ശ്രീനഗർ: ജമ്മു കാശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തിയെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി സന്ദർശിച്ചത ്‌രാഷ്ട്രീയ പിന്തുണ വാഗ്ദാനം ചെയ്യാനാണെന്ന് സൂചന. ഇതോടെ ജമ്മു കാശ്മീരിലെ പിഡിപി-ബിജെപി സഖ്യത്തിൽ സംശയങ്ങൾ ഏറെയായി.

ബിജെപിയുമായുള്ള സഖ്യത്തിന് കടുത്ത നിബന്ധനകളാണ് പി.ഡി.പി മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് വിവരം. ഉപ മുഖ്യമന്ത്രിസ്ഥാനം ഉൾപ്പെടെ പ്രധാനവകുപ്പുകൾ വേണമെന്നും പി.ഡി.പി ആവശ്യമുയർത്തിയിട്ടുണ്ട്. മുഫ്തിയുടെ മരണത്തിന് ശേഷം ബിജെപിക്കാരനായ ഉപമുഖ്യമന്ത്രി നിർമ്മൽ സിങ് മെഹബൂബയുമായി ദീർഘ സംഭാഷണം നടത്തിയിരുന്നു. ഇതോടെയാണ് ആശങ്ക സജീവമായത്. മെഹബൂബയുടെ സത്യപ്രതിജ്ഞ വൈകാൻ കാരണവും രാഷ്ട്രീയ തർക്കമാണെന്ന് സൂചനയുണ്ട്.

സഖ്യം തുടരാൻ മെഹബൂബ ബിജെപിക്ക് മുന്നിൽ നാല് വ്യവസ്ഥകൾ വച്ചതായും റിപ്പോർട്ടുണ്ട്. പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി സ്ഥാനം നൽകില്ലെന്നും കൂടുതൽ കേന്ദ്രസഹായം നേടിത്തരണമെന്നും ചില വിഷയങ്ങളിൽ പ്രതികരിക്കരുതെന്നുമാണ് മുഖ്യ വ്യവസ്ഥകളെന്നും അറിയുന്നു. ഇതിനെ ബിജെപി അംഗീകരിക്കുന്നില്ല. ഉപമുഖ്യമന്ത്രി സ്ഥാനം കഴിഞ്ഞില്ലെങ്കിൽ രണ്ടരവർഷത്തിന് ശേഷം ബിജെപിക്ക് മുഖ്യമന്ത്രി പദം നൽകണമെന്നാണ് ആവശ്യം. ഇതോടെ പ്രശ്‌നം വഷളായി. ഇതോടെ കാശ്മീരിൽ കേന്ദ്ര സർക്കാർ രാഷ്ട്രപതി ഭരണവും ഏർപ്പെടുത്തി

ഇതിനിടെയാണ് സോണിയ, മെഹബൂബയെ കണ്ടത്. മുഫ്തി മുഹമ്മദ് സെയ്ദിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കാനാണ് മകളായ മെഹബൂബ മുഫ്തിയെ സോണിയ കാണാനെത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഡൽഹിയിൽ നിന്ന് ശ്രീനഗർ വിമാനത്താവളത്തിലെത്തിയ സോണിയ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ഗുപ്കർ റോഡിലെ മെഹബൂബയുടെ വസതിയായ ഫെയർവ്യൂവിൽ എത്തുകയായിരുന്നു. പി.ഡി.പി പ്രസിഡന്റ് കൂടിയായ മെഹബൂബയുമായി 20 മിനിട്ടോളം ചർച്ച നടത്തുകയും ചെയ്തു.

സന്ദർശനത്തിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങൾ മെഹബൂബയോട് തന്നെ ചോദിക്കണമെന്നും ആസാദ് പ്രതികരിച്ചു. എന്നാൽ ബിജെപി-പി.ഡി.പി സഖ്യവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതിനാൽ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.