മുംബൈ: തന്റെ ട്വിറ്റർ പരാമർശത്തോടെ വിവാദത്തിലായിരിക്കുകയാണ് ബോളിവുഡിലെ പ്രശസ്ത ഗായകൻ സോനു നിഗം. മുസ്ലിം പള്ളികളിലെ പ്രാർത്ഥനയെയും, നിർബന്ധിത മതാരാധനയെയും എതിർത്തുകൊണ്ടുള്ള ട്വീറ്റാണ് വിവാദത്തിലായത്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് തുടങ്ങുന്ന ട്വീറ്റിൽ ഇന്ത്യയിൽ നിലനിൽക്കുന്ന നിർബന്ധിത മതാരാധനയോടുള്ള എതിർപ്പാണ് സോനു വ്യക്തമാക്കിയത്.

''ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്ലീമല്ല, എങ്കിലും മുസ്ലിം പള്ളിയിലെ ബാങ്ക് വിളി കേട്ടാണ് ഞാൻ ഉണരുന്നത്. ഇന്ത്യയിലെ ഈ നിർബന്ധിത മതാരാധന എന്നാണ് അവസാനിക്കുകയെന്നും'' സോനു നിഗം ട്വീറ്റിൽ ചോദിക്കുന്നു.

''ഇസ്ലാം മതം സ്ഥാപിതമാകുന്നതിന് മുൻപ് വൈദ്യുതി ഇല്ലായിരുന്നു. എന്നാൽ എഡിസണ് ശേഷം എന്തിന് ഈ അപസ്വരം കേൾക്കണമെന്നായിരുന്നു പിന്നീട് സോനു ട്വീറ്റ് ചെയ്തത്''.

''വൈദ്യുതി ഉപയോഗിച്ച് വിശ്വാസികളല്ലാത്തവരെ ഉണർത്തുന്ന ക്ഷേത്രങ്ങളിലോ, ഗുരുദ്വാരകളിലോ, തനിക്ക് വിശ്വാസമില്ലെന്നും സോനു തുടർന്ന് ട്വീറ്റ് ചെയ്തു''.

സോനു നിഗത്തിന്റെ ട്വീറ്റ് വന്നതിനു തൊട്ടുപുറകെ തന്നെ വിമർശനങ്ങളുമായി നിരവധി പേർ രംഗത്തെത്തി. മതവൈവിധ്യമുള്ള രാജ്യത്ത് എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന് ആരാധകരിൽ ചിലർ സോനുവിന്റെ ട്വീറ്റിന് മറുപടി നൽകി. എന്നാൽ ആരാധാനാലയങ്ങളിൽ ഉച്ചഭാക്ഷിണികൾ നിരോധിക്കണമെന്ന സോനുവിന്റെ തീരുമാനത്തെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തി.