വാരണാസി: ഉത്തർപ്രദേശിൽ ശക്തമായ മുന്നേറ്റത്തിനും വരുന്ന തിരഞ്ഞെടുപ്പിൽ അധികാരം നേടാനും മോദിയുടേയും അമിത്ഷായുടെയും നേതൃത്വത്തിൽ ശക്തമായ മുന്നൊരുക്കങ്ങൾ നടക്കുന്നതിനിടെ മോദി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാരണാസിയിൽ നിന്ന് ശക്തമായ പടപ്പുറപ്പാടുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. യുപിയിലെ കോൺഗ്രസ് പ്രവർത്തകർക്കാകെ ആവേശം പകർന്നുകൊണ്ടാണ് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സോണിയ നേരിട്ടെത്തി യുപിയിലെ കോൺഗ്രസിന്റെ പ്രചാരണത്തിന് തുടക്കമിട്ടത്.

കോൺഗ്രസിനെ യുപിയിൽ രക്ഷിച്ചെടുക്കാൻ ഒരു അത്ഭുതംതന്നെ സംഭവിക്കേണ്ടിവരുമെന്ന പ്രചരണങ്ങൾ നടക്കുന്നതിനിടെ സോണിയക്ക് ലഭിച്ച സ്വീകരണവും അണികളുടെ ആവേശവും വാരണാസിയിൽ പുത്തനുണർവ് സൃഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജ് ബബ്ബാറിന്റെ നേതൃത്വത്തിലാണ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സോണിയക്ക് യുപിയിൽ വരവേൽപ് ഒരുക്കിയത്.

ഇന്ദിരയുടെയും രാജീവിന്റെയും കാലത്ത് കോൺഗ്രസ്സിന്റെ അടിത്തറ ശക്തമായിരുന്ന യുപിയിൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അമേതിയിലും റായ്ബറേലിയിലും നിന്ന് സോണിയയും രാഹുലും ജയിച്ചതൊഴിച്ചാൽ യുപി കോൺഗ്രസ്സിനെ പൂർണമായും കൈവിട്ട സ്ഥിതിയായിരുന്നു. ഈ പശ്ചാത്തലത്തിൽ വരാൻപോകുന്ന അസംബഌ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നു തരിപ്പണമാകുമെന്നാണ് പ്രചരണങ്ങൾ.

പാർട്ടി ജയിക്കാൻ അത്ഭുതം സംഭവിക്കണമെന്ന് പ്രചരിപ്പിക്കുന്നവരെ 'ഇതാ ഇന്നുമുതൽ ആ അത്ഭുതം സംഭവിച്ചു തുടങ്ങിയിരിക്കുന്നു' എന്ന മറുപടിയുമായാണ് സോണിയയുടെ സന്ദർശനത്തെ ഉദ്ധരിച്ച് പ്രദേശ് കോൺഗ്രസ് കമ്മിറ്റി നേരിടുന്നത്. പാർട്ടിയുടെ കരുത്ത് തെളിയിക്കുന്ന ജനപങ്കാളിത്തം വാരണാസിയിൽ ഉണ്ടായതിൽ സോണിയയും സംതൃപ്തയാണെന്നാണ് റിപ്പോർട്ടുകൾ.

