ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ കരുതലോടെ തന്ത്രങ്ങളൊരുക്കി കോൺഗ്രസ്. സ്വകാര്യ കേസ് ആണെങ്കിലും കേന്ദ്ര സർക്കാരിനെ വെട്ടിലാക്കാനാണ് നീക്കം. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ കേസ് ആയതിനാൽ ബിജെപിക്ക് എതിരെ ആഞ്ഞടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള തന്ത്രമാണ് തേടുക. ഇതിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ജാമ്യത്തിനായി കോടതിയെ സമീപിക്കില്ലെന്ന് സൂചന. അതായത് ജാമ്യമെടുക്കാതെ ഇരുവരും ജയിലിൽ പോകും.

സോണിയയും രാഹുലും ശനിയാഴ്ച വിചാരണ കോടതിയിൽ ഹാജരാകും. തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി ജയിലിൽ പോകാൻ ഇരുവരും തയാറാണ്. ജാമ്യാപേക്ഷ നൽകുന്നതിനോട് സോണിയയ്ക്കും രാഹുലിനും വിയോജിപ്പാണെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കരുതലോടെ മറുതന്ത്രങ്ങൾ കേന്ദ്ര സർക്കാരും തയ്യാറാക്കും. സ്വകാര്യ കേസിൽ കേന്ദ്ര സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നാണ് ബിജെപിയുടെ നിലപാട്. ഇത് ഉയർത്തിയാകും പ്രതിരോധം തീർക്കുക.

അതിനിടെ നാഷനൽ ഹെറൾഡ് കേസിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ശനിയാഴ്ച കോടതിയിൽ ഹാജരാകാനിരിക്കെ, തലസ്ഥാനത്തുതന്നെ തങ്ങാൻ എംപിമാർക്കു കോൺഗ്രസ് നിർദ്ദേശം നൽകി. ശനിയാഴ്ച പാർട്ടി ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കും. ശനിയാഴ്ച ഒരുമണിക്ക് എഐസിസി ആസ്ഥാനത്തു കൂടിച്ചേരുന്ന എംപിമാർ സോണിയയ്ക്കും രാഹുലിനുമൊപ്പം പട്യാല കോടതിയിലേക്കു പോകും. കാൽനടയായി കോടതിയിലേക്കു പോകുകയെന്ന നിർദ്ദേശവും പരിഗണനയിലുണ്ട്. എന്നാൽ ജാമ്യാപേക്ഷ നൽകാതെ ജയിലിൽ പോകാനുള്ള സോണിയയുയേയും രാഹുലിന്റേയും നീക്കത്തെ കോൺഗ്രസിലെ ഒരു വിഭാഗം എതിർക്കുന്നുമുണ്ട്. സ്വകാര്യ കേസ് ആയതിനാൽ ജയിലിൽ പോയാലും രാഷ്ട്രീയ ലാഭം ഉണ്ടാകില്ലെന്നാണ് ഇവരുടെ വാദം.

കേസിൽ സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ഈ മാസം 19 ന് ഹാജരാകാൻ ഡൽഹി മെട്രോപ്പൊലീറ്റൻ മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ മുൻ നിശ്ചയിച്ച പരിപാടികൾ കാരണം ഹാജരാകുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ഇരുവർക്കും വേണ്ടി ഹാജരായ അഭിഷേക് സിങ്!വി കോടതിയെ അറിയിച്ചപ്പോഴാണ് 19 ന് വരാൻ നിർദ്ദേശിച്ചത്. സോണിയയ്ക്കും രാഹുലിനും പുറമേ മോട്ടിലാൽ വോറ, ഓസ്‌കർ ഫെർണാണ്ടസ്, സാം പിത്രോദ, സുമൻ ദുബേ തുടങ്ങിയവരും പ്രതികളാണ്. ഇവരെല്ലാം സോണിയയ്ക്കും രാഹുലിനുമൊപ്പം ജയിലിൽ പോകുമെന്നാണ് സൂചന.

അസോഷ്യേറ്റഡ് ജേണൽസ് എന്ന കമ്പനിയുടെ നിയന്ത്രണം യങ് ഇന്ത്യ എന്ന പുതിയ കമ്പനിക്കു കൈമാറിയതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. നാഷനൽ ഹെറൾഡിന്റെ സ്വത്തും മറ്റു വസ്തുവകകളും സോണിയയും രാഹുലും ഭൂരിപക്ഷം ഓഹരി കയ്യാളുന്ന 'യങ് ഇന്ത്യ' എന്ന സ്ഥാപനത്തിനു കൈമാറിയതു ക്രമരഹിതമാണെന്ന് ആരോപിച്ചു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് കേസ് ഫയൽചെയ്തത്. <ു>കോൺഗ്രസിന്റെ മുഖപത്രമായിരുന്ന നാഷനൽ ഹെറാൾഡ് 2008ൽ പ്രസിദ്ധീകരണം നിർത്തിയതാണ്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന സ്ഥാപനമായിരുന്നു നാഷനൽ ഹെറാൾഡ് ഉൾപ്പെടെ മൂന്നു പ്രസിദ്ധീകരണങ്ങൾ നടത്തിയിരുന്നത്. 

സോണിയയും രാഹുലും യങ് ഇന്ത്യൻ കമ്പനി എന്നൊരു സ്ഥാപനമുണ്ടാക്കി അസോസിയേറ്റഡ് ജേണലിനെ ഏറ്റെടുത്തു. സോണിയയും രാഹുലും മറ്റ് അഞ്ചുപേരും ഇതുവഴി വമ്പിച്ച ക്രമക്കേടു നടത്തിയെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി. കോൺഗ്രസ് പാർട്ടിയിൽനിന്നു ലഭിച്ച പലിശരഹിത വായ്പയായ 90 കോടി രൂപ ഉപയോഗിച്ചാണ് ഏറ്റെടുപ്പു നടന്നതെന്നും ആരോപണമുണ്ട്. പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയുടെ ഭാഗമാണ് കേസ് എന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതിന് കരുത്ത് പകരാനുള്ള തന്ത്രങ്ങളാണ് ഒരുക്കുന്നത്.