ന്യൂഡൽഹി: ഭരണഘടനയുമായി ബന്ധമില്ലാത്തവർ ഇന്ന് ഭരണഘടനയുടെ അന്തഃസത്ത കളിഞ്ഞുകുളിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

കഴിഞ്ഞ കുറേ മാസങ്ങളായി ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും സോണിയ കുറ്റപ്പെടുത്തി. ലോക്‌സഭയിൽ നടന്ന ചർച്ചയിലാണ് സോണിയയുടെ പ്രസ്താവന.

നാനാത്വത്തിലും നമ്മെ ഏകീകരിക്കുന്നത് ഭരണഘടനയാണ്. അതാണു ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. പാവങ്ങൾക്കും തുല്യത നൽകുന്നത് ഭരണഘടനയാണെന്ന് അവർ വ്യക്തമാക്കി.

രാജ്യത്തിന്റെ ഭരണഘടനാ നിർമ്മാണത്തിൽ പങ്കില്ലാത്തവർ അതിന്റെ അന്തസ് കളഞ്ഞുകുളിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ കുറെ മാസങ്ങളായി കാണുന്ന കാര്യങ്ങൾ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അവകാശങ്ങൾക്കു വിരുദ്ധമാണ്. ഭരണഘടനയിൽ വിശ്വാസമില്ലാത്തവരും നിർമ്മാണത്തിൽ പങ്കില്ലാത്തവരും അവകാശവാദങ്ങൾ ഉന്നയിച്ചു കാണുമ്പോൾ തമാശ തോന്നുവെന്നും സോണിയ പറഞ്ഞു.

പതിറ്റാണ്ടുകൾ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ഇന്ത്യക്കു ഭരണഘടന രൂപപ്പെട്ടത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കു പ്രയത്‌നത്തിൽ വലിയ പങ്കുണ്‌ടെന്നും സോണിയ പറഞ്ഞു. എന്നാൽ വസ്തുതകൾ അറിയാത്ത വണ്ണമാണ് ഇപ്പോഴുള്ള പ്രവർത്തനങ്ങൾ ചിലരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും സോണിയ കുറ്റപ്പെടുത്തി.