽനിന്ന് അത്തരമൊരു പ്രതികരണത്തിന് കാരണമായതെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. ഇന്ത്യ ഒരു ബനാന റിപ്പബ്ലിക് ആണെന്ന് പറഞ്ഞയാളാണ് വധേര. എന്നാൽ, ഇന്ത്യ അതെല്ലെന്ന് വധേരയ്ക്ക് വൈകാതെ മനസ്സിലാകുമെന്നും വക്താവ് പറഞ്ഞു.

അനിഷ്ടകരമായ ചോദ്യങ്ങൾ കേൾക്കുമ്പോൾ മൈക്ക് തട്ടിത്തെറിപ്പിച്ച ആദ്യത്തെ വ്യക്തിയല്ല വധേരയെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ കുപിതനായി ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മൈക്ക് വലിച്ചെറിഞ്ഞ് അഭിമുഖത്തിൽനിന്ന് ഇറങ്ങിപ്പോയിട്ടിണ്ടെന്ന് വക്താവ് പറഞ്ഞു.