ഏറെക്കാലം യുപി ഭരിച്ചിരുന്ന കോൺഗ്രസ്സിന് രാജ്യത്ത് നില ഭദ്രമാക്കാനും ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാനും യുപിയിൽ വിജയം അനിവാര്യമാണ്. വരുന്ന തിരഞ്ഞെടുപ്പ് ഇതിനുള്ള വേദിയാക്കാനുദ്ദേശിച്ച പാർട്ടിയുടെ മുഴുവൻ ശക്തിയും ഉപയോഗിച്ചുള്ള പ്രചരണം നടത്താനാണ് കോൺഗ്രസ്സിന്റെ തീരുമാനം. മോദിയെ ജയിപ്പിച്ച മണ്ഡലത്തിൽ സോണിയക്ക് കൂറ്റൻ വരവേൽപൊരുക്കാനായതോടെ വിജയമെന്ന ലക്ഷ്യത്തിലേക്കുള്ള നല്ലൊരു ചുവടുവയ്പായി ഇതു മാറുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അകമ്പടിയോടെ വാരണാസി നഗരത്തിൽ ആറര കിലോമീറ്റർ ദൈർഘ്യത്തിലുള്ള റോഡ്‌ഷോയാണ് സോണിയ നടത്തിയത്. റോഡിനിരുവശത്തുമായി ആയിരങ്ങൾ കൊടികൾ വീശി കോൺഗ്രസ് അധ്യക്ഷയെ സ്വീകരിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ വൻ ജനാവലയിയാണ് സ്വീകരിക്കാൻ കാത്തുനിന്നത്. തുറന്ന മിനി ട്രക്കിൽ നിന്ന് കൈവീശിക്കാണിച്ചും കൂപ്പുകൈകളുമായും സോണിയ ജനങ്ങളെ അഭിവാദ്യംചെയ്തു. എയർപോർട്ട് പരിസരത്തുനിന്ന് പതിനായിരം ബൈക്കുകളുടേയും നൂറുകണക്കിന് വാഹനങ്ങളുടേയും അകമ്പടിയോടെയായിരുന്നു സോണിയയുടെ റോഡ് ഷോ തുടങ്ങിയത്.

പിസിസി അധ്യക്ഷൻ രാജ് ബബ്ബറും കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഷീലാ ദീക്ഷിതും സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് ഗുലാം നബി ആസാദും സോണിയയെ അനുഗമിച്ചു. 'ഞങ്ങൾക്ക് ജയിക്കാൻ ഒരു അത്ഭുതം സംഭവിക്കണമെന്ന് പറയുന്നവർ (ബിജെപി) 2014ൽ ഒരു അത്ഭുതം സംഭവിച്ചതോടെയാണ് ജയിച്ചത്. ഇക്കുറി ഞങ്ങളുടെ കാര്യത്തിൽ അത് സംഭവിക്കും' പ്രതീക്ഷയോടെ രാജ് ബബ്ബർ പറയുന്നു. മോദിക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടുന്ന പ്രസംഗം സോണിയ കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ. മോദി തിരഞ്ഞെടുക്കപ്പെട്ടതോടെ വിഐപി മണ്ഡലമായി മാറിയ വാരണാസിക്ക് മോദി വേദനകൾ മാത്രമാണ് തന്നതെന്നും വികസനമല്ലെന്നുമുള്ള വാദം ഉയർത്തിക്കാട്ടിയാണ് സോണിയയുടെ പ്രചരണം.

'വാരണാസിയുടെ വേദന'യെന്ന പേരിലാണ് റാലിയും സംഘടിപ്പിച്ചത്. മോദിയെക്കൂടാതെ സംസ്ഥാനത്തെ ഭരണകക്ഷിയായ സമാജ് വാദി പാർട്ടിക്കെതിരെയും സോണിയ വിമർശനങ്ങൾ ഉയർത്തിയേക്കും. ബിജെപിയും കോൺഗ്രസും 2019ൽ നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ എന്ന നിലയിലാണ് യുപി തിരഞ്ഞെടുപ്പിനെ കാണുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാൻ കഴിയാതിരുന്ന യുപിയുടെ കിഴക്കൻ മേഖലയിലെ നഗരമാണ് വാരണാസി. മോദി ജയിച്ചെങ്കിലും വാരണാസിയിലെ ജനങ്ങൾ കോൺഗ്രസിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിൽ നിലകൊള്ളുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അതേസമയം, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 80ൽ 71 സീറ്റും നേടി അതിശക്തമായ മുന്നേറ്റം നടത്തിയ യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പിലും ആ നേട്ടം ആവർത്തിക്കാനാകുമെന്ന പ്രതിക്ഷയുമായാണ് ബിജെപി എത്തുന്നത്. യുപി ഇപ്പോൾത്തന്നെ കോൺഗ്രസ് മുക്തമായി കഴിഞ്ഞെന്നും ബിജെപി വാദിക്കുന്നു. അതേസമയം, അസംബഌയിൽ നിലനിൽ 28 സീറ്റുകളുള്ള തങ്ങൾക്ക് ഇക്കുറി വലിയ വിജയം നേടാനാകുമെന്നും അതിന് യോജിച്ച പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും കോൺഗ്രസും പറയുന്നു.