- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണം; നവോദയ വിദ്യാലയങ്ങളിൽ ഇതിനുള്ള സൗകര്യം ഒരുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി; വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് രാഹുൽ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ് ബാധിച്ച് മാതാപിതാക്കൾ രണ്ടുപേരുമോ, ഇവരിൽ വരുമാനം ഉള്ള ഒരാളോ മരിച്ച കുട്ടികൾക്കെല്ലാം സൗജന്യ വിദ്യാഭ്യാസം നൽകണമെന്നാണ് ആവശ്യം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നവോദയ വിദ്യാലയങ്ങളിൽ ഇതിനുള്ള സൗകര്യം ഒരുക്കണം. രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷ നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും സോണിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിൽ കോവിഡ് മൂലം അനാഥരായ കുട്ടികളെയെല്ലാം ദത്തെടുക്കുമെന്ന് അവിടുത്തെ കോൺഗ്രസ് നേതാവ് ജി.എസ് ബാലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് ഈ വിഷയത്തിൽ സോണിയ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്.
നവോദയ വിദ്യാലയങ്ങൾ സ്ഥാപിച്ചത് തന്റെ ഭർത്താവും അന്തരിച്ച മുൻ പ്രധാനമന്ത്രിയും ആയിരുന്ന രാജീവ് ഗാന്ധിയുടെ വലിയ ഭരണ നേട്ടമായിരുന്നുവെന്ന് അവർ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗ്രാമീണ മേഖലയിൽ അടക്കമുള്ള മികവുള്ള വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കണം എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ ആയിരക്കണക്കിന് കുട്ടികളെയാണ് അനാഥരാക്കിയത്. അവരെ സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. രക്ഷിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതിനും അവശേഷിക്കുന്ന ഒരാൾ നന്നേ ബുദ്ധിമുട്ടേണ്ടിവരുന്ന സാഹചര്യമാണുള്ളത് എന്നകാര്യവും സോണിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സോണിയ ഉന്നയിച്ച ആവശ്യം സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ദുരിതം രാജ്യത്ത് ഏറ്റവുമധികം നേരിടേണ്ടിവന്നത് കുട്ടികൾക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി പേർക്കാണ് മാതാപിതാക്കളെ നഷ്ടപ്പെട്ടത്. ഈ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സുപ്രധാന നിർദ്ദേശമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് നവോദയ വിദ്യാലയങ്ങളിൽ സൗജന്യ വിദ്യാഭ്യാസം നൽകണമെന്നും അവർക്ക് മികച്ച ഭാവി ഉറപ്പാക്കണമെന്നുമാണ് സോണിയയുടെ നിർദ്ദേശം. സർക്കാർ അത് ഗൗരവമായി കാണണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കോവിഡ് മൂലം അനാഥരായ കുട്ടികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പരസ്യങ്ങൾക്കെതിരെ യു.പി പൊലീസ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളെ കടത്തുന്ന സംഘങ്ങൾ ആകാം അവയ്ക്ക് പിന്നിലെന്നായിരുന്നു യു.പി പൊലീസിന്റെ മുന്നറിയിപ്പ്.
കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് 25 വയസുവരെ 2500 രൂപവീതം പ്രതിമാസം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രഖ്യാപിച്ചിരുന്നു. സർക്കാർ അവർക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും കെജ്രിവാൾ വാഗ്ദാനം ചെയ്തിരുന്നു. കോവിഡ് മൂലം അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനായി പദ്ധതികൾ കൊണ്ടുവരുമെന്ന് യുപിയിലെയും ഹിമാചൽ പ്രദേശിലെയും ബിജെപി സർക്കാരുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്